രാജ്യത്ത് പതിവായി പാലിച്ചു വരുന്ന ഒന്നാം തീയതിയിലെ ഡ്രൈ ഡേ ഒഴിവാക്കുന്നതിനെക്കുറിച്ച് സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ (ബെവ്കോ) ആലോചിക്കുകയാണ്. നിലവിൽ ഓരോ മാസവും ഒന്നാം തീയതി ഡ്രൈ ഡേ ആചരിച്ചുവരുമ്പോഴും, ഇത് പുനർവിചാരിച്ച് ബെവ്കോ ജീവനക്കാർക്ക് സൗകര്യപ്രദമായ അവധി ക്രമീകരണമൊരുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ബെവ്കോ എം.ഡി ഹർഷിത അട്ടല്ലൂരി അറിയിച്ചു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
“ഡ്രൈ ഡേ എന്നത് പഴഞ്ചൻ ആശയമാണ്. അതിന്റെ പ്രയോജനം എന്താണ്? ഇപ്പോൾ ജീവനക്കാർക്ക് 4 അവധി ദിനങ്ങളും 12 ഡ്രൈ ഡേയുമാണ് ഉള്ളത്. അവധി ദിവസങ്ങൾ കുടുംബത്തോടൊപ്പം ആഘോഷിക്കാൻ കഴിയുന്ന രീതിയിലാക്കേണ്ടതുണ്ട്,” എം.ഡി പറഞ്ഞു. ഡ്രൈ ഡേ ഒഴിവാക്കുന്നതിലൂടെ ബെവ്കോയുടെ വരുമാനത്തെ പ്രതികൂലമായി ബാധിക്കില്ലെന്നും, ജീവനക്കാരുടെ അഭിപ്രായം കേട്ടശേഷം അന്തിമ നിർദേശം സർക്കാരിന് സമർപ്പിക്കുമെന്നും അവർ വ്യക്തമാക്കി.
ഉത്പാദനത്തിൽ വർധനയും പുതിയ ഔട്ട്ലെറ്റുകളും
ബെവ്കോയുടെ ഉത്പാദനം മെച്ചപ്പെടുത്തുന്നതിനായി ഓട്ടോമേഷൻ നടപ്പാക്കുകയാണ്. ജവാൻ റം വിൽപ്പന 15% വർധിപ്പിക്കുന്നതിനും തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡിലെ ഉത്പാദന തടസങ്ങൾ പരിഹരിക്കുന്നതിനും നടപടികൾ സ്വീകരിച്ചു വരികയാണ്. കൂടാതെ, ചിറ്റൂരിലെ മലബാർ ഡിസ്റ്റിലറിയിൽ നിന്ന് ബെവ്കോയുടെ സ്വന്തം ബ്രാൻഡി വിപണിയിലെത്തിക്കാനുള്ള ഒരുക്കങ്ങളും പുരോഗമിക്കുകയാണ്.
പുതിയ വിപുലീകരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് സൂപ്പർ പ്രീമിയം ഔട്ട്ലെറ്റുകൾ തുടങ്ങുന്നതിനുള്ള പദ്ധതിയും നടപ്പിലാക്കും. ആദ്യഘട്ടത്തിൽ എറണാകുളം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഈ ഔട്ട്ലെറ്റുകൾ ആരംഭിക്കുകയെന്ന് ബെവ്കോ എം.ഡി വ്യക്തമാക്കി. നിലവിൽ 278 ഔട്ട്ലെറ്റുകളാണ് സംസ്ഥാനത്ത് ബെവ്കോയുടെ കീഴിൽ പ്രവർത്തിക്കുന്നത്.