പത്താം ക്ലാസ് ബോർഡ് പരീക്ഷ രണ്ടുഘട്ടമായി; പുതിയ മാർഗരേഖ പുറത്തിറക്കി സിബിഎസ്‌ഇ

അടുത്ത അധ്യയനവർഷം മുതൽ സിബിഎസ്‌ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷ രണ്ട് ഘട്ടങ്ങളായി നടത്താനുള്ള കരട് മാർഗരേഖ പുറത്തിറക്കി. ഇതനുസരിച്ച് വിദ്യാർത്ഥികൾക്ക് ഒരു ഘട്ടമോ രണ്ടും എഴുത്താനോ അവസരം ലഭിക്കും. രണ്ടുതവണയും പരീക്ഷ എഴുതാനാഗ്രഹിക്കുന്നവർക്ക് വേണമെങ്കിൽ ചില വിഷയങ്ങൾ ഒഴിവാക്കാനും കഴിയും.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

എപ്പോൾ പരീക്ഷ?
പ്രാഥമിക വിവരം അനുസരിച്ച്, ആദ്യഘട്ടം ഫെബ്രുവരി 17 മുതൽ മാർച്ച് 6 വരെയും രണ്ടാംഘട്ടം മേയ് 5 മുതൽ 20 വരെയും നടക്കും. നിലവിലെ 32 ദിവസത്തെ പരീക്ഷാ ദൈർഘ്യം 16-18 ദിവസമായി ചുരുക്കും. ഇതോടെ ഓരോ വിഷയത്തിനിടയിലുള്ള ഇടവേളയും കുറഞ്ഞേക്കും. ആദ്യഘട്ട ഫലം ഏപ്രിൽ 20നും, രണ്ടാംഘട്ട ഫലം ജൂൺ 30നും പ്രഖ്യാപിക്കുമെന്ന് കരടു മാർഗരേഖ വ്യക്തമാക്കുന്നു.

രണ്ടാംഘട്ടം നിർബന്ധമോ?
ഇത് വിദ്യാർത്ഥികളുടെ ഐച്ഛികമാണ്. ആദ്യഘട്ട പരീക്ഷയിൽ പരാജയപ്പെട്ടവർ ഇംപ്രൂവ്‌മെന്റ് പരീക്ഷയായി രണ്ടാംഘട്ടം എഴുതാമെങ്കിലും, എല്ലാവർക്കും ഇത് നിർബന്ധമല്ല. രണ്ടുഘട്ടങ്ങളും എഴുതുന്നവർക്ക് മികച്ച സ്കോർ അവസാന മാർക്ക് ഷീറ്റിൽ ലഭിക്കും. എന്നാൽ, ഒന്നാം ഘട്ടം എഴുതാതെ രണ്ടാംഘട്ടം മാത്രം എഴുതി പരാജയപ്പെടുന്നവർക്ക് അതേ വർഷം ഇംപ്രൂവ്മെന്റ് അവസരം ലഭിക്കില്ല.

പദ്ധതിയുമായി ബന്ധപ്പെട്ട മാറ്റങ്ങൾ

  • പരീക്ഷ ദിവസങ്ങൾക്കിടയിലെ ഇടവേള കുറയും.
  • പ്രാദേശിക ഭാഷകളും വിദേശ ഭാഷകളും ഉൾപ്പെട്ട ആദ്യഗ്രൂപ്പിലെ പരീക്ഷകൾ ഒരേ ദിവസം നടത്തും.
  • മുഖ്യ വിഷയങ്ങളിൽപ്പെടാത്ത പരീക്ഷകൾ (ഉദാ: കംപ്യൂട്ടർ ആപ്ലിക്കേഷൻ) രണ്ടോ മൂന്നോ ദിവസങ്ങളായി നടത്തും.
  • പരീക്ഷയ്ക്കുശേഷം ചോദ്യക്കടലാസ് തിരികെ ശേഖരിക്കും.

അഭിപ്രായങ്ങൾ സ്വീകരിക്കും
പദ്ധതിയെക്കുറിച്ചുള്ള പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ മാർച്ച് 9 നകം സ്വീകരിക്കും. അവ വിലയിരുത്തിയശേഷം അന്തിമ തീരുമാനം സിബിഎസ്‌ഇ പുറത്തിറക്കും. 2026 ലെ പത്താം ക്ലാസ് ബോർഡ് പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ ഈ വർഷം സെപ്റ്റംബറോടെ പൂർത്തിയാകും. അതിന് മുമ്പ് വിദ്യാർത്ഥികൾക്ക് ഏതൊക്കെ ഘട്ടം എഴുതണമെന്ന് തീരുമാനിക്കേണ്ടിവരും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top