നന്നായി പഠിച്ച് പരീക്ഷയെഴുതുന്ന വിദ്യാർഥികളെ വഞ്ചിക്കുന്ന നടപടിയാണ് ചോദ്യപേപ്പർ ചോർത്തലെന്ന് ഹൈകോടതി. പത്താം ക്ലാസ് ഓണം, ക്രിസ്മസ് പരീക്ഷകളുടെ ചോദ്യപേപ്പറുകൾ യൂട്യൂബ് ചാനൽ വഴി ചോർത്തിയ കേസിൽ പ്രതിയായ എം. എസ്. സൊല്യൂഷൻസ് സി.ഇ.ഒ കൊടുവള്ളി സ്വദേശി മുഹമ്മദ് ഷുഹൈബിന് മുൻകൂർ ജാമ്യം നിഷേധിച്ച ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/CyrYFy1m4b928e7srkZyve
പ്രാഥമിക അന്വേഷണത്തിൽ ചോദ്യപേപ്പർ ചോർന്നതാണെന്ന് വ്യക്തമായതായി കോടതി ചൂണ്ടിക്കാട്ടി. ക്രൈംബ്രാഞ്ച് കേസെടുത്തതിനെ തുടർന്ന് ഷുഹൈബ് മുൻകൂർ ജാമ്യഹർജി നൽകിയിരുന്നു. എന്നാൽ, ചോദ്യങ്ങൾ പ്രവചിച്ചതാണെന്ന പ്രതിയുടെ വാദം അംഗീകരിക്കാൻ കഴിയില്ലെന്നും ചോർത്തലാണ് സംഭവിച്ചതെന്നുമാണ് പ്രോസിക്യൂഷന്റെ നിലപാട്.
നടപ്പിലാക്കിയ അന്വേഷണ നടപടികളും വിദഗ്ധരുടെ മൊഴികളും വിലയിരുത്തിയ ശേഷം, പ്രതിയെ ചോദ്യംചെയ്യേണ്ടതുണ്ടെന്നും അതിനായി മാർച്ച് 22നുമുമ്പ് അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ കീഴടങ്ങണമെന്ന് കോടതി നിർദേശിച്ചു. ഒരു വിഭാഗം വിദ്യാർത്ഥികൾക്ക് അന്യായമായി ഗുണം ലഭിക്കുമ്പോൾ, ദിവസങ്ങളോളം പഠിച്ച് പരീക്ഷ എഴുതാൻ ഒരുങ്ങിയ മറ്റൊരു വിഭാഗം വഞ്ചിക്കപ്പെടുകയാണെന്ന് കോടതി കർശനമായി വിമർശിച്ചു. പരീക്ഷകളുടെ വിശ്വാസ്യത സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും കോടതി ചൂണ്ടിക്കാട്ടി.