മോട്ടോർ വാഹന ചെക്പോസ്റ്റുകൾ നിർത്തലാക്കും ; മന്ത്രി കെ.ബി. ഗണേഷ് കുമാർ

സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പ് ചെക്പോസ്റ്റുകളുടെ പ്രവർത്തനം അടുത്ത രണ്ട് മാസത്തിനകം അവസാനിപ്പിക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. നിയമസഭയിൽ ധനാഭ്യർഥന ചർച്ചയ്ക്കുള്ള മറുപടി പറയുമ്പോഴായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. ചെക്പോസ്റ്റുകളിൽ നിന്നുള്ള എല്ലാ ജീവനക്കാരെയും പിൻവലിച്ച്, വാഹനപരിശോധനയ്ക്കായി ജിഎസ്ടി വകുപ്പിന്റെ കാമറകൾ ഉപയോഗിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിലൂടെ ചെക്പോസ്റ്റുകളിൽ അഴിമതിയെന്ന ആക്ഷേപങ്ങൾക്ക് പരിഹാരമാകുമെന്ന് മന്ത്രിയുടെ അഭിപ്രായം.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve

ഗ്രാമീണ ബസ് സർവീസുകൾക്ക് പുതിയ വിജ്ഞാപനം

സംസ്ഥാനത്തെ 503 ഗ്രാമീണ റൂട്ടുകളിൽ സ്വകാര്യ ബസ് സർവീസ് ആരംഭിക്കുന്നതിനായി ഈ മാസംതന്നെ വിജ്ഞാപനം ഇറക്കും. ഗ്രാമീണ മേഖലയിലെ ഗതാഗത പ്രശ്നം പരിഹരിക്കുന്നതിന്, ഈ റൂട്ടുകളിൽ പെർമിറ്റിന് പകരം ലൈസൻസ് അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു.

വാഹന വകുപ്പ് ഓഫീസുകൾക്ക് ഏകീകൃത കൗണ്ടർ

ഗതാഗത വകുപ്പ് ഓഫീസുകളിൽ ലഭിക്കുന്ന അപേക്ഷകൾ ഇനി ഏകീകൃത കൗണ്ടർ സംവിധാനത്തിലൂടെ വിതരണം ചെയ്യും. ഈ സംവിധാനം ഈ മാസം 18 മുതൽ പ്രവർത്തനമാരംഭിക്കും. കേരളത്തിലെ ഏതെങ്കിലും ഗതാഗത ഓഫിസിൽ അപേക്ഷ നൽകാമെന്നും, പരിശോധനയെ ബന്ധപ്പെടുത്തി പ്രത്യേക ഓഫിസിൽ പോകേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, അഞ്ചുദിവസത്തിനകം ഫയൽ തീർപ്പാക്കാത്ത ഉദ്യോഗസ്ഥരെ സ്ഥലംമാറ്റും.

ഹൈബ്രിഡ് എയർ കണ്ടീഷൻ ബസുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഓടിത്തുടങ്ങും

സൂപ്പർഫാസ്റ്റ് ബസുകളിൽ ഹൈബ്രിഡ് എയർ കണ്ടീഷൻ സംവിധാനം ഏർപ്പെടുത്താനുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്. സാധാരണ എസി ബസുകളിൽ എൻജിനിൽ നിന്നുള്ള പവർ ഉപയോഗിക്കുന്നത് ഇന്ധനക്ഷമത കുറയ്ക്കുമ്പോൾ, പുതിയ സംവിധാനത്തിൽ എൻജിനോട് അനുബന്ധിച്ച മോട്ടോർ ഉപയോഗിച്ച് ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിച്ച് എസി പ്രവർത്തിപ്പിക്കും. ഒരു ആഴ്ചയ്ക്കുള്ളിൽ പരീക്ഷണാടിസ്ഥാനത്തിൽ ആദ്യബസ് ഓടിത്തുടങ്ങും. വിജയകരമെങ്കിൽ 40 ബസുകളിൽ കൂടി ഈ സംവിധാനം നടപ്പാക്കും. സാധാരണ എസി ബസുകളെക്കാൾ കുറഞ്ഞ നിരക്കിലായിരിക്കും ഈ ബസുകൾ സർവീസ് നടത്തുക.

സർക്കാർ വാഹനങ്ങൾക്ക് പുതിയ രജിസ്ട്രേഷൻ കോഡ്

ഇനി മുതൽ സർക്കാർ വാഹനങ്ങൾക്ക് **KL-90** എന്ന രജിസ്ട്രേഷൻ നമ്പർ അനുവദിക്കും. **കെഎസ്‌ആർടിസി നവീകരണ പദ്ധതികൾ** ദീർഘദൂര ബസുകളിൽ തത്സമയ ടിക്കറ്റിംഗ് സംവിധാനം, ബസ് സ്റ്റാൻഡുകളുടെ ബ്രാൻഡിംഗ്, ജിപിഎസ് സംവിധാനമുള്ള ആൻഡ്രോയ്ഡ് ടിക്കറ്റ് മെഷീൻ ഉൾപ്പെടെയുള്ള നവീകരണ നടപടികൾ ഉടൻ ആരംഭിക്കും. ഇനി കെഎസ്‌ആർടിസി നിർമിക്കുന്ന എല്ലാ കെട്ടിടങ്ങളിലും ജീവനക്കാർക്കായി എസി വിശ്രമമുറി ഒരുക്കും. യാത്രക്കാർക്ക് മികച്ച ആഹാരം നൽകുന്നതിനായി കുടുംബശ്രീയുടെ സഹകരണത്തോടെ നാടൻ ഭക്ഷണശാലകൾ ആരംഭിക്കും.

സഞ്ചാരികളെ ആകർഷിക്കാൻ നാടൻ കലാപ്രകടന കേന്ദ്രങ്ങൾ

പ്രസിദ്ധമായ വിനോദസഞ്ചാര കേന്ദ്രങ്ങളായ പാതിരാമണൽ, കൊല്ലം മണ്രോതുരുത്ത് തുടങ്ങിയ സ്ഥലങ്ങളിൽ നാടൻ കലകളുടെ പ്രദർശനത്തിനായി പ്രത്യേക തീയറ്റർ സജ്ജീകരിക്കും. അന്യംനിന്നുപോകുന്ന കലകളുടെ പ്രചാരണത്തിനായി പ്രത്യേക നിരക്ക് ഈടാക്കി സഞ്ചാരികൾക്ക് ആസ്വദിക്കാനുള്ള സൗകര്യവും ഒരുക്കും. മന്ത്രിയുടെ പ്രഖ്യാപനങ്ങൾ ഗതാഗത മേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നാണു പ്രതീക്ഷ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top