കേരളത്തിൽ പണപ്പെരുപ്പം രാജ്യത്തെ ശരാശരിയെ അപേക്ഷിച്ച് ഇരട്ടിയാകുന്നു. ഭക്ഷ്യവസ്തുക്കളും വിദ്യാഭ്യാസവും ആരോഗ്യവും ഉൾപ്പെടെയുള്ള അടിസ്ഥാന സേവനങ്ങളുടെ ചെലവിൽ വന്ന വർദ്ധനവാണ് ഇതിന് പ്രധാന കാരണമായി നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/CyrYFy1m4b928e7srkZyve
ഫെബ്രുവരിയിൽ തുടർച്ചയായ രണ്ടാം മാസവും കേരളം രാജ്യത്തെ ഏറ്റവും ഉയർന്ന ചില്ലറ പണപ്പെരുപ്പ നിരക്ക് രേഖപ്പെടുത്തി. ജനുവരിയിൽ 6.76 ശതമാനമായിരുന്നത് ഫെബ്രുവരിയിൽ 7.31 ശതമാനമായി ഉയർന്നു. അതേസമയം, ദേശീയ ശരാശരി ഏഴ് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 3.6 ശതമാനമാണ്.
ഛത്തീസ്ഗഡ് (4.9%), കര്‍ണാടക (4.5%), ബിഹാർ (4.5%), ജമ്മു കശ്മീർ (4.3%) എന്നിവയാണ് കേരളത്തിന് പിന്നാലെയുള്ള സംസ്ഥാനങ്ങൾ. 2024 ഒക്ടോബറിന് ശേഷം സംസ്ഥാനത്തിന്റെ പണപ്പെരുപ്പ നിരക്ക് റിസർവ് ബാങ്കിന്റെ 2-6 ശതമാനത്തിനുള്ളിലെ ടോളറൻസ് പരിധി കവിഞ്ഞിരിക്കുകയാണ്.
വിലക്കയറ്റം ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ ആഘാതം സൃഷ്ടിച്ചു. ഗ്രാമീണ കേരളത്തിന്റെ പണപ്പെരുപ്പ നിരക്ക് 8.01 ശതമാനമായപ്പോൾ, നഗര മേഖലയിൽ ഇത് 5.94 ശതമാനമാണ്. ഭക്ഷണം, വ്യക്തിപരിചരണം, വിദ്യാഭ്യാസം, ആരോഗ്യരംഗം എന്നിവയിലെ ചെലവുകളുടെ വർദ്ധനയാണ് സംസ്ഥാനത്തെ പണപ്പെരുപ്പ നിരക്ക് ഉയർത്തിയതെന്ന് എൻഎസ്ഒ റിപ്പോർട്ട് വ്യക്തമാക്കുന്നു. വിവിധ ഉപഭോഗ വിഭാഗങ്ങളിലെ (ഭക്ഷണം, വസ്ത്രങ്ങൾ, ഭവനനിർമ്മാണം, ഇന്ധനം, പാനീയങ്ങൾ, ലഹരിവസ്തുക്കൾ, മറ്റ് സേവനങ്ങൾ) വിലക്കയറ്റത്തെ അടിസ്ഥാനമാക്കിയാണ് ഈ കണക്കുകൾ പുറത്തുവന്നത്.