സി.പി.എം 24-മത് പാർട്ടി കോൺഗ്രസിന് മുന്നൊരുങ്ങുമ്പോൾ തലമുറമാറ്റം അനിവാര്യമാകുമെന്ന സൂചനകൾ. പ്രായപരിധി ഉൾപ്പെടെ കർശനമായി നടപ്പാക്കുമെന്ന് പാർട്ടി തീരുമാനിച്ചതോടെ, സുപ്രധാനമായ പോളിറ്റ് ബ്യൂറോയിൽ (പി.ബി) വലിയ മാറ്റങ്ങൾ ഉണ്ടാകും.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
നിലവിലെ 17 അംഗ പി.ബി-യിൽ പകുതിയോളം പേർ മാറിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇവരുടെ സ്ഥാനത്തേക്ക് പുതുമുഖങ്ങൾ എത്തും. സി.പി.എം ജനറൽ സെക്രട്ടറിയായിരിക്കെ അന്തരിച്ച സീതാറാം യെച്ചൂരിയുടെ അഭാവത്തിൽ, പ്രായപരിധി പിന്നിട്ട നേതാക്കളായ പ്രകാശ് കാരാട്ട്, പിണറായി വിജയൻ, മണിക് സർക്കാർ, ബൃന്ദ കാരാട്ട്, സുഭാഷിണി അലി, സുര്‍ജ്യ കാന്ത് മിശ്ര, ജി. രാമകൃഷ്ണൻ എന്നിവർ പി.ബി വിടാനിടയുണ്ട്. അതേസമയം, പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ചില മുതിർന്ന നേതാക്കൾക്ക് ഇളവ് നൽകേണ്ടതുണ്ടെന്ന അഭിപ്രായം നേരത്തെയും ഉയർന്നിരുന്നു. കേരള മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയന് ഇളവ് നൽകാൻ സാധ്യതയുള്ളതായി കരുതപ്പെടുന്നു. പക്ഷേ, ബൃന്ദ കാരാട്ട് ഉൾപ്പെടെയുള്ള മറ്റ് നേതാക്കൾക്ക് ഇളവില്ലാത്തതിനാൽ അവർ പി.ബി വിട്ടേക്കും. പ്രകാശ് കാരാട്ടും മാറ്റത്തിന് തയ്യാറാണെന്ന സൂചനകളും ഉണ്ട്. പുതിയ പി.ബി-യിൽ എട്ട് പുതുമുഖങ്ങൾ എത്താൻ സാധ്യതയുള്ളതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇത് പാർട്ടിയുടെ ഭാവി ദിശയെ നിർണ്ണയിക്കുന്ന ഒരു പ്രധാന ഘട്ടമായിരിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.