സംസ്ഥാന സർക്കാർ ആശ്രിത നിയമനത്തിനുള്ള വ്യവസ്ഥകൾ പുതുക്കിയിട്ടുണ്ട്. ഇനി മുതൽ സർക്കാർ ജീവനക്കാരൻ സേവനത്തിൽ ആയിരിക്കെ മരിച്ചാൽ, 13 വയസ്സ് തികഞ്ഞ മക്കൾക്കു മാത്രമേ ആശ്രിത നിയമനം വഴി ജോലി ലഭിക്കുകയുള്ളൂ.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
സേവനകാലാവധി നീട്ടി നൽകിയോ പുനർനിയമനം വഴിയോ ജോലി തുടരുന്നതിനിടെ ജീവനക്കാരൻ മരിച്ചാൽ, അവരുടെ ആശ്രിതർക്ക് നിയമനത്തിനുള്ള അവകാശം ഉണ്ടായിരിക്കില്ല. കൂടാതെ, മരിച്ച ജീവനക്കാരന്റെ കുടുംബ വാർഷിക വരുമാനം എട്ട് ലക്ഷം രൂപയിൽ കവിയാൻ പാടില്ല. 13 വയസ്സിനെ പ്രായപരിധിയായി നിശ്ചയിച്ചതിനെതിരെ വിവിധ സർവീസ് സംഘടനകൾ ശക്തമായി എതിർപ്പ് രേഖപ്പെടുത്തിയിരുന്നെങ്കിലും മന്ത്രിസഭ അതിനെ പരിഗണിച്ചില്ല. ആശ്രിത നിയമനം ലഭിക്കാത്തവർക്കായി സമാശ്വാസ ധനം നൽകണമെന്നു ചില നിർദേശങ്ങൾ വന്നിരുന്നെങ്കിലും അതും പുതിയ വ്യവസ്ഥകളിൽ ഉൾപ്പെടുത്തിയിട്ടില്ല. പൊതുഭരണ വകുപ്പ് തയ്യാറാക്കുന്ന ഏകീകൃത സീനിയോറിറ്റി ലിസ്റ്റ് അടിസ്ഥാനമാക്കിയാണ് ആശ്രിത നിയമനം അനുവദിക്കുന്നത്. വിവിധ വകുപ്പുകളിൽ നിന്ന് അപേക്ഷ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ഈ ലിസ്റ്റ് അപ്ഡേറ്റ് ചെയ്യും. കേന്ദ്രഭരണ സംവിധാനത്തിൽ സംയോജിപ്പിച്ച സോഫ്റ്റ്വെയറിൽ, അപേക്ഷിക്കാവുന്ന തസ്തികകളുടെ യോഗ്യതയും ലഭ്യമായ ഒഴിവുകളും പ്രസിദ്ധീകരിക്കും. 18 വയസ്സു പിന്നിട്ടതിനു ശേഷം മൂന്നു വർഷത്തിനുള്ളിൽ അപേക്ഷിക്കണമെന്ന വ്യവസ്ഥ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരുടെ ആശ്രിതർക്ക് നിയമനാവകാശമുണ്ടെങ്കിലും എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഈ ആനുകൂല്യം ലഭിക്കില്ല. സ്വമേധയാ വിരമിച്ച ജീവനക്കാരൻ മരിച്ചാൽ, അവരുടെ ആശ്രിതർക്ക് നിയമനത്തിന് അർഹതയുണ്ടാകില്ല. ജീവനക്കാരൻ മരിക്കുന്ന സമയം 13 വയസ്സോ അതിലധികമോ പ്രായമുളളവരായിരിക്കണം ആശ്രിതർ. നിയമനത്തിനുള്ള മുൻഗണന ക്രമത്തിൽ ആദ്യമായി പരിഗണിക്കുക പത്നി അല്ലെങ്കിൽ ഭർത്താവിനെയാണ്, അതിന് ശേഷം മകൻ, മകൾ, ദത്തെടുത്ത മകൻ, ദത്തെടുത്ത മകൾ എന്നിങ്ങനെയാണ് ക്രമം. അവിവാഹിതരായ ജീവനക്കാരനാണെങ്കിൽ അച്ഛൻ, അമ്മ, അവിവാഹിതരായ സഹോദരി, സഹോദരൻ എന്നിങ്ങനെയാണ് മുൻഗണനാ ക്രമം. ആശ്രിതർ തമ്മിൽ പരസ്പര ധാരണയിലെത്തിയാൽ അതനുസരിച്ചും അല്ലാത്ത പക്ഷം മുൻഗണനാ ക്രമമനുസരിച്ചുമാണ് നിയമനം നൽകുക.