വയോമിത്രം പദ്ധതിയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് കേരള സാമൂഹിക സുരക്ഷാ മിഷൻ പുതിയ അറിയിപ്പ് പ്രസിദ്ധീകരിച്ചു.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
വയോധികർക്കായി സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയിലായി കോ-ഓർഡിനേറ്റർ, മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നഴ്സ് എന്നീ തസ്തികകളിലാണ് നിയമനം നടക്കുന്നത്. ആകെ 135 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോ-ഓർഡിനേറ്റർ തസ്തികയിൽ 20 ഒഴിവുകളും, മെഡിക്കൽ ഓഫീസർ തസ്തികയിൽ 75 ഒഴിവുകളുമാണ് ഉണ്ടായിരിക്കുന്നത്. സ്റ്റാഫ് നഴ്സ് തസ്തികയിൽ 40 ഒഴിവുകളാണ് ലഭ്യമായത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളെ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 25 ആണ്.മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് എം.ബി.ബി.എസ് യോഗ്യതയുള്ളവർക്കും ജനറൽ മെഡിസിൻ, ഫാമിലി മെഡിസിൻ, ജെറിയാട്രിക് മെഡിസിൻ മേഖലകളിൽ പി.ജി അല്ലെങ്കിൽ ഡിപ്ലോമ ഉള്ളവർക്കും അപേക്ഷിക്കാം. വിരമിച്ച സർക്കാർ ഡോക്ടർമാർക്കും പാലിയേറ്റീവ് ട്രെയിനിംഗ് നേടിയവർക്കും മുൻഗണന ലഭിക്കും. അപേക്ഷകരുടെ പ്രായം 65 കവിയരുത്. തിരഞ്ഞെടുത്തവർക്ക് പ്രതിമാസം 54,200 രൂപ ശമ്പളമായി ലഭിക്കും.സ്റ്റാഫ് നഴ്സ് തസ്തികയ്ക്ക് അപേക്ഷിക്കുവാൻ ഡിപ്ലോമ ഇൻ ജനറൽ നഴ്സിംഗ് യോഗ്യത ആവശ്യമാണ്. പാലിയേറ്റീവ് ട്രെയിനിംഗ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും മുൻഗണന ലഭിക്കും. അപേക്ഷകരുടെ പ്രായം 50 കവിയരുത്. തിരഞ്ഞെടുത്തവർക്ക് പ്രതിമാസം 30,995 രൂപ ശമ്പളമായി നൽകും.സോഷ്യൽ വർക്കിൽ പി.ജി യോഗ്യതയും ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് കോ-ഓർഡിനേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ പ്രായം 45 കവിയരുത്. ഈ തസ്തികയിൽ നിയമിതർക്കുള്ള ശമ്പളം പ്രതിമാസം 32,560 രൂപയാണ്.എഴുത്തുപരീക്ഷയും അഭിമുഖവും അടങ്ങിയ സെലക്ഷൻ നടപടിയിലൂടെയാണ് യോഗ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. വിശദമായ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം, എക്സിക്യൂട്ടീവ് ഡയറക്ടർ, കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ, പൂജപ്പുര, തിരുവനന്തപുരം – 695012 എന്ന വിലാസത്തിലേക്ക് അപേക്ഷ അയക്കണം. കവറിന് മുകളിൽ അപേക്ഷിക്കുന്ന തസ്തികയുടെ പേര് വ്യക്തമാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് www.socialsecuritymission.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാമെന്ന് അധികൃതർ അറിയിച്ചു. 0471 2341200 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതുമാണ്.