ബത്തേരി ഹേമചന്ദ്രന്‍ കൊലക്കേസില്‍ അന്വേഷണത്തില്‍ വീണ്ടും നിര്‍ണായക നീക്കം. വയനാട് സ്വദേശിയായ വെല്‍ബിന്‍ മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കേസില്‍ പിടിയിലാകുന്ന അഞ്ചാമത്തെ പ്രതിയാണ്.ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയ ശേഷം പണമിടപാടുമായി ബന്ധപ്പെട്ട കരാറില്‍ സാക്ഷിയായി ഒപ്പുവെച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, പ്രതികളോടൊപ്പം കാറില്‍ ഹേമചന്ദ്രനും സഞ്ചരിച്ചിരുന്നുവെന്ന വിവരവും അന്വേഷണത്തില്‍ പുറത്തുവന്നു.കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24-നാണ് കോഴിക്കോട്ടുനിന്ന് ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ മൃതദേഹം കഴിഞ്ഞ മാസം തമിഴ്നാട്ടിലെ ചേരമ്പാടിയിലെ വനപ്രദേശത്ത് നിന്ന് കണ്ടെത്തിയിരുന്നു. നേരത്തെ ജ്യോതിഷ്, അജേഷ് എന്നിവര്‍ ഉള്‍പ്പെടെ നാലുപേരെ പൊലീസ് പിടികൂടിയിരുന്നു.ഇപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ട വെല്‍ബിന്‍ മാത്യൂ, കേസിലെ അഞ്ചാമത്തെ പ്രതിയായി പൊലീസ് രേഖപ്പെടുത്തുകയാണ്. അതേസമയം, മുഖ്യപ്രതിയായ നൗഷാദ് വിദേശത്ത് നിന്ന് സോഷ്യല്‍ മീഡിയ വഴി കൊലപാതകമല്ല, ആത്മഹത്യയാണെന്ന് അവകാശപ്പെട്ടിരുന്നു. ഹേമചന്ദ്രന്‍ പലര്‍ക്കും കടപ്പെട്ടിരുന്നതായും, മരണശേഷം മൃതദേഹം മറവുചെയ്തത് ഭയത്താലാണെന്നും അദ്ദേഹം വാദിച്ചു. മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്നും നൗഷാദ് ആവശ്യപ്പെട്ടിരുന്നു.