മുത്തങ്ങ ചെക്ക്പോസ്റ്റിൽ നടത്തിയ കർശന വാഹന പരിശോധനയിൽ വൻ തോതിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. ലോറിയിൽ കടത്തുകയായിരുന്ന 6,675 പാക്കറ്റുകളാണ് എക്സൈസ് സംഘം കണ്ടെത്തിയത്. കോഴിക്കോട് ചെലവൂർ അടുക്കത്ത് പറമ്പിൽ വീട്ടിൽ താമസിക്കുന്ന അഷറഫ് (52) ആണ് സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായത്. പരിശോധനക്കിടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ എക്സൈസ് സംഘം വേഗത്തിൽ തടഞ്ഞു.വയനാട് എക്സൈസ് ഇന്റലിജൻസ് വിഭാഗം നൽകിയ രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ ബാലഗോപാലന്റെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. പ്രിവന്റീവ് ഓഫീസർ ദീപു. എ, സിവിൽ എക്സൈസ് ഓഫീസർമാരായ സജി പോൾ, പ്രജീഷ് എം.വി എന്നിവർ സംഘത്തിലുണ്ടായിരുന്നു. തുടർനടപടികൾക്കായി പ്രതിയെ സുൽത്താൻബത്തേരി പോലീസിന് കൈമാറി.ഓണാഘോഷകാലത്തോടനുബന്ധിച്ച് സംസ്ഥാന അതിർത്തി ചെക്ക്പോസ്റ്റുകളിലും അതിർത്തി പ്രദേശങ്ങളിലും എക്സൈസ് വിഭാഗം കർശന പരിശോധന തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ മാവിലേരിയിലും സമാനമായ പരിശോധനയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെത്തിയിരുന്നു. വീട്ടുമുറ്റത്ത് ബക്കറ്റുകളിലും ചാക്കുകളിലും ഒളിപ്പിച്ച നിലയിലായിരുന്നു അവ. പാനൂർ പൊലീസ് നടത്തിയ റെയ്ഡിൽ എസ്ഐ എ.പി. ആഷിഫ്സിയുടെ നേതൃത്വത്തിലുള്ള സംഘം കരീം എന്ന ബാപ്പാരിയുടെ വീട്ടിൽ നിന്നാണ് പുകയില പിടികൂടിയത്.