കേന്ദ്ര സർക്കാർ ആലോചിക്കുന്ന ചരക്കു സേവന നികുതി (ജി.എസ്.ടി) പരിഷ്കരണം കേരളത്തിന്റെ പ്രധാന വരുമാനമേഖലയായ ലോട്ടറിയെ ബാധിച്ചേക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. ഹാനികരമെന്ന് കണക്കാക്കുന്ന ചില ഉൽപ്പന്നങ്ങളെയും സേവനങ്ങളെയും 40 ശതമാനം നികുതി വിഭാഗത്തിലേക്ക് മാറ്റാനുള്ള നീക്കമാണ് ആശങ്കയ്ക്ക് കാരണം. നിലവിൽ ലോട്ടറിക്കുള്ള ജി.എസ്.ടി നിരക്ക് 28 ശതമാനമാണ്.കേരളത്തിന് പുറമെ പഞ്ചാബ്, മഹാരാഷ്ട്ര, ഗോവ, പശ്ചിമ ബംഗാൾ തുടങ്ങി ലോട്ടറി നടത്തിവരുന്ന സംസ്ഥാനങ്ങളും ഈ നീക്കത്തിനെതിരെ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. അന്തിമ തീരുമാനം അടുത്ത ജി.എസ്.ടി കൗൺസിൽ യോഗത്തിലാണ് പ്രതീക്ഷിക്കുന്നത്.ജി.എസ്.ടി ഘടനയിലെ മാറ്റംനിലവിലുള്ള നാല് ജി.എസ്.ടി സ്ളാബുകൾ രണ്ടാക്കി ചുരുക്കാനുള്ള പ്രഖ്യാപനമാണ് പ്രധാനമന്ത്രി കഴിഞ്ഞ സ്വാതന്ത്ര്യദിന സന്ദേശത്തിൽ ചെയ്തത്. ഭൂരിഭാഗം ഉൽപ്പന്നങ്ങൾക്ക് 5%യും 18%യുമാണ് പുതിയ നിരക്ക്. എന്നാൽ സിഗരറ്റ്, ഓൺലൈൻ ഗെയിമിംഗ്, ലോട്ടറി എന്നിവ ഉൾപ്പെടുന്ന 7 ഉൽപ്പന്നങ്ങൾക്ക് 40% വരെ ഉയർന്ന നികുതി ചുമത്താനുള്ള നടപടിയാണ് ഇപ്പോൾ പരിഗണനയിൽ. ഇതോടെ ലോട്ടറി വിലയിൽ വർദ്ധനവ് അനിവാര്യമാകുമെന്നതാണ് സംസ്ഥാന സർക്കാരുകളുടെ ആശങ്ക.കേരളം – ലോട്ടറി വരുമാനത്തിൽ മുന്നിൽരാജ്യത്തെ മൊത്തം ലോട്ടറി വരുമാനത്തിൽ 97 ശതമാനവും കേരളത്തിന്റേതാണ്. 2014-15 സാമ്പത്തികവർഷത്തിൽ 5,445 കോടി രൂപ മാത്രമായിരുന്ന വരുമാനം കഴിഞ്ഞ വർഷം 13,244 കോടിയായി ഉയർന്നു. പുതിയ സാമ്പത്തികവർഷത്തിൽ 14,220 കോടി രൂപയാണ് സംസ്ഥാനത്തിന്റെ ലക്ഷ്യം.ലോട്ടറി നികുതി നിരക്കുകളുടെ ചരിത്രംജി.എസ്.ടി നടപ്പിലാക്കിയ സമയത്ത് സർക്കാർ ലോട്ടറിക്ക് 12%യും സ്വകാര്യ മേഖലയിൽ സർക്കാർ അംഗീകാരമുള്ള ലോട്ടറികൾക്ക് 28%യുമായിരുന്നു നികുതി. പിന്നീട് 38-ാമത് ജി.എസ്.ടി കൗൺസിൽ യോഗത്തിൽ ഇരു വിഭാഗങ്ങളും 28% ആയി ഏകീകരിക്കപ്പെട്ടു. ഇപ്പോൾ അത് വീണ്ടും 40% ആക്കാനുള്ള നീക്കമാണ് കേരളത്തിന്റെ ആശങ്ക വർദ്ധിപ്പിക്കുന്നത്.