മുസ്ലിം വ്യക്തിനിയമപ്രകാരം 15 വയസ്സ് കഴിഞ്ഞ മുസ്ലിം പെൺകുട്ടികൾക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. 2022-ൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതി നൽകിയ ഉത്തരവിനെ ശരിവെച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ നിലപാട്.16 വയസ്സുകാരിയും 30 വയസ്സുകാരനും തമ്മിലുള്ള വിവാഹം ചോദ്യം ചെയ്ത് ദേശീയ ബാലാവകാശ കമ്മീഷൻ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. പ്രായപൂര്‍ത്തിയായില്ലെങ്കിലും ഋതുമതിയായ മുസ്ലിം പെൺകുട്ടിക്ക് രക്ഷിതാക്കളുടെ സമ്മതം കൂടാതെ വിവാഹം കഴിച്ച് ഒരുമിച്ച് താമസിക്കാമെന്നായിരുന്നു ഹൈക്കോടതി വിധി. പെൺകുട്ടിയും യുവാവും കുടുംബത്തിന്റെ ഭീഷണിയിൽ നിന്ന് സംരക്ഷണം തേടിയെത്തിയ കേസിലായിരുന്നു ഈ തീരുമാനം.പതിനഞ്ചുകാരിയെ വിവാഹം കഴിച്ചയാളിനെതിരെ കുടുംബം പോക്‌സോ നിയമപ്രകാരം കേസെടുത്തു. എന്നാൽ ഹൈക്കോടതിയും പിന്നീട് സുപ്രീംകോടതിയും അത് നിരസിച്ചു. പ്രായപൂര്‍ത്തിയാകാതെ വിവാഹം കഴിച്ചവരെ സംരക്ഷിച്ചുള്ള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്യാൻ ബാലാവകാശ കമ്മീഷന് എന്ത് കാര്യമാണെന്ന് സുപ്രീംകോടതി ചോദിച്ചു. വിഷയത്തിൽ നിയമപ്രശ്‌നം ഇല്ലെന്നും, അത്തരം വിഷയങ്ങൾ ഉചിതമായ കേസുകളിൽ മാത്രമേ ഉയർത്താനാകൂ എന്നും സുപ്രീംകോടതി വ്യക്തമാക്കി.