സ്മാര്‍ട്ട്’ പദ്ധതിയുമായി സാക്ഷരതാ മിഷൻ; ആദ്യം വയനാട്ടില്‍

സംസ്ഥാന സാക്ഷരത മിഷൻ, 100 ശതമാനം സാക്ഷരതയും ഡിജിറ്റൽ സാക്ഷരതയും നേടിയെടുത്തതിന് പിന്നാലെ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ വിദ്യാഭ്യാസവുമായി പുതിയൊരു പദ്ധതി അവതരിപ്പിക്കുന്നു. സ്മാർട്ട് (ഓഫീസ് മാനേജ്‌മെന്റ് ആൻഡ് ഡിജിറ്റൽ സ്കിൽ കോഴ്സ്) എന്ന പേരിൽ തുടങ്ങുന്ന ആറുമാസത്തെ ഈ കോഴ്‌സ് സംസ്ഥാനത്ത് ആദ്യമായി വയനാട് ജില്ലയിലാണ് നടപ്പാക്കുന്നത്. സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 25-ന് കണിയാമ്പറ്റ മില്ല് മുക്കിലെ ജില്ലാ പഞ്ചായത്ത് പരിശീലന കേന്ദ്രത്തിൽ പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമവകുപ്പ് മന്ത്രി ഒ.ആർ. കേളു നിർവഹിക്കും. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി നേടാൻ ആവശ്യമായ കമ്പ്യൂട്ടർ പരിജ്ഞാനവും മാനേജ്മെന്റ് പരിശീലനവുമാണ് പദ്ധതിയുടെ ലക്ഷ്യം. പി.എസ്.സി അംഗീകരിച്ചിരിക്കുന്ന കോഴ്‌സിൽ ചേർക്കാൻ പത്താം ക്ലാസ് വിജയം നേടിയ 17 വയസിന് മുകളിലുള്ളവർക്ക് അവസരമുണ്ട്, പ്രായപരിധിയില്ല. പഠിതാക്കൾക്ക് ഇന്റേൺഷിപ്പും പ്ലേസ്മെന്റും ലഭിക്കും. കോഴ്‌സ് ഫീസ് 6500 രൂപയായിരിക്കുമ്പോൾ സാക്ഷരത പഠിതാക്കൾക്ക് 5000 രൂപ മാത്രം മതിയാകും. പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്ക് പൂർണമായും സൗജന്യമാണ്. ഒരു ബാച്ചിൽ 100 പേർക്ക് പ്രവേശനം നൽകും. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെയും, ഉച്ചയ്ക്ക് ശേഷം 2 മുതൽ 5 വരെയും ക്ലാസുകൾ നടക്കും. ശനി, ഞായർ ദിവസങ്ങളിൽ പ്രത്യേക ബാച്ചുകളും ഉണ്ടായിരിക്കും. ആദ്യ ക്ലാസുകൾ കണിയാമ്പറ്റ പഞ്ചായത്ത് പരിശീലന കേന്ദ്രത്തിലും രണ്ടാമത്തെ ക്ലാസുകൾ തൊണ്ടർനാട് പഞ്ചായത്തിലെ കാഞ്ഞിരങ്ങാട്ടിലുമാണ് തുടങ്ങുന്നത്. ഓഗസ്റ്റ് 25 മുതൽ രജിസ്ട്രേഷൻ ആരംഭിച്ച് സെപ്റ്റംബർ 30 വരെ തുടരും, അപേക്ഷകർ കൂടുതലായാൽ ജില്ലയിലെ മറ്റു കേന്ദ്രങ്ങളിലും കോഴ്‌സ് ആരംഭിക്കും. ഓഫീസ് മാനേജ്മെന്റ് & അഡ്മിനിസ്ട്രേഷൻ ട്രെയിനിങ്, ഡെസ്ക്ടോപ്പ് പബ്ലിഷിംഗ് & ഓപ്പൺ സോഴ്‌സ് ടൂൾസ്, ഡിടിപി ടൂൾസ്, ഡിടിപി ടെക്നിക്സ് & ഇമേജ് എഡിറ്റിംഗ്, പ്രൊഡക്ഷൻ, പ്രോജക്റ്റ് മാനേജ്മെന്റ് & പോർട്ട്ഫോളിയോ ഡെവലപ്മെന്റ്, ഐ.എസ്.എം മലയാളം തുടങ്ങിയ വിഷയങ്ങൾ കോഴ്‌സ് സിലബസിൽ ഉൾപ്പെടുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version