മാനന്തവാടി: തൊണ്ടർനാട് പഞ്ചായത്തിലെ തൊഴിലുറപ്പ് ഫണ്ട് തട്ടിപ്പ് കേസിൽ പൊലീസ് അന്വേഷണം ഇപ്പോഴും മന്ദഗതിയിലാണ്. ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് എൻജിനിയർ ജോജോ ജോണി, അക്കൗണ്ടൻറ് വി.സി. നിഥിൻ എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിനൊപ്പം അറസ്റ്റിലായ മിഥുൻ റിമാൻഡിലാണ് തുടരുന്നത്.വിദേശത്തേക്ക് കടന്നതായി പറയപ്പെടുന്ന ജോജോക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാത്തതും, കേസിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന മറ്റ് ജീവനക്കാരെയും കരാറുകാരെയും ചോദ്യം ചെയ്യാൻ പൊലീസ് മുന്നോട്ട് വരാത്തതുമാണ് വിമർശനത്തിന് ഇടയാക്കുന്നത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. കെ.ജി. പ്രവീൺകുമാറിന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവർ അഴിമതിയിൽ പങ്കുണ്ടെന്ന ആരോപണവുമായി യു.ഡി.എഫ്.യും ബി.ജെ.പി.യും രംഗത്തുവന്നിട്ടുണ്ട്. എന്നാൽ ഇവരുടെ പങ്ക് അന്വേഷിക്കുന്നതിൽ പൊലീസ് അനാസ്ഥ കാണിക്കുന്നുവെന്നതാണ് ഇരുപാർട്ടികളുടെയും പ്രധാന പരാതി.വിജിലൻസ് വിഭാഗം പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. അതേസമയം, ജില്ല പ്രോഗ്രാം കോ ഓർഡിനേറ്ററുടെ നേതൃത്വത്തിലുള്ള ഇരുപതംഗ സംഘം നടത്തുന്ന പ്രത്യേക പരിശോധന പുരോഗമിക്കുകയാണ്. അഞ്ചു വർഷത്തെ കണക്കുകൾ പരിശോധിക്കുന്ന പരിശോധനയിൽ ഇതിനോടകം ഏഴ് കോടിയിലധികം രൂപയുടെ ക്രമക്കേട് കണ്ടെത്തിയതായാണ് സൂചന