പുല്പള്ളി :കോൺഗ്രസ് നേതാവിന്റെ വീട്ടിൽ നടത്തിയ പൊലീസിന്റെ പരിശോധനയിൽ സ്ഫോടകവസ്തുക്കളും വിദേശ മദ്യവും പിടികൂടി. ഭൂദാനംകുന്ന് വാർഡ് കോൺഗ്രസ് പ്രസിഡന്റ് അഗസ്റ്റിൻ (തങ്കച്ചൻ-48) നെ പുല്പള്ളി പൊലീസ് അറസ്റ്റുചെയ്തു.വെള്ളിയാഴ്ച രാത്രി രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് 15 തോട്ടയും 10 കേപ്പും, കർണാടക നിർമിത 20 പായ്ക്കറ്റ് മദ്യവും വീട്ടിലെ കാറിന്റെ അടിയിൽ കവറിൽ പൊതിഞ്ഞ നിലയിൽ സൂക്ഷിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയത്. സ്ഫോടകവസ്തു നിരോധന നിയമവും അബ്കാരി നിയമവും പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.എസ്‌ഐമാരായ കെ.വി. ഷിയാസ്, എം.പി. മനോജ്, സിപിഒ ഡാനിഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.അതേസമയം, കോൺഗ്രസിലെ ഗ്രൂപ്പ് പോരാട്ടം എല്ലാ പരിധികളും ലംഘിക്കുന്നുവെന്ന ആരോപണവുമായി സിപിഎം മുള്ളൻകൊല്ലി ലോക്കൽ കമ്മിറ്റി രംഗത്തെത്തി. അനുഭാവികളെ കള്ളക്കേസുകളിൽ കുടുക്കുകയാണെന്നു സിപിഎം ആരോപിച്ചു. പിടിയിലായ അഗസ്റ്റിന്റെ കുടുംബാംഗങ്ങളും ചിലർ രാഷ്ട്രീയ വൈരാഗ്യം മൂലം കുടുക്കുകയാണെന്ന ആരോപണവുമായി പുറത്ത് വന്നു.സി.പി. വിൻസെന്റ്, കെ.വി. ജോബി, പി.ജെ. പൗലോസ് എന്നിവർ ആരോപണങ്ങളിൽ പൊലീസ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു.