താമരശ്ശേരി ചുരത്തിലെ ഒൻപതാം വളവിൽ കണ്ടെയ്‌നർ ലോറി അപകടത്തിൽപ്പെട്ടതിനെ തുടർന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ലോറി നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തി തകർത്ത് കൊക്കയിലേക്ക് ചെരിയുകയായിരുന്നു. ലോറിയുടെ മുൻഭാഗം കൊക്കയിൽ തൂങ്ങിയ നിലയിലാണ്.അപകടസമയം ലോറിയിൽ ഉണ്ടായിരുന്ന ഡ്രൈവറും ക്ലീനറും പോലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ സുരക്ഷിതമായി പുറത്തെടുത്തു. കർണാടകയിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്.അപകടത്തെ തുടർന്ന് മൾട്ടി ആക്സിൽ വാഹനങ്ങൾക്കു ചുരം വഴി കടത്തിവിടുന്നത് നിരോധിച്ചു. മറ്റുള്ള വാഹനങ്ങളെ ഒരു വരിയിലൂടെയാണ് കടത്തിവിടുന്നത്. അടിവാരത്തും ലക്കിടിയിലും പൊലീസ് പരിശോധന ശക്തമാക്കി.മുൻപ് മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടിരുന്ന ചുരത്തിൽ, മഴ കുറഞ്ഞതോടെ വാഹനങ്ങൾക്കു പ്രവേശനം അനുവദിച്ചിരുന്നു. എന്നാൽ പുതിയ അപകടം കാരണം വീണ്ടും നിയന്ത്രണങ്ങൾ കർശനമായി.അപകടസ്ഥലത്ത് പൊലീസ്, അഗ്നിരക്ഷാ സേന, ദുരന്ത നിവാരണ സേന എന്നിവർ ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്. ലോറിയെ റോഡിൽ നിന്ന് മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.