ആനക്കാംപൊയില്‍–കള്ളാടി–മേപ്പാടി തുരങ്കപാത പദ്ധതി വേഗത്തിൽ പുരോഗമിക്കുന്നു. വയനാട്ടിലെ മേപ്പാടി ഭാഗത്തും കോഴിക്കോട് ജില്ലയിലെ മറിപ്പുഴ ഭാഗത്തും ഒരേസമയം തുരങ്കം നിർമിക്കുന്നതാണ് പദ്ധതി. ഇതിനായുള്ള പ്രാരംഭപ്രവർത്തനങ്ങൾ മേപ്പാടിയിൽ ഇതിനകം ആരംഭിച്ചു. യന്ത്രസാമഗ്രികൾ എത്തിക്കുന്നതിനായി കരാറുകാരുടെ ഓഫീസ് പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. മറിപ്പുഴയിൽ ഇരുവഴിഞ്ഞിപ്പുഴയ്ക്കു കുറുകെ പാലം പണിയേണ്ടതിനാൽ അവിടെ പ്രവർത്തനം വൈകാതെ തുടങ്ങാനാണ് തീരുമാനം. ഒരു മാസത്തിനകം താത്കാലിക പാലം പൂർത്തിയാക്കി യന്ത്രങ്ങൾ എത്തിക്കും.22 കിലോമീറ്റർ ദൂരം മാത്രം കൊണ്ട് ആനക്കാംപൊയില്‍നിന്ന് മേപ്പാടിയിലെത്താൻ സാധ്യമാകുന്ന വിധത്തിലാണ് പദ്ധതി. നാല് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കുമെന്ന പ്രതീക്ഷയാണ് പൊതുമരാമത്ത് വകുപ്പ് ഉന്നയിക്കുന്നത്. ആകെ 8.73 കിലോമീറ്റർ നീളമുള്ള നാലുവരി തുരങ്കപാത, സമീപനപാതകളും ഉൾപ്പെടെ, കോഴിക്കോട്–വയനാട് ജില്ലകളെ ബന്ധിപ്പിക്കും. വയനാട്ടിൽ ഇത് മേപ്പാടി–കള്ളാടി–ചൂരൽമല റോഡുമായി (എസ്.എച്ച് 59) ചേരുമ്പോൾ, കോഴിക്കോട് ജില്ലയിൽ മറിപ്പുഴ–മുത്തപ്പൻപുഴ–ആനക്കാംപൊയിൽ റോഡുമായി ബന്ധിപ്പിക്കും.പശ്ചിമഘട്ടത്തിന്റെ മലപ്രദേശങ്ങളിലൂടെ കടന്നുപോകുന്ന തുരങ്കം കാലാവസ്ഥാ വ്യതിയാനങ്ങളുടെ ബാധകളില്ലാതെ സഞ്ചാരത്തിന് സൗകര്യമൊരുക്കും. താമരശ്ശേരി ചുരം റോഡിൽ നേരിടുന്ന പരിസ്ഥിതിജന്യ പ്രശ്നങ്ങൾ ഇവിടെയില്ലെന്നതാണ് പ്രത്യേകത.2134 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിന്റെ സാമ്പത്തിക സഹായത്തോടെയാണ് നിർമാണം. കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡാണ് (SPV) പദ്ധതി നടപ്പാക്കുന്നത്. 2022-ൽ സ്ഥലപരിശോധന നടത്തിയ നോർവീജിയൻ ജിയോ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് വിദഗ്ധസംഘം തുരങ്കപാതയെ ഏറ്റവും അനുയോജ്യമായ പദ്ധതിയായി വിലയിരുത്തിയിരുന്നു.വയനാട് ജില്ലയിലെ ഭൂരിഭാഗം ജനങ്ങൾ ആശ്രയിക്കുന്ന കോഴിക്കോട് നഗരത്തിലെ മികച്ച ആരോഗ്യസൗകര്യങ്ങളിലേക്കുള്ള ദൂരം കുറയുന്നതോടെ ജനങ്ങൾക്ക് വലിയ ആശ്വാസം ലഭിക്കും. ജില്ലകൾക്കിടയിലെ യാത്ര സുഗമമാകുന്നതോടൊപ്പം കാർഷികോത്പന്നങ്ങളുടെ വിപണനവും, സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതിയും വർധിക്കും. ഫാം ടൂറിസവും ഇക്കോ ടൂറിസവും വളരാൻ വലിയ സാധ്യതകളും തുറക്കും.