വയനാട്ടിലെ ഓണാഘോഷത്തിന് ഇത്തവണ വ്യത്യസ്തമായൊരു മുഖം. പാരമ്പര്യ പൂക്കളത്തിന്റെ നിറപ്പകിട്ടിന് പകരം, പാഴ് വസ്തുക്കളുപയോഗിച്ചാണ് കൗതുകകരമായ പൂക്കളമൊരുക്കിയത്.
ശുചിത്വ മിഷനും തദ്ദേശ സ്വയംഭരണ വകുപ്പും ചേര്‍ന്ന് സംഘടിപ്പിച്ച ആഘോഷത്തിന് വേണ്ടിയുള്ള പൂക്കളത്തില്‍, പേനയുടെ ടോപ്പുകള്‍, മില്‍മ കവറുകള്‍, പ്ലാസ്റ്റിക് കുപ്പികളുടെ മൂടികള്‍, തെര്‍മോകോള്‍, കാര്‍ബോര്‍ഡ്, തുണിത്തുണികള്‍, പ്ലാസ്റ്റിക് കയറുകള്‍ തുടങ്ങി പലവിധ അജൈവ മാലിന്യങ്ങളാണ് മനോഹരമായി വിന്യസിച്ചത്.
ആദ്യ നോട്ടത്തില്‍ സാധാരണ പൂക്കളമെന്ന തോന്നല്‍ നല്‍കുന്ന അലങ്കാരം, അടുത്തുനോക്കിയാല്‍ അതിന്റെ പ്രത്യേകത തിരിച്ചറിയാം.അജൈവ മാലിന്യങ്ങളുടെ പുനരുപയോഗം പ്രോത്സാഹിപ്പിക്കുകയാണ് ശുചിത്വ മിഷന്റെ പ്രധാന ലക്ഷ്യം. ജീവനക്കാരും ഹരിത കര്‍മ്മസേനാംഗങ്ങളും ചേര്‍ന്നാണ് വേറിട്ട ആശയവുമായി മുന്നോട്ടുവന്നത്. പരിപാടിയില്‍ പങ്കെടുത്ത ജില്ലാ കളക്ടര്‍ ഡി. ആര്‍. മേഘശ്രീ നവീന ആശയം പ്രശംസിച്ചു.കല്‍പ്പറ്റയിലെ എസ്. കെ. എം. ജെ. സ്‌കൂളിലെ ജൂബിലി ഹാളില്‍ നടന്ന ഓണാഘോഷം, ഹരിതകര്‍മ്മ സേന കണ്‍സോര്‍ഷ്യം പ്രസിഡന്‍റുമാര്‍, സെക്രട്ടറിമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ ചേര്‍ന്ന് ഒരുക്കിയ പൂക്കളത്തോടെ ഏറെ ശ്രദ്ധ നേടിയിരുന്നു.