സംസ്ഥാനത്ത് ദിവസങ്ങളോളം റെക്കോർഡ് ഉയർന്ന നിലയിൽ നിന്ന സ്വർണവില ഇന്ന് ചെറിയ തോതിൽ താഴ്ന്നു. മലയാളികൾക്ക് ആശ്വാസം നൽകുന്ന തരത്തിലാണ് ഈ ഇടിവ്.ഇന്നലെയുമായി താരതമ്യം ചെയ്യുമ്പോൾ ഒരു ഗ്രാമിന് 1 രൂപ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു ഗ്രാമിന്റെ വില 9,945 രൂപയിൽ നിന്ന് 9,944 രൂപയായും, ഒരു പവന്റെ വില 79,561 രൂപയിൽ നിന്ന് 79,552 രൂപയായും കുറഞ്ഞു.
വലിയ ഇടിവല്ലെങ്കിലും വരും ദിവസങ്ങളിൽ കൂടുതൽ കുറവ് സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കൾ.സ്വർണവില നിർണയിക്കുന്നത് രാജ്യാന്തര വിപണി വില, കസ്റ്റംസ് തീരുവ, ഇറക്കുമതി ബാങ്കുകളുടെ നിരക്കുകൾ, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക് തുടങ്ങിയ ഘടകങ്ങളാണ്. ഈ മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും സ്വർണത്തിന്റെ വിലയിൽ നേരിട്ട് പ്രതിഫലിക്കുന്നത്.

സുപ്രീം കോടതി വിധി തിരിച്ചടിയാകും; അരലക്ഷം സ്കൂൾ അധ്യാപകർ തൊഴിൽ നഷ്ട ഭീഷണിയിൽ
അധ്യാപക യോഗ്യതാ പരീക്ഷ (ടെറ്റ്) നിർബന്ധമാണെന്ന സുപ്രീംകോടതി വിധിയോടെ, സംസ്ഥാനത്തെ ലക്ഷക്കണക്കിന് അധ്യാപകരുടെ ജോലി അനിശ്ചിതത്വത്തിലേക്ക്. 2009-ലെ വിദ്യാഭ്യാസ അവകാശനിയമം (ആർടിഇ) നിലവിൽ വന്നതിന് മുൻപേ നിയമിതരായവർക്കും ടെറ്റ് യോഗ്യത വേണമെന്നാണ് കോടതിയുടെ വ്യക്തമായ നിലപാട്.ഇതോടെ ഇതുവരെ ഇളവനുവദിച്ചിരുന്ന സംസ്ഥാന സർക്കാരിന് പുതിയ തീരുമാനം എടുക്കുകയോ, അല്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കുകയോ ചെയ്യേണ്ടിവരും.ആർടിഇ പ്രാബല്യത്തിൽ വന്നതോടെ എൻസിടിഇ നിയമം ഭേദഗതി ചെയ്ത്, 2010 ഓഗസ്റ്റ് 23-ന് പുറപ്പെടുവിച്ച വിജ്ഞാപനത്തിലൂടെ ടെറ്റ് യോഗ്യത അധ്യാപക നിയമനത്തിന് നിർബന്ധമാക്കി. തുടർന്ന് 2011 ഫെബ്രുവരി 11-ന് മാർഗരേഖയും പ്രസിദ്ധീകരിച്ചു. 2017 ഓഗസ്റ്റ് 3-ന് കേന്ദ്ര മന്ത്രാലയം നൽകിയ നിർദ്ദേശപ്രകാരം, യോഗ്യത ഇല്ലാത്തവർ 2019 ഏപ്രിൽ 1-നകം അത് നേടേണ്ടതായിരുന്നു.എന്നാൽ ഈ വ്യവസ്ഥകൾ സംസ്ഥാനങ്ങൾ കൃത്യമായി നടപ്പിലാക്കാതെ, കേരളമടക്കമുള്ള പല സംസ്ഥാനങ്ങളിലും അധ്യാപകർക്ക് ഇളവുകൾ അനുവദിച്ചു. ഓരോ വർഷവും മൂന്ന് ടെറ്റ് പരീക്ഷകൾ കേരളത്തിൽ നടക്കുന്നുണ്ടെങ്കിലും, ആർടിഇ വരുന്നതിന് മുമ്പ് നിയമിതരായ അധ്യാപകർ കൂടുതലും പരീക്ഷ എഴുതിയിരുന്നില്ല.ഇപ്പോൾ, അധ്യാപകർക്ക് തൊഴിൽ നഷ്ടമാകുന്ന സാഹചര്യം ഒഴിവാക്കാൻ സർക്കാർ അടിയന്തര ഇടപെടലുകൾ വേണമെന്നാവശ്യപ്പെട്ട് അധ്യാപക സംഘടനകൾ രംഗത്തെത്തി. 2010-നുമുമ്പ് നിയമിതരായ അധ്യാപകരുടെ ജോലി സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കണമെന്ന് കെഎസ്ടിഎ ജനറൽ സെക്രട്ടറി ടി.കെ.എ. ഷാഫിയും, എകെഎസ്ടിയു ജനറൽ സെക്രട്ടറി ഒ.കെ. ജയകൃഷ്ണനും ആവശ്യപ്പെട്ടു.
പുതിയ ജി.എസ്.ടി നിരക്ക് ബാദ്ധ്യതയാകുമെന്ന് വസ്ത്ര വ്യാപാരികള്‍
ടെക്‌സ്റ്റൈൽ ആൻഡ് ഗാർമെന്റ്‌സ് ഡീലേഴ്‌സ് അസോസിയേഷൻ കേന്ദ്ര ധനമന്ത്രിയോടും ജി.എസ്.ടി കൗൺസിൽ അംഗങ്ങളോടും അടുത്തിടെ പ്രഖ്യാപിച്ച ജി.എസ്.ടി നിരക്കുകൾ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. 2017-ൽ നടപ്പിലാക്കിയ പഴയ സംവിധാനം പ്രകാരം 1,000 രൂപ വരെയുള്ള വിൽപ്പനയ്‌ക്ക് 5 ശതമാനം നികുതിയും അതിന് മുകളിലുള്ളതിനും 12 ശതമാനവുമായിരുന്നു.എന്നാൽ പുതിയ നിരക്കനുസരിച്ച് 1,000 രൂപയുടെ പരിധി 2,500 രൂപയായി ഉയർത്തിയെങ്കിലും, അതിന് മുകളിലുള്ള വിൽപ്പനയ്‌ക്ക് 18 ശതമാനം നികുതി ഏർപ്പെടുത്തിയിരിക്കുകയാണ്.കഴിഞ്ഞ എട്ട് വർഷത്തെ പണപ്പെരുപ്പത്തിന്റെ പശ്ചാത്തലത്തിൽ 2,500 രൂപ എന്ന പരിധി വലിയ ആശ്വാസമല്ലെന്നും, 18 ശതമാനം നികുതി ചുമത്തുന്നത് വസ്ത്രവിപണന മേഖലയെ ഗൗരവമായി ബാധിക്കുമെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു. ശരാശരി ഉപഭോക്താവ് ഉത്സവസമയത്ത് ഏകദേശം 2,500 രൂപ വസ്ത്രങ്ങൾക്ക് ചെലവഴിക്കുന്ന സാഹചര്യത്തിൽ, അധിക നികുതി ഉപഭോക്താക്കളെയും ചെറുകിട വ്യാപാരികളെയും സാമ്പത്തികമായി ബാധിക്കുമെന്ന് അവർ വ്യക്തമാക്കി.വൻകിട കുത്തകകളും ഓൺലൈൻ വ്യാപാര സ്ഥാപനങ്ങളും ഉയർത്തുന്ന സമ്മർദ്ദം കാരണം പരമ്പരാഗത വസ്ത്രവിപണി ഇതിനകം തന്നെ പ്രതിസന്ധിയിലാണെന്നും, ഇത്തരം സാഹചര്യത്തിൽ 18 ശതമാനം നികുതി മേഖലക്ക് തിരിച്ചടിയാകുമെന്നും അസോസിയേഷൻ മുന്നറിയിപ്പ് നൽകി. എല്ലാ വില്പനയ്ക്കും അഞ്ച് ശതമാനം ഏകീകൃത നികുതി നിരക്ക് നടപ്പിലാക്കണമെന്ന ആവശ്യവുമായി അസോസിയേഷൻ പ്രസിഡന്റ് ടി.എസ്. പട്ടാഭിരാമൻ രംഗത്തെത്തി.