വീട്ടിൽ നിന്നും കാണാതായ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി

പുൽപ്പള്ളി: ഞായറാഴ്ച രാത്രി വീട്ടിൽ നിന്ന് കാണാതായ 10-ാം ക്ലാസ് വിദ്യാർത്ഥിനി കനിഷ്ക (16)യെ ഇന്ന് ഉച്ചയോടെ മരിച്ച നിലയിൽ കണ്ടെത്തി.പുൽപ്പള്ളി മീനംകൊല്ലി കനിഷ്‌ക നിവാസിൽ കുമാരന്റെയും വിമലയുടെയും മകളായ കനിഷ്കയെ, ടൗണിനോട് ചേർന്ന കൃഷിയിടത്തിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.

ഞായറാഴ്ച രാത്രി എട്ട് മണിയോടെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് പുലർച്ചെ മുതൽ പൊലീസ് നടത്തിയ അന്വേഷണത്തിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

സ്വര്‍ണവില കൂടിയോ അതോ കുറഞ്ഞോ ? പവന്റെ ഇന്നത്തെ വില അറിയാം

സംസ്ഥാനത്ത് ദിവസങ്ങളോളം റെക്കോർഡ് ഉയർന്ന നിലയിൽ നിന്ന സ്വർണവില ഇന്ന് ചെറിയ തോതിൽ താഴ്ന്നു. മലയാളികൾക്ക് ആശ്വാസം നൽകുന്ന തരത്തിലാണ് ഈ ഇടിവ്.ഇന്നലെയുമായി താരതമ്യം ചെയ്യുമ്പോൾ ഒരു ഗ്രാമിന് 1 രൂപ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു ഗ്രാമിന്റെ വില 9,945 രൂപയിൽ നിന്ന് 9,944 രൂപയായും, ഒരു പവന്റെ വില 79,561 രൂപയിൽ നിന്ന് 79,552 രൂപയായും കുറഞ്ഞു.വലിയ ഇടിവല്ലെങ്കിലും വരും ദിവസങ്ങളിൽ കൂടുതൽ കുറവ് സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കൾ.സ്വർണവില നിർണയിക്കുന്നത് രാജ്യാന്തര വിപണി വില, കസ്റ്റംസ് തീരുവ, ഇറക്കുമതി ബാങ്കുകളുടെ നിരക്കുകൾ, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക് തുടങ്ങിയ ഘടകങ്ങളാണ്. ഈ മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും സ്വർണത്തിന്റെ വിലയിൽ നേരിട്ട് പ്രതിഫലിക്കുന്നത്.

സുപ്രീം കോടതി വിധി തിരിച്ചടിയാകും; അരലക്ഷം സ്കൂൾ അധ്യാപകർ തൊഴിൽ നഷ്ട ഭീഷണിയിൽ

അധ്യാപക യോഗ്യതാ പരീക്ഷ (ടെറ്റ്) നിർബന്ധമാണെന്ന സുപ്രീംകോടതി വിധിയോടെ, സംസ്ഥാനത്തെ ലക്ഷക്കണക്കിന് അധ്യാപകരുടെ ജോലി അനിശ്ചിതത്വത്തിലേക്ക്. 2009-ലെ വിദ്യാഭ്യാസ അവകാശനിയമം (ആർടിഇ) നിലവിൽ വന്നതിന് മുൻപേ നിയമിതരായവർക്കും ടെറ്റ് യോഗ്യത വേണമെന്നാണ് കോടതിയുടെ വ്യക്തമായ നിലപാട്.

ഇതോടെ ഇതുവരെ ഇളവനുവദിച്ചിരുന്ന സംസ്ഥാന സർക്കാരിന് പുതിയ തീരുമാനം എടുക്കുകയോ, അല്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കുകയോ ചെയ്യേണ്ടിവരും.ആർടിഇ പ്രാബല്യത്തിൽ വന്നതോടെ എൻസിടിഇ നിയമം ഭേദഗതി ചെയ്ത്, 2010 ഓഗസ്റ്റ് 23-ന് പുറപ്പെടുവിച്ച വിജ്ഞാപനത്തിലൂടെ ടെറ്റ് യോഗ്യത അധ്യാപക നിയമനത്തിന് നിർബന്ധമാക്കി. തുടർന്ന് 2011 ഫെബ്രുവരി 11-ന് മാർഗരേഖയും പ്രസിദ്ധീകരിച്ചു. 2017 ഓഗസ്റ്റ് 3-ന് കേന്ദ്ര മന്ത്രാലയം നൽകിയ നിർദ്ദേശപ്രകാരം, യോഗ്യത ഇല്ലാത്തവർ 2019 ഏപ്രിൽ 1-നകം അത് നേടേണ്ടതായിരുന്നു.എന്നാൽ ഈ വ്യവസ്ഥകൾ സംസ്ഥാനങ്ങൾ കൃത്യമായി നടപ്പിലാക്കാതെ, കേരളമടക്കമുള്ള പല സംസ്ഥാനങ്ങളിലും അധ്യാപകർക്ക് ഇളവുകൾ അനുവദിച്ചു. ഓരോ വർഷവും മൂന്ന് ടെറ്റ് പരീക്ഷകൾ കേരളത്തിൽ നടക്കുന്നുണ്ടെങ്കിലും, ആർടിഇ വരുന്നതിന് മുമ്പ് നിയമിതരായ അധ്യാപകർ കൂടുതലും പരീക്ഷ എഴുതിയിരുന്നില്ല.ഇപ്പോൾ, അധ്യാപകർക്ക് തൊഴിൽ നഷ്ടമാകുന്ന സാഹചര്യം ഒഴിവാക്കാൻ സർക്കാർ അടിയന്തര ഇടപെടലുകൾ വേണമെന്നാവശ്യപ്പെട്ട് അധ്യാപക സംഘടനകൾ രംഗത്തെത്തി. 2010-നുമുമ്പ് നിയമിതരായ അധ്യാപകരുടെ ജോലി സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കണമെന്ന് കെഎസ്ടിഎ ജനറൽ സെക്രട്ടറി ടി.കെ.എ. ഷാഫിയും, എകെഎസ്ടിയു ജനറൽ സെക്രട്ടറി ഒ.കെ. ജയകൃഷ്ണനും ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version