പുതിയ ജി.എസ്.ടി നിരക്ക് ബാദ്ധ്യതയാകുമെന്ന് വസ്ത്ര വ്യാപാരികള്‍

ടെക്‌സ്റ്റൈൽ ആൻഡ് ഗാർമെന്റ്‌സ് ഡീലേഴ്‌സ് അസോസിയേഷൻ കേന്ദ്ര ധനമന്ത്രിയോടും ജി.എസ്.ടി കൗൺസിൽ അംഗങ്ങളോടും അടുത്തിടെ പ്രഖ്യാപിച്ച ജി.എസ്.ടി നിരക്കുകൾ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. 2017-ൽ നടപ്പിലാക്കിയ പഴയ സംവിധാനം പ്രകാരം 1,000 രൂപ വരെയുള്ള വിൽപ്പനയ്‌ക്ക് 5 ശതമാനം നികുതിയും അതിന് മുകളിലുള്ളതിനും 12 ശതമാനവുമായിരുന്നു.

എന്നാൽ പുതിയ നിരക്കനുസരിച്ച് 1,000 രൂപയുടെ പരിധി 2,500 രൂപയായി ഉയർത്തിയെങ്കിലും, അതിന് മുകളിലുള്ള വിൽപ്പനയ്‌ക്ക് 18 ശതമാനം നികുതി ഏർപ്പെടുത്തിയിരിക്കുകയാണ്.കഴിഞ്ഞ എട്ട് വർഷത്തെ പണപ്പെരുപ്പത്തിന്റെ പശ്ചാത്തലത്തിൽ 2,500 രൂപ എന്ന പരിധി വലിയ ആശ്വാസമല്ലെന്നും, 18 ശതമാനം നികുതി ചുമത്തുന്നത് വസ്ത്രവിപണന മേഖലയെ ഗൗരവമായി ബാധിക്കുമെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു. ശരാശരി ഉപഭോക്താവ് ഉത്സവസമയത്ത് ഏകദേശം 2,500 രൂപ വസ്ത്രങ്ങൾക്ക് ചെലവഴിക്കുന്ന സാഹചര്യത്തിൽ, അധിക നികുതി ഉപഭോക്താക്കളെയും ചെറുകിട വ്യാപാരികളെയും സാമ്പത്തികമായി ബാധിക്കുമെന്ന് അവർ വ്യക്തമാക്കി.വൻകിട കുത്തകകളും ഓൺലൈൻ വ്യാപാര സ്ഥാപനങ്ങളും ഉയർത്തുന്ന സമ്മർദ്ദം കാരണം പരമ്പരാഗത വസ്ത്രവിപണി ഇതിനകം തന്നെ പ്രതിസന്ധിയിലാണെന്നും, ഇത്തരം സാഹചര്യത്തിൽ 18 ശതമാനം നികുതി മേഖലക്ക് തിരിച്ചടിയാകുമെന്നും അസോസിയേഷൻ മുന്നറിയിപ്പ് നൽകി. എല്ലാ വില്പനയ്ക്കും അഞ്ച് ശതമാനം ഏകീകൃത നികുതി നിരക്ക് നടപ്പിലാക്കണമെന്ന ആവശ്യവുമായി അസോസിയേഷൻ പ്രസിഡന്റ് ടി.എസ്. പട്ടാഭിരാമൻ രംഗത്തെത്തി.

ആധാര്‍ കാര്‍ഡ് പുതുക്കിയോ? സൗജന്യമായിചെയ്യാൻ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം

ആധാർ ഇന്ത്യയിലെ ഓരോ പൗരനും ലഭിക്കുന്ന 12 അക്കങ്ങളുടെ ഏകീകൃത തിരിച്ചറിയൽ നമ്പറാണ്. അതിനാൽ തന്നെ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിഗത രേഖകളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു. ആധാറിലെ വിവരങ്ങൾ എല്ലായ്പ്പോഴും കൃത്യമായിരിക്കണമെന്ന് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) വ്യക്തമാക്കുന്നു. ഓരോ പത്ത് വർഷം കഴിഞ്ഞാൽ ആധാർ പുതുക്കുന്നത് നിർബന്ധമാണെന്നും, ഇപ്പോൾ സൗജന്യമായി വിവരങ്ങൾ പുതുക്കാനുള്ള അവസരം സെപ്റ്റംബർ 14 വരെ മാത്രമാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. അതിന് ശേഷം ആധാർ സെന്ററുകളിൽ നേരിട്ട് പുതുക്കുമ്പോൾ 50 രൂപ ഫീസ് അടയ്‌ക്കേണ്ടി വരും.ആധാർ ഓൺലൈനായി പുതുക്കണമെങ്കിൽ https://myaadhaar.uidai.gov.in സന്ദർശിച്ച് Aadhaar Update ഓപ്ഷൻ തിരഞ്ഞെടുക്കണം. പിന്നീട് OTP ഉപയോഗിച്ച് ലോഗിൻ ചെയ്ത് വിലാസം, പേര്, ജനനത്തീയതി പോലുള്ള വിവരങ്ങൾ തിരുത്താനാകും. പുതുക്കിയ വിവരങ്ങൾ തെളിയിക്കുന്ന രേഖകൾ അപ്‌ലോഡ് ചെയ്താൽ ഒരു അഭ്യർത്ഥന നമ്പർ ലഭിക്കും. ആ നമ്പർ ഉപയോഗിച്ച് അപ്‌ഡേറ്റിന്റെ പുരോഗതി പിന്നീട് പരിശോധിക്കാവുന്നതാണ്.ഫോട്ടോ, ബയോമെട്രിക്, ഐറിസ് എന്നീ വിവരങ്ങൾ പുതുക്കേണ്ടിവന്നാൽ അതിനായി ആധാർ സെന്ററുകളിലെത്തണം. സർക്കാർ സേവനങ്ങളും ആനുകൂല്യങ്ങളും ലഭിക്കാൻ കുട്ടികൾ മുതൽ മുതിർന്ന പൗരന്മാർ വരെ ആധാർ നിർബന്ധമായതിനാൽ, സമയബന്ധിതമായി കാർഡ് പുതുക്കുന്നത് ഏറെ പ്രാധാന്യമുള്ളതാണ്.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനം; ക്ഷാമബത്ത വര്‍ദ്ധിപ്പിച്ചേക്കും

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ദീപാവലിക്ക് മുന്നോടിയായി സന്തോഷവാർത്ത ലഭിക്കാനാണ് സാധ്യത. 1.2 കോടിയിലധികം വരുന്ന ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്ത (DA)യും ക്ഷാമാശ്വാസവും (DR)യും വീണ്ടും വർദ്ധിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ഒക്ടോബർ ആദ്യവാരത്തിൽ 3 ശതമാനം വർദ്ധനവ് പ്രഖ്യാപിക്കപ്പെടുമെന്നാണ് സൂചന.ഈ പരിഷ്‌കരണത്തോടെ, ക്ഷാമബത്ത 55 ശതമാനത്തിൽ നിന്ന് 58 ശതമാനമായി ഉയരും. പുതുക്കിയ നിരക്ക് 2025 ജൂലൈ മുതൽ പ്രാബല്യത്തിൽ വരും. കൂടാതെ ജീവനക്കാർക്ക് മൂന്ന് മാസത്തെ കുടിശ്ശികയും ലഭിക്കുമെന്നാണു പ്രതീക്ഷ. ഒക്ടോബർ മാസത്തെ ശമ്പളത്തോടൊപ്പം തന്നെ വർദ്ധിച്ച തുക ക്രെഡിറ്റ് ചെയ്യാൻ സാധ്യതയുണ്ട്.കേന്ദ്രം പതിവുപോലെ വർഷത്തിൽ രണ്ടുതവണ ക്ഷാമബത്ത പരിഷ്‌കരിച്ചുവരുന്നു – ജനുവരി മുതൽ ജൂൺ വരെയുള്ളത് ഹോളിക്ക് മുമ്പും ജൂലൈ മുതൽ ഡിസംബർ വരെയുള്ളത് ദീപാവലിക്ക് മുമ്പുമാണ്. കഴിഞ്ഞ വർഷം ഒക്ടോബർ 16-നാണ് ഡിഎ വർദ്ധനവ് പ്രഖ്യാപിച്ചത്. ഈ വർഷം ദീപാവലി ഒക്ടോബർ 20-21 തീയതികളിലായതിനാൽ, അന്ന് പ്രഖ്യാപനമുണ്ടാകാൻ സാധ്യത കൂടുതലാണ്.ഡിഎ കണക്കാക്കുന്നത് വ്യാവസായിക തൊഴിലാളികളുടെ ഉപഭോക്തൃ വില സൂചിക (CPI-IW) അടിസ്ഥാനമാക്കിയാണ്. 2024 ജൂലൈ മുതൽ 2025 ജൂൺ വരെയുള്ള ശരാശരി CPI-IW 143.6 ആയിരുന്നു.ഉദാഹരണത്തിന്, 18,000 രൂപയുടെ അടിസ്ഥാന ശമ്പളം ലഭിക്കുന്ന ജീവനക്കാരന്റെ ഡിഎ 9,900 രൂപയിൽ നിന്ന് 10,440 രൂപയായി ഉയരും. ഇതോടെ പ്രതിമാസം 540 രൂപയുടെ വർദ്ധനവ് ലഭിക്കും. അതുപോലെ, 20,000 രൂപ അടിസ്ഥാന പെൻഷൻ ലഭിക്കുന്നവർക്ക് പ്രതിമാസം 600 രൂപയുടെ വർദ്ധനവ് ഉണ്ടാകും.2025 ഡിസംബർ 31-ന് 7-ാം ശമ്പള കമ്മീഷന്റെ കാലാവധി അവസാനിക്കുന്നതിനാൽ, ഒക്ടോബറിൽ ലഭ്യമാകുന്ന ഈ പരിഷ്‌കരണം നിലവിലെ കമ്മീഷൻ പ്രകാരമുള്ള അവസാന ഡിഎ വർദ്ധനവായിരിക്കും

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version