ടി. സിദ്ധീഖ് എംഎൽഎക്കെതിരെ ഇരട്ട വോട്ട് ആരോപണം; സിപിഎം ജില്ലാ സെക്രട്ടറിയുടെ ഫേസ്ബുക്ക് വെളിപ്പെടുത്തൽ

കൽപ്പറ്റ എംഎൽഎ ടി. സിദ്ധീഖിനെതിരെ ഇരട്ട വോട്ടിനുള്ള ആരോപണവുമായി സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ് രംഗത്തെത്തി. കോഴിക്കോട് ജില്ലയിലെ പെരുമണ്ണ പഞ്ചായത്തിലെ 20-ാം വാർഡായ പന്നിയൂർകുളത്ത് (ക്രമ നമ്പർ 480) സിദ്ധീഖിന്റെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും, വയനാട് ജില്ലയിലെ കൽപ്പറ്റ നഗരസഭയിലെ 25-ാം ഡിവിഷൻ ഓണിവയലിലും (ക്രമ നമ്പർ 799) അദ്ദേഹത്തിന്റെ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തി. ഒരാൾക്ക് രണ്ടിടങ്ങളിൽ വോട്ട് ഉണ്ടായിരിക്കുക ജനാധിപത്യത്തിനും നിയമത്തിനും വിരുദ്ധമാണെന്നും, ഉത്തരവാദിത്വമുള്ള ഒരു ജനപ്രതിനിധി തന്നെ ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നത് ജനാധിപത്യ സംവിധാനത്തെ ദുർബലപ്പെടുത്തുന്നതാണെന്നും റഫീഖ് ആരോപിച്ചു. വോട്ടർ പട്ടികയിലെ ചിത്രങ്ങളും ആരോപണത്തിന് തെളിവായി ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.

വീട്ടിൽ നിന്നും കാണാതായ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി

പുൽപ്പള്ളി: ഞായറാഴ്ച രാത്രി വീട്ടിൽ നിന്ന് കാണാതായ 10-ാം ക്ലാസ് വിദ്യാർത്ഥിനി കനിഷ്ക (16)യെ ഇന്ന് ഉച്ചയോടെ മരിച്ച നിലയിൽ കണ്ടെത്തി.പുൽപ്പള്ളി മീനംകൊല്ലി കനിഷ്‌ക നിവാസിൽ കുമാരന്റെയും വിമലയുടെയും മകളായ കനിഷ്കയെ, ടൗണിനോട് ചേർന്ന കൃഷിയിടത്തിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.ഞായറാഴ്ച രാത്രി എട്ട് മണിയോടെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് പുലർച്ചെ മുതൽ പൊലീസ് നടത്തിയ അന്വേഷണത്തിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

സ്വര്‍ണവില കൂടിയോ അതോ കുറഞ്ഞോ ? പവന്റെ ഇന്നത്തെ വില അറിയാം

സംസ്ഥാനത്ത് ദിവസങ്ങളോളം റെക്കോർഡ് ഉയർന്ന നിലയിൽ നിന്ന സ്വർണവില ഇന്ന് ചെറിയ തോതിൽ താഴ്ന്നു. മലയാളികൾക്ക് ആശ്വാസം നൽകുന്ന തരത്തിലാണ് ഈ ഇടിവ്.ഇന്നലെയുമായി താരതമ്യം ചെയ്യുമ്പോൾ ഒരു ഗ്രാമിന് 1 രൂപ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു ഗ്രാമിന്റെ വില 9,945 രൂപയിൽ നിന്ന് 9,944 രൂപയായും, ഒരു പവന്റെ വില 79,561 രൂപയിൽ നിന്ന് 79,552 രൂപയായും കുറഞ്ഞു.വലിയ ഇടിവല്ലെങ്കിലും വരും ദിവസങ്ങളിൽ കൂടുതൽ കുറവ് സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കൾ.സ്വർണവില നിർണയിക്കുന്നത് രാജ്യാന്തര വിപണി വില, കസ്റ്റംസ് തീരുവ, ഇറക്കുമതി ബാങ്കുകളുടെ നിരക്കുകൾ, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക് തുടങ്ങിയ ഘടകങ്ങളാണ്. ഈ മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും സ്വർണത്തിന്റെ വിലയിൽ നേരിട്ട് പ്രതിഫലിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version