സംസ്ഥാനത്തെ പ്രാഥമിക ക്ഷീര സഹകരണ സംഘം ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പരിഷ്‌കരിക്കുന്നതിലൂടെ ഉണ്ടാകുന്ന അധിക ചെലവുകള്‍ക്കായി ഫണ്ട് കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി നിയോഗിച്ച 17 അംഗ സമിതിയോടാണ് ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ക്ഷീരവികസന വകുപ്പ് ഡയറക്ടറെ ചെയര്‍മാനാക്കി രൂപീകരിച്ച സമിതി മൂന്നു മാസത്തിനകം സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. 2024 ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരേണ്ടിയിരുന്ന നാലാം ശമ്പള പരിഷ്‌കരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സമിതിയുടെ പഠനവിധേയമാകുന്നത്. സമിതിക്ക് നല്‍കിയിരിക്കുന്ന ചുമതലകളില്‍ പ്രാഥമിക ക്ഷീരസംഘങ്ങളുടെ ആകെ വ്യാപാരലാഭത്തിലെ അഞ്ച് ശതമാനംവരെ സ്ഥാപന-ആകസ്മിക ചെലവുകള്‍ക്കായി വിനിയോഗിക്കുന്നതിനുള്ള ശിപാര്‍ശ, സംഘങ്ങളുടെ വരുമാനം വര്‍ധിപ്പിക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍, പാല്‍ ശേഖരണത്തിന്റെ അളവ് കൂട്ടുന്നതിനുള്ള നടപടികള്‍, വിവിധ ക്ഷീരസംഘങ്ങളുടെ ക്ലാസിഫിക്കേഷന്‍ അനുസരിച്ച് തസ്തികകളും ശമ്പള സ്‌കെയിലുകളും നിശ്ചയിക്കുന്നതിനുള്ള ശിപാര്‍ശകളും ഉള്‍പ്പെടുന്നു. 2024 നവംബര്‍ ഒന്നിന് ശമ്പള പരിഷ്‌കരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഓള്‍ കേരള ഡെയറി കോ-ഓപറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു. ജീവനക്കാരുടെ ശമ്പളം അവസാനമായി പരിഷ്‌കരിച്ച് അഞ്ച് വര്‍ഷം കഴിഞ്ഞുവെന്ന കാര്യം യൂണിയന്‍ പ്രത്യേകം ചൂണ്ടിക്കാട്ടുകയും, അതിന്റെ അടിസ്ഥാനത്തിലാണ് ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ ശമ്പള പരിഷ്‌കരണ സമിതി രൂപീകരിക്കണമെന്ന് സര്‍ക്കാരിന് ശിപാര്‍ശ നല്‍കുകയും ചെയ്തത്.

മ്യൂള്‍ അക്കൗണ്ട് തട്ടിപ്പ്; കമ്പളക്കാട് സ്റ്റേഷനില്‍ മാത്രം ആറോളം കേസുകള്‍
വയനാട് ജില്ലയിലെ ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ് ഉത്തരേന്ത്യന്‍ സൈബര്‍ സംഘം കോടികള്‍ തട്ടിയെടുത്തതായി വെളിപ്പെട്ടിരിക്കുന്നത്. ജില്ലയില്‍ മാത്രം അഞ്ഞൂറോളം പേരുടെ അക്കൗണ്ടുകള്‍ 5,000 മുതല്‍ 10,000 രൂപ വരെ നല്‍കി വാങ്ങിയാണ് സംഘം ഇടപാടുകള്‍ നടത്തിയത്.സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും അക്കൗണ്ടുകളാണ് കൂടുതലായും സൈബര്‍ മാഫിയയുടെ പിടിയിലായത്.കമ്പളക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രം ആറോളം കേസുകള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അരിഞ്ചേര്‍മല സ്വദേശിയായ ഇസ്മായിലിനെ കഴിഞ്ഞ സെപ്തംബറില്‍ നാഗാലാന്‍ഡ് സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് തട്ടിപ്പിന്റെ വ്യാപ്തി പുറത്തു വന്നത്. ഇയാളോടൊപ്പം പ്രവര്‍ത്തിച്ച മറ്റുരണ്ടുപേരെക്കുറിച്ചും അന്വേഷണം ശക്തമാണ്.പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനാണ് ഇത്തരം അക്കൗണ്ടുകള്‍ കൈക്കലാക്കുന്നതെന്ന് പൊലീസ് അറിയിച്ചു. അക്കൗണ്ട്, എ.ടി.എം കാര്‍ഡ്, പിന്‍ എന്നിവ കൈമാറി ചെറിയ തുക ലഭിക്കുന്നുവെന്ന കാരണത്താല്‍ നിരവധി വിദ്യാര്‍ഥികളും യുവാക്കളും വലയിലാവുകയാണ്. കേസ് വന്നാല്‍ പ്രതി ചേര്‍ക്കപ്പെടുന്നത് അക്കൗണ്ട് ഉടമയായതിനാല്‍ നിരപരാധികള്‍ പോലും കുടുങ്ങുന്ന സാഹചര്യമാണുള്ളത്.ജില്ലയില്‍ പരാതി നല്‍കാന്‍ പലരും മടിക്കുന്ന സാഹചര്യത്തിലാണ് അന്വേഷണം നീങ്ങുന്നത്. എന്നാല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇത്തരം അക്കൗണ്ടുകള്‍ വഴി വന്‍ ഇടപാടുകളും കേസുകളും റിപ്പോര്‍ട്ട് ചെയ്തതായി പൊലീസ് സ്ഥിരീകരിച്ചു.
വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ മറുപടി നല്‍കാതെ കേന്ദ്രം
മുണ്ടക്കൈ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളൽ വിഷയത്തിൽ നിലപാട് വ്യക്തമാക്കാതെ കേന്ദ്രസർക്കാർ വീണ്ടും സമയം തേടി. തീരുമാനം ഹൈക്കോടതിയെ അറിയിക്കാൻ രണ്ടാഴ്ച കൂടി സാവകാശം നൽകണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുകയാണ്.മൂന്നാഴ്ചയ്ക്കുശേഷം വീണ്ടും വിഷയത്തെ കോടതി പരിഗണിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ ഇതിനകം തന്നെ ബാധിതരുടെ വായ്പ എഴുതിത്തള്ളിയതായി കോടതി കേന്ദ്രത്തിന് ഓർമ്മിപ്പിച്ചു.അതേസമയം, മുണ്ടക്കൈ ദുരന്തത്തോട് കേരളം ആവർത്തിച്ച് ആവശ്യപ്പെട്ട പാക്കേജിനോട് കേന്ദ്രം അനാസ്ഥ തുടരുന്നതായി ആരോപണം ഉയരുന്നു. ചൂരൽമല ഉരുള്‍പൊട്ടലിന് ശേഷം ഒരു വർഷം പിന്നിട്ടിട്ടും വയനാട് പാക്കേജ് നടപ്പാക്കാത്തപ്പോൾ, മഴക്കെടുതിയിൽപ്പെട്ട പഞ്ചാബിനും ഹിമാചൽ പ്രദേശിനും യഥാക്രമം 1600 കോടിയും 1500 കോടിയും രൂപ ധനസഹായം പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. കേരളത്തെ മാത്രം സാങ്കേതികത്വത്തിന്റെ പേരിൽ ഒഴിവാക്കുന്നതെന്തുകൊണ്ടാണെന്ന് ചോദ്യം ശക്തമാകുകയാണ്.