വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസറെ പീഡിപ്പിക്കാന്‍ ശ്രമം: സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ക്കെതിരെ പരാതി

പടിഞ്ഞാറത്തറ: വനവകുപ്പിൽ വീണ്ടും വിവാദം. വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെ പരാതിയിൽ സഹപ്രവർത്തകനായ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ രതീഷ് കുമാറിനെതിരെ പീഡനശ്രമക്കേസെടുത്തു.പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷൻ പരിധിയിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസിനുള്ളിലാണ് സംഭവം നടന്നതെന്ന് പരാതിയിൽ പറയുന്നു. കഴിഞ്ഞ ആഴ്ച രാത്രി ഡ്യൂട്ടിക്കിടെ ഓഫീസ് മുറിയിലേക്ക് കടന്നെത്തിയാണ് രതീഷ് പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് വനിതാ ഉദ്യോഗസ്ഥയുടെ മൊഴി. പ്രതിരോധിച്ച് പുറത്തേക്ക് ഇറങ്ങി രക്ഷപ്പെടാനായെന്നും പരാതിയിൽ പറയുന്നു.പരാതിയെ തുടർന്ന് പടിഞ്ഞാറത്തറ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തെ തുടർന്ന് രതീഷിനെ കൽപ്പറ്റ റേഞ്ച് ഓഫീസിലേക്ക് മാറ്റിയതായി വകുപ്പ് അറിയിച്ചു. ഇതോടൊപ്പം, സംഭവത്തിൽ വകുപ്പ് തല അന്വേഷണം പുരോഗമിക്കുകയാണെന്നും സൗത്ത് വയനാട് ഡി.എഫ്.ഒ. അജിത് കെ. രാമൻ വ്യക്തമാക്കി.

പുതിയ ജി.എസ്‌.ടി. പരിഷ്‌കരണം: വീട്ടമ്മമാര്‍ക്കു കോളടിക്കും

പുതിയ ജിഎസ്‌ടി നിരക്കുകൾ നടപ്പിലാകുന്നതോടെ വീട്ടമ്മമാര്‍ക്ക് വലിയ ആശ്വാസം പ്രതീക്ഷിക്കാം. നെയ്‌, ബട്ടര്‍, ചീസ്‌, പനീര്‍ തുടങ്ങിയ നിരവധി ഭക്ഷ്യ വസ്തുക്കളുടെ വില കുറയുന്നതോടെ അടുക്കള ബജറ്റിന് ഒരു പരിധിവരെ താങ്ങാനാവുന്ന രീതിയാകും.ഇതുവരെ 12 ശതമാനം ജിഎസ്‌ടി ആയിരുന്ന ബട്ടര്‍, നെയ്‌, ബട്ടര്‍ ഓയില്‍, ചീസ്‌ എന്നിവയ്ക്ക് ഇനി 5 ശതമാനം മാത്രം ആയിരിക്കും. പനീറില്‍ നിലവിലുണ്ടായിരുന്ന 5 ശതമാനം ജിഎസ്‌ടി പൂര്‍ണമായും ഒഴിവാക്കും. മില്‍മ വില്‍ക്കുന്ന പാലിന് നേരത്തെപ്പോലെ തന്നെ ജിഎസ്‌ടി ഇല്ലെങ്കിലും, യു.എച്ച്.ടി (അള്‍ട്രാ ഹൈ ടെംപറേച്ചര്‍) പാലിനും കണ്ടന്‍സ്‌ഡ് മില്‍ക്കിനുമുള്ള നികുതി കുറയുന്നു. കണ്ടന്‍സ്‌ഡ് മില്‍ക്കിന് 12 ശതമാനത്തില്‍നിന്ന് 5 ശതമാനമായും, യു.എച്ച്.ടി പാലിന് 5 ശതമാനത്തില്‍നിന്ന് 0 ശതമാനമായും മാറും.ഐസ്‌ക്രീം, പാസ്‌ത, സ്‌പാഗെട്ടി, മക്രോണി, നൂഡില്‍സ്‌, പ്രമേഹ ഭക്ഷണ സാധനങ്ങള്‍, ജാം, പഴജെല്ലി, റൊട്ടി, ചപ്പാത്തി, ഇന്ത്യന്‍ ബ്രഡുകള്‍ എന്നിവയ്ക്കും ഇനി കുറഞ്ഞ ജിഎസ്‌ടി നിരക്കായ 5 ശതമാനമേ ബാധകമാകൂ. ഇതോടെ പൊതുജനങ്ങള്‍ക്ക് ഏറെ ആശ്വാസകരമായ വിലക്കുറവുകള്‍ ലഭ്യമാകും.അതേസമയം, പാലിന്റെ വിലയില്‍ വര്‍ധനയുണ്ടാകാനാണ് സാധ്യത. മില്‍മ ലിറ്ററിന് നാലു മുതല്‍ അഞ്ചു രൂപ വരെ കൂട്ടാന്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് സൂചന. പുറം വിപണിയില്‍ പാല്‍ 65 രൂപയ്ക്കടുത്ത് വില്പനയാകുമ്പോഴും, കര്‍ഷകര്‍ക്ക് ലഭിക്കുന്നത് 45 മുതല്‍ 49 രൂപ വരെയാണ്. നിലവിലെ അവസ്ഥയില്‍ 10 രൂപയെങ്കിലും കൂട്ടിയില്ലെങ്കില്‍ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് ക്ഷീര കര്‍ഷകര്‍ വ്യക്തമാക്കുന്നു.ഈ മാസം 15ന് നടക്കുന്ന മില്‍മ ഫെഡറേഷന്‍ യോഗത്തില്‍ പാലിന്റെ വില വര്‍ധനയെ കുറിച്ച് തീരുമാനമെടുക്കാന്‍ സാധ്യതയുണ്ട്. എങ്കിലും, തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാല്‍ സര്‍ക്കാര്‍ പ്രഖ്യാപനം വൈകിക്കാനാണ് സാധ്യത.

അയ്യപ്പ സംഗമ വിവാദത്തിന് പിന്നാലെ ന്യൂനപക്ഷ കൂട്ടായ്മ സംഘടിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

അയ്യപ്പസംഗമത്തെ ചുറ്റിപ്പറ്റിയ വിവാദങ്ങൾക്കിടയിൽ ന്യൂനപക്ഷങ്ങളെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് സർക്കാർ ‘വിഷൻ 2031’ എന്ന പേരിൽ പ്രത്യേക സംഗമം സംഘടിപ്പിക്കാൻ ഒരുങ്ങുന്നു. കൊച്ചിയിലായിരിക്കും ന്യൂനപക്ഷ ക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള വേദി ഒരുക്കുക.ക്രിസ്ത്യൻ, മുസ്ലിം സമുദായങ്ങളിലെ പ്രശ്നങ്ങൾ നേരിട്ട് അവതരിപ്പിച്ച് പരിഹാര മാർഗങ്ങൾ തേടുക എന്നതാണ് സംഗമത്തിന്റെ പ്രധാന ലക്ഷ്യം. ഇരു വിഭാഗങ്ങളിലും നിന്നുള്ള 1,500 പേരെ വീതം പങ്കെടുപ്പിക്കാനാണ് പദ്ധതി. ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിലാണ് പരിപാടി നടക്കുക.അയ്യപ്പസംഗമം ഭൂരിപക്ഷ സമുദായങ്ങളെ മാത്രം സന്തോഷിപ്പിക്കാനാണെന്ന വിമർശനങ്ങൾക്ക് മറുപടിയായാണ് ന്യൂനപക്ഷ സംഗമം സംഘടിപ്പിക്കുന്നത്. ക്രിസ്ത്യൻ വിഭാഗവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ എം.എൽ.എ കെ.ജെ. മാക്‌സിക്ക് ചുമതല നൽകുമെന്ന് സൂചനയുണ്ട്.ഇതിനോടനുബന്ധിച്ച് വിവിധ ന്യൂനപക്ഷ സംഘടനകളുമായി സർക്കാർ ആശയവിനിമയം ആരംഭിച്ചിട്ടുണ്ട്. കൂടാതെ സി.പി.എം.യിലെ ക്രിസ്ത്യൻ, മുസ്ലിം വിഭാഗങ്ങളിലെ എം.എൽ.എമാരോട് മതനേതാക്കളുമായി നേരിട്ട് സംവദിക്കാനും നിർദേശിച്ചിട്ടുണ്ടെന്ന് അറിയുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version