വയനാട് പുനരധിവാസം: 2026 ജനുവരിക്കകം വീടുകള്‍ കൈമാറുമെന്ന് മുഖ്യമന്ത്രി

വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. 402 കുടുംബങ്ങളുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടെന്നും പുനരധിവാസം ഫേസ് വണ്‍, ഫേസ് ടു എ, ഫേസ് ടു ബി എന്നീ ഘട്ടങ്ങളിലൂടെയാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.സര്‍ക്കാര്‍ സഹായമായ 15 ലക്ഷം രൂപയ്ക്ക് അപേക്ഷ നല്‍കിയ കുടുംബങ്ങള്‍ക്ക് തുക വിതരണം ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു. 2026 ജനുവരിക്കകം വീടുകള്‍ കൈമാറുമെന്നും ഉറപ്പ് നല്‍കി. അപേക്ഷകള്‍ക്കെതിരായ അപ്പീലുകള്‍ സര്‍ക്കാര്‍ തലത്തില്‍ പരിശോധിച്ചുവരികയാണ്.ദുരിതാശ്വാസ നിധി വിനിയോഗത്തില്‍ ക്രമക്കേട് സംഭവിച്ചിട്ടില്ലെന്നും 104 ഗുണഭോക്താക്കള്‍ക്ക് ഇതിനകം സഹായം ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. ബാക്കി 295 കുടുംബങ്ങള്‍ വീടുകളുടെ സമ്മതപത്രം നല്‍കിയിട്ടുണ്ട്. കൃഷിനഷ്ടപരിഹാരം ഉള്‍പ്പെടെ ചെയ്യാനുള്ള കാര്യങ്ങള്‍ ഇപ്പോഴും തുടരുകയാണ്.പുനരധിവാസത്തിനായി കേന്ദ്രം അനുവദിച്ച 526 കോടി രൂപ സഹായമല്ല, വായ്പയാണ്. ചൂരല്‍മല സേഫ് സോണ്‍ റോഡും വൈദ്യുതിയും പുനസ്ഥാപിക്കുന്ന നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.സംഘടനകളുടെ പിന്തുണയും വലിയ രീതിയില്‍ ലഭിച്ചിട്ടുണ്ടെന്നും നിശ്ചിത സമയത്ത് പുനരധിവാസ പദ്ധതി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കുട്ട – മാനന്തവാടി – പുറക്കാട്ടിരിഗ്രീന്‍ഫീല്‍ഡ് ഹൈവേ:കോഴിക്കോടിന്റെ സാമ്പത്തിക ഇടനാഴി

കേരളത്തിൽ നടപ്പാക്കാൻ പോകുന്ന ഗ്രീൻഫീൽഡ് ഹൈവേ പദ്ധതി സംസ്ഥാനത്തിന്റെ ഗതാഗത ഭൂപടത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. കോഴിക്കോട് മുതൽ പൂനെ, ഹൈദരാബാദ്, അമരാവതി, നാഗ്പൂർ തുടങ്ങി നിരവധി പ്രധാന നഗരങ്ങളിലേക്കുള്ള സമാന്തര പാതകൾ ഇതിനാൽ തുറന്നു കിട്ടും.മൈസൂർ, ബാംഗ്ലൂർ നഗരങ്ങളിലേക്കുള്ള രാത്രിയാത്രാ നിയന്ത്രണമില്ലാത്ത 24 മണിക്കൂർ ചരക്ക് ഗതാഗത പാത എന്ന നിലയിലും ഇത് പ്രാധാന്യം നേടും.കണ്ണൂർ വിമാനത്താവളം–കുറ്റ്യാടി നാലുവരിപ്പാത, സംസ്ഥാന–ദേശീയപാതകൾ, പണിപൂർ‍ത്തിയാകുന്ന മലയോര ഹൈവേ എന്നിവയുമായി ചേർന്നപ്പോൾ താമരശ്ശേരി ചുരത്തിനും കുറ്റ്യാടി ചുരത്തിനുമിടയിലെ മലയോര മേഖലയിൽ മികച്ച റോഡ് നെറ്റ്‌വർക്ക് രൂപപ്പെടും. ഇതോടെ ഇപ്പോഴും പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങൾ വികസനത്തിനും ടൂറിസത്തിനും വലിയ അവസരം കണ്ടെത്തും.അകലാപ്പുഴ മുതൽ ബാണാസുരസാഗർ വരെയുള്ള വഴിയിൽ കടൽ, കായൽ, മലനിരകൾ തുടങ്ങി വൈവിധ്യമാർന്ന പ്രകൃതി കാഴ്ചകൾ ഈ ഹൈവേയ്ക്ക് ഇരുവശത്തും അനുഗമിക്കുന്നതാണ്. ഇതുവഴി ടൂറിസം വികസനം കൂടി പ്രതീക്ഷിക്കപ്പെടുന്നു.

സ്റ്റേഷനുകളിലെ മനുഷ്യാവകാശ ലംഘനം തടയാൻ എ.ഐ കൺട്രോൾ റൂമുകൾ: സുപ്രീംകോടതി നിർദ്ദേശം

പോലീസ് സ്റ്റേഷനുകളിൽ നടക്കുന്ന കസ്റ്റഡി മർദ്ദനവും കൊലപാതകങ്ങളും തടയാൻ എ.ഐ നിയന്ത്രിത നിരീക്ഷണ സംവിധാനം കൊണ്ടുവരണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. സി.സി.ടി.വി ക്യാമറകൾ പല സ്റ്റേഷനുകളിലും പ്രവർത്തനക്ഷമമല്ലാത്തതും പലപ്പോഴും ഉദ്ദേശപൂർവ്വം ഓഫാക്കുന്നതുമാണ് മനുഷ്യാവകാശ ലംഘനങ്ങൾക്ക് വഴി തെളിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവർ അധ്യക്ഷരായ ബെഞ്ച് വ്യക്തമാക്കിയത്, ഭാവിയിൽ പോലീസ് സ്റ്റേഷനുകളിൽ സ്ഥാപിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ മനുഷ്യരുടെ ഇടപെടലില്ലാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിയന്ത്രിക്കുന്ന പ്രത്യേക കൺട്രോൾ റൂമുകളിലായിരിക്കും നിരീക്ഷിക്കേണ്ടത് എന്നതാണ്. ക്യാമറകൾ പ്രവർത്തനരഹിതമായാൽ എ.ഐ സംവിധാനങ്ങൾ അത് ഉടൻ തിരിച്ചറിഞ്ഞ് തുടർനടപടികൾക്ക് കാരണമാകുമെന്നും കോടതി നിരീക്ഷിച്ചു.കേരളത്തിലടക്കം കസ്റ്റഡി മർദ്ദനങ്ങളുടെ ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് സുപ്രീംകോടതി വിഷയത്തിൽ സ്വമേധയാ ഇടപെട്ടത്. “സി.സി.ടി.വി സ്ഥാപിച്ചുവെന്ന് ഉദ്യോഗസ്ഥർ സത്യവാങ്മൂലം സമർപ്പിക്കുന്നുവെങ്കിലും, പിന്നീട് അവർ തന്നെ ക്യാമറകൾ ഓഫാക്കുന്നു” എന്ന കടുത്ത വിമർശനവും കോടതി രേഖപ്പെടുത്തി.ഈ വിഷയത്തിൽ അന്തിമ വിധി സെപ്റ്റംബർ 26-ന് പ്രഖ്യാപിക്കും.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version