പനമരം പ്രദേശത്തെ വിറപ്പിച്ച കള്ളനെ പിടികൂടി

സുൽത്താൻ ബത്തേരി: കഴിഞ്ഞ രണ്ട് മാസമായി പനമരവും പരിസരപ്രദേശങ്ങളും വിറപ്പിച്ച കള്ളന്‍ പോലീസ് വലയിലായി. പേരാമ്പ്ര കൂത്താളി സ്വദേശി നവാസ് മൻസിൽ മുജീബ് ആണ് പ്രത്യേക അന്വേഷണ സംഘം ബത്തേരിയിൽ നിന്ന് പിടികൂടിയത്.വീടുകൾ, സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങി നിരവധി സ്ഥലങ്ങളിൽ മോഷണം നടത്തിയ ഇയാൾക്കെതിരെ ജില്ലയ്ക്കകത്തും പുറത്തുമായി നിരവധി കേസുകൾ നിലനിൽക്കുന്നു. തുടർ നടപടികൾ പനമരം പോലീസ് സ്വീകരിച്ചുവരികയാണ്.

വയനാട് ദുരന്തത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് പെരിന്തല്‍മണ്ണ പ്രസന്‍റേഷൻ സ്കൂളിന്‍റെ കൈത്താങ്ങ്

വയനാട് ചൂരൽമല–മുണ്ടക്കൈ ഉരുള്‍പൊട്ടലിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട ആറു കുട്ടികളുടെ ഭാവി ഉറപ്പാക്കാൻ പെരിന്തൽമണ്ണ പ്രസന്റേഷൻ സ്കൂൾ സഹായഹസ്തവുമായി മുന്നോട്ട് വന്നു. ജാസി ഗിഫ്റ്റ് ഷോ മുഖേന സമാഹരിച്ച തുക വയനാട് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീയ്ക്ക് സ്കൂൾ അധികൃതർ കൈമാറി.സ്കൂൾ പ്രിൻസിപ്പൽ ജെസ്മി തോമസ്, പിടിഎ പ്രസിഡൻറ് അമൃത സന്തോഷ് എന്നിവർ ചേർന്നാണ് സഹായത്തുക നൽകിയത്. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ കാർത്തിക, സ്കൂൾ ഹെഡ്മിസ്ട്രസ് പ്രിൻസി ജോസ്, പിടിഎ വൈസ് പ്രസിഡൻറ് ഹസീന സാദിഖ്, എക്സിക്യൂട്ടീവ് അംഗങ്ങൾ കെ.പി. രജീഷ് ബാബു, സത്താർ ആനമങ്ങാട് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ദുരന്തത്തിൽ ബന്ധുക്കളെയും നഷ്ടപ്പെട്ട കുട്ടികളെ കണ്ടെത്തുന്നതിൽ കെ.പി. രജീഷ് ബാബു നിർണായക പങ്ക് വഹിച്ചു.വയനാട് കളക്ടറുടെ നിർദേശ പ്രകാരം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ നേതൃത്വത്തിലാണ് കുട്ടികളെ കണ്ടെത്തിയത്. സമാഹരിച്ച തുക ഓരോ കുട്ടിയുടെയും പേരിലുള്ള അക്കൗണ്ടിൽ നിക്ഷേപിക്കും. ഓരോരുത്തർക്കും അരലക്ഷം രൂപ വീതമാണ് നൽകിയത്. 18 വയസ് തികയുമ്പോൾ കുട്ടികൾക്ക് അവരുടെ പഠനത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി തുക പിൻവലിക്കാനാകും.ഇതിനുപുറമെ, ദുരന്തത്തിൽ മാതാപിതാക്കളിൽ ഒരാളെ നഷ്ടപ്പെട്ട 14 കുട്ടികളും ജില്ലയിൽ ഉണ്ടെന്ന് അധികൃതർ അറിയിച്ചു. ഇവർക്കായും രണ്ടാം ഘട്ടത്തിൽ ധനസമാഹരണം നടത്തി സഹായം നൽകുമെന്ന് പ്രസന്റേഷൻ സ്കൂൾ അറിയിച്ചു.

കുട്ട – മാനന്തവാടി – പുറക്കാട്ടിരിഗ്രീന്‍ഫീല്‍ഡ് ഹൈവേ കോഴിക്കോടിന്റെ സാമ്പത്തിക ഇടനാഴി

കേരളത്തിൽ നടപ്പാക്കാൻ പോകുന്ന ഗ്രീൻഫീൽഡ് ഹൈവേ പദ്ധതി സംസ്ഥാനത്തിന്റെ ഗതാഗത ഭൂപടത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. കോഴിക്കോട് മുതൽ പൂനെ, ഹൈദരാബാദ്, അമരാവതി, നാഗ്പൂർ തുടങ്ങി നിരവധി പ്രധാന നഗരങ്ങളിലേക്കുള്ള സമാന്തര പാതകൾ ഇതിനാൽ തുറന്നു കിട്ടും.മൈസൂർ, ബാംഗ്ലൂർ നഗരങ്ങളിലേക്കുള്ള രാത്രിയാത്രാ നിയന്ത്രണമില്ലാത്ത 24 മണിക്കൂർ ചരക്ക് ഗതാഗത പാത എന്ന നിലയിലും ഇത് പ്രാധാന്യം നേടും.കണ്ണൂർ വിമാനത്താവളം–കുറ്റ്യാടി നാലുവരിപ്പാത, സംസ്ഥാന–ദേശീയപാതകൾ, പണിപൂർ‍ത്തിയാകുന്ന മലയോര ഹൈവേ എന്നിവയുമായി ചേർന്നപ്പോൾ താമരശ്ശേരി ചുരത്തിനും കുറ്റ്യാടി ചുരത്തിനുമിടയിലെ മലയോര മേഖലയിൽ മികച്ച റോഡ് നെറ്റ്‌വർക്ക് രൂപപ്പെടും. ഇതോടെ ഇപ്പോഴും പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങൾ വികസനത്തിനും ടൂറിസത്തിനും വലിയ അവസരം കണ്ടെത്തും.അകലാപ്പുഴ മുതൽ ബാണാസുരസാഗർ വരെയുള്ള വഴിയിൽ കടൽ, കായൽ, മലനിരകൾ തുടങ്ങി വൈവിധ്യമാർന്ന പ്രകൃതി കാഴ്ചകൾ ഈ ഹൈവേയ്ക്ക് ഇരുവശത്തും അനുഗമിക്കുന്നതാണ്. ഇതുവഴി ടൂറിസം വികസനം കൂടി പ്രതീക്ഷിക്കപ്പെടുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version