സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
ഒറ്റപ്പെട്ടയിടങ്ങളില്‍ 115.6 മില്ലി മീറ്റർ മുതല്‍ 204.4 മില്ലി മീറ്റർ വരെ മഴ ലഭിക്കുമെന്ന് പ്രവചിച്ചിരിക്കുന്നതില്‍ 24 മണിക്കൂറിനുള്ളില്‍ അതിശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്.
എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 64.5 മില്ലി മീറ്റർ മുതല്‍ 115.5 മില്ലി മീറ്റർ വരെ മഴ ലഭിച്ചേക്കാം. ഇടിമിന്നലോടുകൂടിയ ശക്തമായ മഴയും പ്രതീക്ഷിക്കപ്പെടുന്നു.
അടുത്ത 3 മണിക്കൂറില്‍ എറണാകുളം, ഇടുക്കി ജില്ലകളില്‍ മിതമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റർ വരെ വേഗതയില്‍ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കണ്ണൂർ, കാസർഗോഡ് തീരങ്ങളില്‍ പ്രത്യേക ജാഗ്രത നിർദേശമാണ്. INCOIS നൽകിയ മുന്നറിയിപ്പനുസരിച്ച് 2.3 മുതല്‍ 3.1 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകള്‍ക്ക് സാധ്യതയുണ്ട്. കേരള തീരത്ത് നാളെ രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ട്.
തമിഴ്‌നാട് തീരത്ത് 2.0 മുതല്‍ 2.7 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകള്‍ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുള്ളതായി INCOIS അറിയിച്ചു. ലക്ഷദ്വീപ്, കർണാടക, മാഹി തീരങ്ങളിലെയും ഉയർന്ന തിരമാല ജാഗ്രത മുന്നറിയിപ്പ് നിലനില്‍ക്കുന്നു.
ജാഗ്രത നിർദേശങ്ങള്‍
- കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് മാറി താമസിക്കുക.
- മല്‍സ്യബന്ധന യാനങ്ങള്‍ സുരക്ഷിതമായി ഹാർബറില്‍ കെട്ടിയിട്ട് സൂക്ഷിക്കുക.
- ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.