വയനാട് മുണ്ടക്കൈയിൽ നടന്ന ദുരന്തം വളരെയധികം ആഘാതമേറിയ പ്രകൃതി ദുരന്തമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ചൂരൽമലയിൽ സന്ദർശനം നടത്തി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നുമന്ത്രി. ഇന്ന് പുലർച്ചെ രണ്ട് മണിക്ക് നടന്ന സംഭവത്തിൽ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ ചൂരൽമലയിൽ അടക്കം കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. ദുരന്ത സ്ഥലത്ത് എൻ.ഡിആർ.എഫ്, പോലീസ്, ഫയർ, റവന്യൂ, സന്നദ്ധ സംഘടനകൾ, വളണ്ടിയർമാർ, പ്രദേശവാസികൾ, നാട്ടുകാർ എന്നിവരുടെ കൂട്ടായ ഏകോപനത്തിൽ ശ്രമകരമായ രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്. പരിക്കേറ്റവർക്ക് ആശുപത്രികളിൽ ചികിത്സ ഉറപ്പാക്കിയിട്ടുണ്ട്. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിന് കൂടുതൽ മന്ത്രിമാർ ജില്ലയിൽ എത്തുമെന്നും മന്ത്രി പറഞ്ഞു.