മരണം ഔദ്യോഗിക സ്ഥിരീകരണം 231
കാണാതായവര്‍ 78
കണ്ടെത്തിയ ശരീരഭാഗങ്ങള്‍ 217
പരിക്കേറ്റവര്‍ 71
ഡി.എന്‍.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞവര്‍ 42
അപ്രത്യക്ഷമായ വീടുകള്‍ 183
പൂര്‍ണ്ണമായും തകര്‍ന്ന വീടുകള്‍ 145
ഭാഗികമായി തകര്‍ന്ന വീടുകള്‍ 170
വാസയോഗ്യമല്ലാത്ത വീടുകള്‍ 240
നഷ്ടമായ കൃഷിയിടം 340 ഹെക്ടര്‍
സംസ്ഥാനത്തുണ്ടായ ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഒരുമാസം തികയുമ്പോള്‍ ദുരിതങ്ങളുടെ കണ്ണീര്‍ക്കയങ്ങളില്‍ നിന്നും വയനാട് പതിയെ കര കയറുകയാണ്. ദുരന്തത്തില്‍ പകച്ചു നില്‍ക്കാതെ ഏറ്റവും കാര്യക്ഷമമായി മുന്നേറിയ രക്ഷാപ്രവര്‍ത്തനം മുതല്‍ ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കായുള്ള പ്രാഥമിക തലത്തിലുള്ള താല്‍ക്കാലിക പുനരധിവാസം വരെയും ശരിയായ ഏകോപനത്തിലൂടെ ഇതിനകം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. ജൂലായ് 30 ന് പുലർച്ചെ 1.46 നാണ് മുണ്ടക്കൈയിലെ പുഞ്ചിരിമട്ടത്ത് ആദ്യ ഉരുള്‍പൊട്ടലുണ്ടാകുന്നത്. അതിഭയാനകമായി വലിയ മലവെള്ളപ്പാച്ചിലായി മാറിയ ദുരന്തം നാടിനെ ഒന്നാകെ തുടച്ചുകൊണ്ടുപോവുകയായിരുന്നു. പിറ്റേന്ന് നേരം പുലര്‍ന്നതോടെയാണ് മുണ്ടക്കൈ ചൂരല്‍മല ഉരുള്‍ ദുരന്തത്തിന്റെ വ്യാപ്തി നാടെല്ലാം അറിയുന്നത്. ദുരന്തമുണ്ടായത് മുതല്‍ നാടിനൊപ്പം രക്ഷാകരങ്ങളുമായി വിവിധ സേനകളും സര്‍ക്കാര്‍ സംവിധാനങ്ങളും അണിനിരക്കുകയായിരുന്നു. കൃത്യമായ ഏകോപനത്തിലൂടെ പ്രഖ്യാപിത ദിവസങ്ങള്‍ക്ക് മുമ്പേ ദുരന്തബാധിതരായ മുഴുവന്‍ കുടുംബങ്ങളെയും താല്‍ക്കാലികമായി പുനരധിവസിപ്പിക്കാന്‍ കഴിഞ്ഞതും പ്രാഥമികമായുള്ള ധനസഹായ വിതരണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതുമെല്ലാം അതിജീവനത്തിന്റെ ആദ്യപടിയായി മാറുകയായിരുന്നു.
മാതൃകയായി രക്ഷാപ്രവര്‍ത്തനം
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
നാടിനെ മുഴുവന്‍ നടുക്കിയ ദുരന്തത്തില്‍ സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനത്തിനാണ് വയനാട് സാക്ഷ്യം വഹിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മുണ്ടക്കൈ ചൂരല്‍മല രക്ഷാപ്രവര്‍ത്തനത്തിന് അതിവേഗ ആസൂത്രണമാണ് നടന്നത്. ഏറ്റവും വേഗത്തില്‍ രക്ഷാപ്രവര്‍ത്തന ദൗത്യം ഏകോപിപ്പിത് വഴി കൂടുതല്‍ പേരെ പ്രദേശത്ത് നിന്നും രക്ഷപ്പെടുത്താനായി. മന്ത്രിമാരായ എ.കെ.ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, ഒ.ആര്‍.കേളു എന്നിവര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തി. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും അടിയന്തര കണ്‍ട്രോള്‍ റൂമുകള്‍ തുറന്ന് വിവിധ തുറകളിലുള്ള രക്ഷാപ്രവര്‍ത്തന ദൗത്യങ്ങളെ ഏകോപിപ്പിക്കുകയായിരുന്നു. ആര്‍മി അടക്കമുള്ള സേനകളുടെ സഹായം ആദ്യഘട്ടത്തില്‍ തന്നെ അഭ്യര്‍ത്ഥിച്ചു. ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ടുപോയ നിരവധി പേരെ ദുരന്തമുഖത്ത് നിന്നും എയര്‍ലിഫറ്റ് ചെയ്യാന്‍ വ്യോമസേനയുടെ ഹെലികോപ്ടര്‍ എത്തിച്ചു. മുണ്ടക്കൈ-അട്ടമല ഭാഗങ്ങളില്‍ കുടുങ്ങിയ നിരവധി കുടുംബങ്ങളെ എയര്‍ ലിഫ്റ്റ് ചെയ്താണ് രക്ഷപ്പെടുത്തിയത്. അഗ്‌നിരക്ഷാ സേന, പോലീസ്, എന്‍.ഡി.ആര്‍.എഫ് തുടങ്ങിയ സേനകളെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ചു. റവന്യു-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍, വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍, പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു എന്നിവര്‍ അംഗങ്ങളായ നാലംഗ മന്ത്രാസഭാ ഉപസമിതിയെ ജില്ലയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി നിയോഗിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവർ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് എ.പി.ജെ ഹാളില്‍ സര്‍വകക്ഷി യോഗവും ചേര്‍ന്നു. സംസ്ഥാനം കണ്ട ഏറ്റവും വലിയ ദുരന്തവും ദുരന്തത്തിന് ശേഷം നടന്ന മികച്ച രക്ഷാപ്രവര്‍ത്തനമാണ് നടന്നതെന്ന് സര്‍വ്വകക്ഷി യോഗം അഭിപ്രായപ്പെട്ടു.
തെരച്ചിലിനായി ഒരേ സമയം നാലായിരം അംഗങ്ങള്‍
രക്ഷാദൗത്യത്തിന് കേന്ദ്ര-സംസ്ഥാന സേനാ വിഭാഗത്തിലെ 1809 പേര്‍ ദുരന്തമുഖത്തെത്തി. എന്‍.ഡി.ആര്‍.എഫിന്റെ 126, മദ്രാസ് എന്‍ജിനിയറിങ് ഗ്രൂപ്പ് 154, പ്രതിരോധ സുരക്ഷാ സേന (ഡി.എസ്.സി) 187, നാവിക സേനയുടെ രണ്ടു ടീം 137, ഫയര്‍ഫോഴ്സ് 360, കേരള പോലീസ് 1286, ഫോറസ്റ്റ് , തമിഴ്‌നാട് ഫയര്‍ഫോഴ്‌സ്, എം.എം.ഇ പാങ്ങോട് ബ്രിഗേഡ് 89, എസ്.ഡി.ആര്‍.എഫ് സേനകളില്‍ നിന്നും 60, ഹൈ ആള്‍ട്ടിട്ട്യൂഡ് ടീം 14, കോസ്റ്റ് ഗാര്‍ഡ് 26, ടെറിട്ടോറിയല്‍ ആര്‍മി 45, ടി.എന്‍.ഡി.ആര്‍.എഫ് 21, സ്‌പെഷ്യല്‍ ഓപറേഷന്‍ ഗ്രൂപ്പ്, മെഡിക്കല്‍ ടീം, ദേശീയ ദുരന്തനിവാരണ അതോറിറ്റി ഡെല്‍റ്റ സ്‌ക്വാഡ്, നേവല്‍, കഡാവര്‍ ഉള്‍പ്പെയുള്ള കെ – 9 ഡോഗ് സ്‌ക്വാഡ്, ആര്‍മി കെ -9ഡോഗ് സ്‌ക്വാഡും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ജനകീയതെരച്ചിലില്‍ രണ്ടായിരം പേര്‍ പങ്കെടുത്തു. ചൂരല്‍മലയില്‍ സൈന്യം നിര്‍മ്മിച്ച ബെയ്‌ലി പാലം രക്ഷാദൗത്യത്തിന്റെ നാഴിക കല്ലായി. 36 മണിക്കൂര്‍ കൊണ്ടാണ് ആര്‍മി മദ്രാസ് എന്‍ജീനീയറിങ്ങ് ഗ്രൂപ്പിലെ 250 സൈനികര്‍ ബെയ്ലി പാലം നിര്‍മ്മിച്ചത്. ഇന്ത്യന്‍ ആര്‍മി, കേരള പോലീസ്, തമിഴ്നാട് ഫയര്‍ഫോഴ്സ്, ഒഡീഷ എന്നിവടങ്ങളിലെ ഡോഗ് സ്‌ക്വോഡുകളും ദുരന്തമുഖത്ത് കാണാതായവര്‍ക്കുള്ള തെരച്ചിലിനുണ്ടായിരുന്നു. ദുരന്തമുഖത്ത് തുടര്‍ച്ചയായുള്ള തെരച്ചില്‍ കാര്യക്ഷമമായാണ് മുന്നേറിയത്.
അതിവേഗം സഹായധനം
ദുരന്തത്തിനിരയായ 822 കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായമായ പതിനായിരം രൂപ ആദ്യഘട്ടത്തില്‍ തന്നെ കൈമാറി. സംസ്ഥാന ദുരന്തനിവാരണ നിധിയില്‍ നിന്നും 4 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 2 ലക്ഷം രൂപയും പി.എം.എന്‍.ആര്‍.എഫില്‍ നിന്നുള്ള 2 ലക്ഷം രൂപയുമടക്കം 8 ലക്ഷം രൂപ വീതം 93 കുടുംബങ്ങള്‍ക്ക് ഇതിനകം വിതരണം ചെയ്തു. 173 കുടുബങ്ങള്‍ക്ക് മൃതദേഹങ്ങളുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി 10000 രൂപ അനുവദിച്ചു. ദുരിതബാധിതര്‍ക്ക് അടിയന്തര സഹായമായി ഒരു മാസത്തേക്ക് പ്രതിദിനം 300 രൂപ വീതം 1342 കുടുംബങ്ങള്‍ക്ക് നല്‍കി. ഒരു കുടുംബത്തില്‍ ഒരാള്‍ക്ക് 300 രൂപ പ്രകാരം 761 കുടുംബങ്ങള്‍ക്കും ഒരു കുടുംബത്തിലെ രണ്ടുപേര്‍ക്ക് 300 രൂപ വീതം 581 കുടുംബങ്ങള്‍ക്കുമാണ് ധനസഹായം നല്‍കിയത്.
താല്‍ക്കാലിക പുനരധിവാസം
ദുരന്തബാധിത പ്രദേശങ്ങളില്‍ നിന്നും ക്യാമ്പുകളിലെത്തിയ 795 കുടുംബങ്ങള്‍ക്കാണ് സര്‍ക്കാര്‍ താത്ക്കാലിക പുനരധിവാസം ഒരുക്കിയത്. 2569 പേരാണ് പുനരധിവാസത്തിന്റെ ആദ്യഘട്ടമായ താല്‍ക്കാലിക താമസ സഥലത്തുള്ളത്. ഇവര്‍ക്കായി വൈത്തിരി താലൂക്ക് പരിധിയിലെ വാടക വീടുകളും സര്‍ക്കാര്‍ സംവിധാനങ്ങളുമാണ് അതിവേഗം കണ്ടെത്തിയത്. ബന്ധുവീടുകളിലേക്ക് മടങ്ങിയവര്‍ക്കും തുല്യപരിഗണനയിലുള്ള ധനസഹായങ്ങളാണ് ലഭ്യമാക്കുന്നത്. 543 കുടുംബങ്ങള്‍ക്കാണ് ഈ ഗണത്തില്‍ സ്വയം സാക്ഷ്യപ്പെടുത്തലിലൂടെ സഹായം നല്‍കുക. എല്ലാ മാസവും അഞ്ചാം തീയ്യതിക്ക് മുമ്പായി താല്‍ക്കാലിക പുനരധിവാസത്തിനായുള്ള വാടക തുക അക്കൗണ്ട് വഴി വിതരണം ചെയ്യുന്ന സംവിധാനമാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. 583 കുടുംബങ്ങള്‍ക്ക് ഫര്‍ണ്ണീച്ചര്‍, കിടക്ക, പാത്രങ്ങള്‍ എന്നിവയടങ്ങിയ ബാക്ക് ടു ഹോം കിറ്റുകളും വിതരണം ചെയ്തു.
ഡി.എന്‍.എ പരിശോധന
കാണാതായവരെ കണ്ടെത്താനുളള പരിശ്രമത്തിന്റെ ഭാഗമായി മൃതദേഹങ്ങളുടെയും ശരീരഭാഗങ്ങളുടെയും ഡി.എന്‍.എ പരിശോധനയും നടന്നു. ഡി.എന്‍.എ പരിശോധനയുടെ ഭാഗമായി മൃതദേഹങ്ങളുടെയും കണ്ടെത്തിയ ശരീരഭാഗങ്ങളുടെയും 427 സാംപിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. 21 മൃതദേഹങ്ങളുടെയും 59 ശരീരഭാഗങ്ങളുടെയും ഡി.എന്‍.എ 42 പേരുടെ സാമ്പിളുമായി ചേരുന്നതായും കണ്ടെത്തി. കാണാതായവരെ തേടിയുള്ള കരട് ലിസ്റ്റില്‍ 119 പേരാണുണ്ടായിരുന്നത്. ഇതില്‍ നിന്നും തിരിച്ചറിഞ്ഞവരെ ഒഴിവാക്കിയതിനെ തുടര്‍ന്ന് കാണാതായവരുടെ ലിസ്റ്റില്‍ ഇപ്പോള്‍ 78 പേരാണുള്ളത്. ജില്ലാ പോലീസ് മേധാവിയുടെയുടെ വിശദമായ അന്വേഷണത്തിന് ശേഷമാണ് ഈ കണക്കുകള്‍ ക്രോഡീകരിച്ച് നടപടികള്‍ സ്വീകരിക്കുക.
ലക്ഷ്യം സമ്പൂര്‍ണ്ണ അതിജീവനം
ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നിന്നുള്ള കുടുംബങ്ങളുടെ അതിവേഗത്തിലുളള അതിജീവനമാണ് സര്‍ക്കാരിന്റെയും ലക്ഷ്യം. ദുരന്തം നേരിട്ട കുട്ടികളുടെയും കുടുംബങ്ങളുടെയും അതിജീവനത്തിനായുളള സമ്പര്‍ണ്ണ പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്നും കുടുംബങ്ങളെ മോചിപ്പിക്കുന്നതിനായി പ്രത്യേക കൗണ്‍സിലിങ്ങും നല്‍കി വരുന്നു. 350 ഓളം സാമൂഹിക മാനസികാരോഗ്യ കൗണ്‍സിലര്‍മാരെയും സൈക്യാട്രിസ്റ്റുകളെയും സേവനം ഉറപ്പാക്കി. ഇതുവരെ 2000 വ്യക്തിഗത സൈക്കോ സോഷ്യല്‍ കൗണ്‍സലിങ്ങും 21 സൈക്യാട്രിക് ഫാര്‍മക്കോതെറാപ്പിയും 401 പേര്‍ക്ക് ഗ്രൂപ്പ് കൗണ്‍സലിങ്ങ് സെഷനുകളും നല്‍കി. മുണ്ടക്കൈയിലെയും ചൂരല്‍മലയിലെയും കുട്ടികളുടെ പഠനത്തിനുള്ള സൗകര്യങ്ങളും ഒരുക്കി വരികയാണ്. സെപ്തംബര്‍ രണ്ടിന് മേപ്പാടി ഗവ.ഹയര്‍സെക്കന്‍ഡറിയില്‍ വെള്ളാര്‍മല, മുണ്ടക്കൈ വിദ്യാലയങ്ങള്‍തുറക്കും.
സ്ഥിരം പുനരധിവാസത്തിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും
ദുരന്തത്തിനിരയായ എല്ലാ കുടുംബങ്ങളെയും സ്ഥിരമായി പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ദേശീയ ഭൗമശാസ്ത്ര കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘവും
റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ജില്ലാ ഭരണകൂടം, റവന്യൂ വകുപ്പ്, ഹസാര്‍ഡ് അനലിസ്റ്റ്, ജിയോളജിസ്റ്റ്, സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍ എന്നിവരടങ്ങിയ സംഘം പുനരധിവാസത്തിനായി കണ്ടെത്തിയ സ്ഥലങ്ങളുടെ പട്ടിക സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷിതത്വത്തിന് മുന്‍ഗണന നല്‍കിയാവും പുനരധിവാസം നടത്തുക. ഉപജീവന മാര്‍ഗങ്ങള്‍, വിദ്യാഭ്യാസം, ആരോഗ്യം വിനോദോപാധികള്‍ തുടങ്ങി എല്ലാം സമന്വയിപ്പിച്ചു കൊണ്ടാണ് പുനരധിവാസംസാധ്യമാക്കുക.