അതിജീവനത്തിന്റെ മണിമുഴങ്ങി….ഉണര്‍ന്നു വീണ്ടും വിദ്യാലയങ്ങള്‍ - Wayanad Vartha

അതിജീവനത്തിന്റെ മണിമുഴങ്ങി….ഉണര്‍ന്നു വീണ്ടും വിദ്യാലയങ്ങള്‍

ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ഇന്നലെകളില്‍ നിന്നും അതിജീവനത്തിന്റെ പുതിയ പാഠങ്ങളും മുന്നേറ്റങ്ങളുമായി വീണ്ടും അവര്‍ ഒത്തുചേര്‍ന്നു. ആര്‍ത്തലച്ചുപോയ നാടിന്റെ കുരുന്നുകളെ ചേര്‍ത്തുപിടിച്ച് മേപ്പാടിയില്‍ നടന്ന പുന: പ്രവേശനോത്സവം കരുതലിന്റെയും പ്രതീക്ഷകളുടെയും പുതിയ സന്ദേശമായി. മുണ്ടക്കൈ, ചൂരല്‍മല ദുരന്തമേഖലകളില്‍ നിന്നുമുള്ള 607 കുട്ടികള്‍ക്കാണ് മേപ്പാടിയില്‍ അതിവേഗം ക്ലാസ്സ് മുറികള്‍ ഒരുങ്ങിയത്. വര്‍ണ്ണ ബലൂണുകളും കളിപ്പാട്ടങ്ങളും പാഠ പുസ്തകങ്ങളും പഠനകിറ്റുകളുമെല്ലാം നല്‍കിയാണ് ഈ വിദ്യാര്‍ത്ഥികളെ പുതിയ വിദ്യാലയം വരവേറ്റത്. മുണ്ടക്കൈ ജി.എല്‍.പി സ്‌കൂളിലെ 61 കുട്ടികളും വെളളാര്‍മല ജി.വി.എച്ച്.എസ്.എസ്സിലെ 546 കുട്ടികളുമാണ് മേപ്പാടിയിലെ പുതിയ ക്ലാസ്സ് മുറികളില്‍ പഠനം തുടരുക. ഇവര്‍ക്കായി മേപ്പാടി ഗ്രാമപഞ്ചായത്ത് എ.പി.ജെ ഹാളിലും മേപ്പാടി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലുമാണ് ക്ലാസ്സ് മുറികള്‍ തുറന്നത്. ദുരന്ത മേഖലയില കുട്ടികളുടെ പഠനത്തിന് അതിവേഗം തയ്യാറായ ബദൽ സംവിധാനവും പുന: പ്രവേശനോത്സവവും നാടും ഏറ്റെടുക്കുകയായിരുന്നു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

പുതിയ യാത്ര പുതിയ പ്രതീക്ഷകള്‍

ഒരു നാടിന്റെ നൊമ്പരങ്ങളെല്ലാം മറന്ന് പുതിയ പുലരികളിലേക്കുള്ള അവരുടെ യാത്രയും വേറിട്ടതായി. ചൂരല്‍മലയില്‍ നിന്നും മൂന്ന് കെ.എസ്.ആര്‍.ടി സി ബസ്സുകളിലായിരുന്നു കുട്ടികളുടെയെല്ലാം മേപ്പാടിയിലെ പുതിയ വിദ്യാലയത്തിലേക്കുള്ള യാത്ര. ജനപ്രതിനിധികളും അധ്യാപകരും ഉദ്യോഗസ്ഥരുമെല്ലാം പങ്കുചേര്‍ന്ന അവരുടെ സ്‌കൂളിലേക്കുള്ള ആദ്യ ദിവസത്തെ യാത്രയും അവിസ്മരണീയമായി. യാത്രക്കിടയില്‍ നാടന്‍ പാട്ടിന്റെ ഈണത്തില്‍ വെള്ളാര്‍മലയിലെ മുതിര്‍ന്ന കുട്ടികള്‍ക്കൊപ്പം മുണ്ടക്കൈയിലെ കുഞ്ഞുകൂട്ടുകാരും താളംപിടിച്ചു. എല്ലാം മറന്ന് ഇത് ഇവരുടെ പുതിയ ജീവിതത്തിലേക്കുള്ള യാത്രകൂടിയാവുകയായിരുന്നു. തേയിലേത്തോട്ടങ്ങളെ പിന്നിട്ട് ബസ്സുകള്‍ മേപ്പാടിയിലെത്തുമ്പോള്‍ ഇവരെയെല്ലാം മധുരം നല്‍കി സ്വീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയും മന്ത്രിമാരായ എ.കെ.ശശീന്ദ്രനും, ഒ.ആര്‍ കേളുവും ജനപ്രതിനിധികളും നാടും ഒന്നാകെ അവിടെയുണ്ടായിരുന്നു. പുതിയ കൂട്ടുകാരെ ബാന്‍ഡ് മേളത്തിന്റെ അകമ്പടിയിലായിരുന്നു വിദ്യാലയത്തിലേക്ക് ആനയിച്ചത്. ആശങ്കകളും വേര്‍തിരിവുകളുമില്ലാതെ കുട്ടികളെല്ലാം അപരിചിതത്വത്തിന്റെ മതില്‍കെട്ടുകളില്ലാത്ത പുതിയ ക്ലാസ്സമുറികളിലും ഒത്തുചേര്‍ന്നു.

പൂക്കള്‍ പൂമ്പാറ്റകള്‍ പുതിയ വിദ്യാലയം

പൂക്കളും പൂമ്പാറ്റയും വര്‍ണ്ണതുമ്പികളുമെല്ലാമുള്ള വിദ്യാലയം. മുണ്ടക്കെ ജി.എല്‍.പി സ്‌കൂളിനെ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളിലാണ് മേപ്പാടി കമ്മ്യൂണിറ്റി ഹാളില്‍ പുനസൃഷ്ടിച്ചത്. എല്‍.കെ.ജി മുതല്‍ നാലാംക്ലാസ്സ് വരെയുള്ള താല്‍ക്കാലിക വിദ്യാലയത്തില്‍ അധ്യാപകരെല്ലാം മറ്റൊരു പ്രവേശനോത്സവത്തിനായി ദിവസങ്ങള്‍ക്ക് മുമ്പേ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. ദുരന്തത്തന്റെ മുറിവുകളെയെല്ലാം തുടച്ച് അതിജീവിച്ച നാടിന്റെ കരുത്തായി മാറുകയായിരുന്നു കുട്ടികളുടെ പ്രീയപ്പെട്ട അധ്യാപകരും. ഒരു രാത്രികൊണ്ട് ദുരന്തം മായ്ച്ചുകളഞ്ഞ നാട്ടിലെ പലരെയും കാണാനില്ലാത്തതിന്റെ സങ്കടങ്ങളെല്ലാം ഒതുക്കി കുട്ടികളെയെല്ലാം ഇവര്‍ ക്ലാസ്സ് മുറികളിലേക്ക് സ്വീകരിച്ചു. സ്‌ക്രീന്‍ കൊണ്ട് വേര്‍തിരിച്ച ക്ലാസ്സ്മുറികള്‍ക്കരികിലായാണ് പ്ലേ സ്‌കൂളും സജ്ജീകരിച്ചിരുന്നു. കളിപ്പാട്ടങ്ങളും സൈക്കിളുകളും എല്ലാമായി മുണ്ടക്കൈയിലെ പഴയ വിദ്യാലയം തന്നെയാണ് ഇവിടെ പുനക്രമീകരിച്ചത്. ദുരന്ത ഭീകരതകള്‍ക്കപ്പുറം പതിനൊന്ന് കൂട്ടുകാര്‍ ഒഴികെ കൂടെയുള്ളവരെയെല്ലാം ഇവിടെയുണ്ട്. എല്ലാവരെയും ഒന്നിച്ച് കണ്ടതിന്റെയും ആശ്വാസത്തിലായിരുന്നു ഈ കുരുന്നുകളെല്ലാം. അഞ്ചുമുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുളള ക്ലാസ്സുകള്‍ മേപ്പാടി ഗവ.ഹയര്‍സെക്കന്‍ഡറിയുടെ ഒരു ഭാഗത്തായാണ് സജ്ജീകരിച്ചത്. ഇവിടേക്കുള്ള ഫര്‍ണ്ണീച്ചറുകളും ആദ്യം തന്നെ എത്തിച്ചിരുന്നു.

കൂടെയുണ്ട് പഠിച്ച് മുന്നേറാം

ദുരന്തങ്ങളെല്ലാം വലിയ നഷ്ടങ്ങളുടെതാണ്. ഇതിനെ മറികടക്കാന്‍ അതിജീവനം കൂടിയേ തീരു.. പഠിച്ച് മുന്നേറണം ഇതിനായി സര്‍ക്കാരും ഭരണകൂടവും ചുററുപാടുകളും എന്നും ഒപ്പമുണ്ടാകും. ദുരന്തം വിഴുങ്ങിയ ചൂരല്‍മലയിലെ വെളളാര്‍മല ജി.വി.എച്ച്.എസ്.എസ്സില്‍ നിന്നും മേപ്പാടി ഗവ.ഹയര്‍സെക്കന്‍ഡറിയിലെത്തിയ കുട്ടികളോടായി വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. ഈ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ്സ് മുതല്‍ ഹയര്‍സെക്കന്‍ഡറി ക്ലാസ്സുകല്‍ വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ ഒരു ക്ലാസ്സ് മുറിയില്‍ നേരിട്ട് കണ്ടാണ് മന്ത്രി സംസാരിച്ചത്. വനം മന്ത്രി എ.കെ.ശശീന്ദ്രനും കുട്ടികളെ നേരില്‍ കണ്ട് വിവരങ്ങള്‍ ആരാഞ്ഞു. പഠനത്തില്‍ നല്ലപോലെ ശ്രദ്ധിക്കണം. എന്ത് പ്രതിസന്ധികളുണ്ടെങ്കിലും അറിയിക്കാം. കുട്ടികളെ പഠന പ്രവര്‍ത്തനങ്ങളിലേക്ക് തിരികെ എത്തിക്കുന്നതിന് വിപുലമായ ക്രമീകരണങ്ങളാണ് സജ്ജമാക്കുക. അധ്യാപകര്‍ക്കും അധികൃതര്‍ക്കുമെല്ലാം നിര്‍ദ്ദേശങ്ങള്‍ നല്‍കിയാണ് മന്ത്രിമാരും ജനപ്രതിനിധികളും മടങ്ങിയത്. പുന: പ്രവേശനോത്സവത്തിന്റെ ആദ്യദിനം കുട്ടികള്‍ക്കായി കലാപരിപാടികളും അരങ്ങേറിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top