കുട്ടികളുടെ തുടര്‍പഠനം;അതിവേഗം ഒരുങ്ങി ബദല്‍ വിദ്യാലയം

ദുരന്തമേഖലയിലുള്ളവരുടെ താല്‍ക്കാലിക പുനരധിവാസം ഉള്‍പ്പെടെ നാലാഴ്ചകള്‍ക്കുള്ളില്‍ സാധ്യമാക്കിയ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ബദല്‍ വിദ്യാലയവും കരുത്തായി മാറി. മികച്ച സൗകര്യങ്ങളോടെ പ്രവര്‍ത്തിച്ച മുണ്ടക്കെയിലെയും വെള്ളാര്‍മലയിലെയും രണ്ട് മാതൃക പൊതുവിദ്യാലയങ്ങളാണ് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മാഞ്ഞുപോയത്. ദുരന്തത്തില്‍ മരിച്ച കുട്ടികളും ഈ വിദ്യാലയങ്ങളുടെ തീരാവേദനയായി മാറി.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

36 കുട്ടികള്‍ മരിക്കുകയും 17 കുട്ടികളെ കാണതാവുകയും ചെയ്തിരുന്നു. 316 കുട്ടികള്‍ ദുരിതാശ്വാസ ക്യാമ്പുകളിലുമായിരുന്നു. ഒട്ടുമിക്ക കുട്ടികളുടെ കുടുംബത്തെയും ദുരന്തം സാരമായി ബാധിച്ചിരുന്നു. ഉറ്റവരെയും വീടിനെയും വിദ്യാലയത്തിനെയും നഷ്ടപ്പെട്ട കുട്ടികള്‍ക്ക് പഠന സൗകര്യം ഒരുക്കുകയെന്നതും താല്‍ക്കാലിക പുനരധിവാസം പോലെ പ്രധാനപ്പെട്ടതായിരുന്നു. ഇതിനായുള്ള അതിവേഗ തയ്യാറെടുപ്പുകളാണ് താമസിയാതെയുള്ള പുന പ്രവേശനോത്സവത്തിന് കളമൊരുക്കിയത്. ജി.വി.എച്ച്.എസ്.എസ് വെള്ളാര്‍മലയിലെ വിദ്യാര്‍ത്ഥികള്‍ക്കായി മേപ്പാടി ജി.എച്ച്.എസ്.എസ്സില്‍ 12 ക്‌ളാസ്സ് മുറികള്‍, 2 ഐ.ടി.ലാബുകള്‍, ഓഫീസ്, സ്റ്റാഫ് റൂം എന്നിവയും മുണ്ടക്കെ ജി.എല്‍.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി മേപ്പാടി എ.പി.ജെ ഹാളില്‍ 5 ക്ലാ.സ്സ് മുറികളുമാണ് ഒരുങ്ങിയത്. കുട്ടികള്‍ക്ക് ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനുള്ള അടുക്കളകളും സജ്ജമായി.ദുരന്തത്തില്‍ പുസ്തകങ്ങള്‍ നഷ്ടപ്പെട്ട 296 കുട്ടികള്‍ക്കാണ് പൊതുവിദ്യാഭ്യാസ വകുപ്പ് വഴി പാഠപുസ്തകങ്ങള്‍ ലഭ്യമാക്കിയത്. മുണ്ടക്കൈയിലെയും വെളളാര്‍മലയിലെയും 282 കുട്ടികള്‍ക്കുള്ള യൂണിഫോമും നല്‍കി. ദുരന്തമേഖലയില്‍ നിന്നുള്ള കുട്ടികള്‍ക്കായി മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്‌റ്ററുടെ കീഴിൽ 668 കിറ്റുകളും കൂടുതല്‍ ആവശ്യമായുള്ളവ ജില്ലാ ഭരണകൂടവും കണ്ടെത്തി. വിദ്യാലയത്തില്‍ നിലവിലുള്ള ശുചിമുറികള്‍ക്ക് പുറമെ 20 ബയോ ടോയ്‌ലെറ്റുകളും ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ഇവിടെ സജ്ജീകരിക്കും.ജില്ലാ പഞ്ചായത്ത് വഴി 8 യുറിനല്‍ യൂണിറ്റുകളും 2 ശുചിമുറികളും ഇവിടെ ഒരുങ്ങും. മേപ്പാടി ജി.എച്ച്.എസ്.എസ്സിലെ ഡൈനിങ്ങ് ഹാള്‍ കെട്ടിടത്തിന്റെ മുകളില്‍ രണ്ടു നിലകളിലായി എട്ട് ക്ലാസ്സ് മുറികളും അനുബന്ധ ശുചിമുറികളും നിര്‍മ്മിക്കാന്‍ ബില്‍ഡിങ്ങ് കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷനുമായി ഇതിനകം ധാരണയായിട്ടുണ്ട്. മേപ്പാടിയിലെ ബദല്‍ വിദ്യാലയത്തിലെത്താന്‍ കുട്ടികള്‍ക്കുള്ള യാത്രാസൗകര്യം ഉറപ്പുവരുത്തിയിട്ടുണ്ട്. മന്ത്രിതല ഉപസമിതി തീരുമാന പ്രകാരം കുട്ടികളെ വിദ്യാലയത്തിലെത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി അധിക സര്‍വ്വീസുകള്‍ നടത്തും. യാത്രാസൗകര്യം ആവശ്യമുള്ള 428 ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും 72 വി.എച്ച്.എസ്.സി വിദ്യാര്‍ത്ഥികള്‍ക്കും കെ.എസ്.ആര്‍.ടി.സി , ജീപ്പ്, ഓട്ടോറിക്ഷ സൗകര്യങ്ങള്‍ ഒരുക്കി. ചൂരല്‍മല മേപ്പാടി റൂട്ടില്‍ സ്‌കൂള്‍ സമയത്ത് 3 കെ.എസ്.ആര്‍.ടി.സി ബസ്സുകളും മുണ്ടക്കൈയില്‍ നിന്നും ജീപ്പ്, ഒട്ടോ സൗകര്യങ്ങളുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്വകാര്യ ബസ്സുകളില്‍ സൗജന്യ യാത്രാ പാസ്സും അനുവദിക്കും. കുട്ടികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവര്‍ക്കായുള്ള മാനസിക പിന്തുണ പ്രവര്‍ത്തനങ്ങളും നടത്തും. ഇതിനായി സര്‍വശിക്ഷാ കേരളം, എസ്.സി.ഇ.ആര്‍.ടി എന്നിവയുടെ നേതൃത്വത്തില്‍ പ്രത്യേക മൊഡ്യൂളുകളും തയ്യാറാക്കിയിട്ടുണ്ട്. ദുരന്തത്തെ തുടര്‍ന്ന് നഷ്ടപ്പെട്ട അധ്യയന ദിനങ്ങള്‍ അവധി ക്രമീകരണത്തിലൂടെ വീണ്ടെടുക്കാനുള്ള പദ്ധതിയും തയ്യാറായി വരികയാണ്. അതിവേഗമാണ് ഈ ആസൂത്രണങ്ങളെല്ലാം മുന്നേറിയത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top