മനുഷ്യരിൽ തിരിച്ചറിഞ്ഞിട്ടുള്ള നാല് പ്രധാന രക്തഗ്രൂപ്പുകൾ ആണ് എ, ബി, ഒ, എബി. ഇക്കാലത്ത് ചില പുതിയ രക്തഗ്രൂപ്പുകളും കണ്ടെത്തിയിരുന്നു. ഇപ്പോൾ ശാസ്ത്രജ്ഞർ പുതിയൊരു രക്തഗ്രൂപ്പ് കൂടി കണ്ടെത്തിയിരിക്കുന്നു. ‘എംഎഎൽ (MAL)’ എന്നാണ് ഈ രക്തഗ്രൂപ്പിന് നൽകിയിരിക്കുന്ന പേര്. ഇത് സംബന്ധിച്ച ഗവേഷണ ലേഖനം ‘അമേരിക്കൻ സൊസൈറ്റി ഓഫ് ഹെമറ്റോളജി’ പ്രസിദ്ധീകരിക്കുന്ന പിയർ-റിവ്യൂഡ് ജേണൽ ആയ ബ്ലഡിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു.1927-ൽ ഒരു ഗർഭിണിയുടെ രക്തസാമ്പിൾ പരിശോധിച്ചപ്പോൾ, സാധാരണ രക്താണുക്കളിൽ കാണുന്ന ഉപരിതല തന്മാത്രകൾ അല്ലെങ്കിൽ ആന്റിജൻ ഇതിൽ ഇല്ലെന്ന് കണ്ടെത്തി. തുടർന്ന്, കൂടുതൽ പഠനങ്ങൾ നടത്തുന്നതിന്, യുകെയിലെ എൻഎച്ച്എസ് ബ്ലഡ് ആൻഡ് ട്രാൻസ്‌പ്ലാന്റ് (NHSBT) യൂണിറ്റും ബ്രീസ്റ്റോൾ സർവകലാശാലയും സഹകരിച്ചു. 50 വർഷം നീണ്ടുനിന്ന പഠനങ്ങൾക്കൊടുവിലാണ് ഈ കണ്ടെത്തൽ.‘പുതിയ രക്തഗ്രൂപ്പിന്റെ കണ്ടെത്തൽ മെഡിക്കൽ മേഖലയിലെ വലിയ നേട്ടമാണ്. ഇത് രോഗികൾക്ക് കൂടുതൽ കൃത്യമായ പരിചരണം നൽകാൻ സഹായിക്കും,’ എന്ന് NHSBTയിലെ സീനിയർ റിസർച്ച് സയന്റിസ്റ്റ് ലൂയിസ് ടില്ലി പറഞ്ഞു. 20 വർഷമായി ഈ പ്രോജക്റ്റിൽ പ്രവർത്തിച്ചിരുന്ന ടില്ലി, അപൂർവ രക്തഗ്രൂപ്പുകളുടെ കണ്ടെത്തൽ ചികിത്സാ ദിശയിൽ വൻ പുരോഗതിയാണെന്നും ചൂണ്ടിക്കാട്ടി.AnWj ആന്റിജൻ, 1972-ൽ ആദ്യമായി കണ്ടെത്തിയ ഉപരിതല പ്രോട്ടീനാണ്, അതിൽ 99.9% ആളുകളും AnWj പോസിറ്റീവ് ആണ്. AnWj നെഗറ്റീവ് ആയവർക്ക് AnWj പോസിറ്റീവ് രക്തം നൽകുന്നത് അപകടകരമായ ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകാം. ചിലപ്പോൾ ക്യാൻസർ പോലുള്ള രോഗങ്ങൾ, അല്ലെങ്കിൽ രക്ത വ്യതിയാനങ്ങൾ ഇതിനു കാരണം ആകാം, എന്നാൽ ചിലർക്ക് ജനിതകമായി AnWj കുറവാണെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.എംഎഎൽ ഗ്രൂപ്പിന്റെ കണ്ടെത്തൽ, AnWj നെഗറ്റീവ് ആയ വ്യക്തികളെ തിരിച്ചറിയാനും കൃത്യമായ ചികിത്സ നൽകാനും സഹായിക്കുന്നതായി ഗവേഷകർ പറഞ്ഞു.