മനുഷ്യ-വന്യമൃഗ സംഘര്‍ഷം ലഘൂകരിക്കാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും : മന്ത്രി എ.കെ ശശീന്ദ്രന്‍

മനുഷ്യ-വന്യമൃഗ സംഘര്‍ഷം ലഘൂകരിക്കാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. സംസ്ഥാന സര്‍ക്കാറിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നൂറുദിന കര്‍മ്മപരിപാടികളുടെ ഭാഗമായി മുത്തങ്ങ, സുല്‍ത്താന്‍ ബത്തേരി, തോല്‍പ്പെട്ടി റെയിഞ്ച് ഓഫീസുകളുടെ കെട്ടിട നിര്‍മ്മാണ ശിലാസ്ഥാപനവും കുപ്പാടി ആര്‍.ആര്‍.ടി ആന്‍ഡ് വെറ്ററിനറി കോംപ്ലക്‌സിന്റെ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

വന്യജീവികളുടെ കടന്നാക്രമണത്തില്‍ മനുഷ്യ ജീവനുകള്‍ നഷ്ടമാവുകയും കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതിനും പരിഹാരമുറപ്പാക്കുക ലക്ഷ്യമിട്ടാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നത്. നൂതന പരീക്ഷണമെന്ന നിലയിലാണ് സോളാര്‍ ഹാങ്ങിങ് ഫെന്‍സിങ്ങ് നടപ്പാക്കിയത്. സംസ്ഥാനത്ത് പദ്ധതി വിജയകരമാണെന്നും എല്ലായിടത്തും ഫെന്‍ന്‍സിങ് തന്നെയാണ് പരിഹാര മാര്‍ഗ്ഗമെന്ന് തീരുമാനിക്കാന്‍ കഴിയില്ലെന്നും അതത് സ്ഥലത്തെ സവിശേഷത അനുസരിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. കര്‍ഷക- ജന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ എന്നിവരുടെ കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജീവനക്കാര്‍ക്ക് സ്വയംരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കി, ജീവനക്കാരെ ശാക്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വനം വകുപ്പിനെ ജനസൗഹൃദ വകുപ്പാക്കി മാറ്റുകയെന്ന ലക്ഷ്യത്തിലേക്കാണ് എത്തിയിരിക്കുന്നത്. ജനപങ്കാളിത്തത്തോടെ ജനകീയ ആവശ്യങ്ങള്‍ പരിഹരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ജനകീയ താത്പര്യം കണക്കിലെടുത്ത് പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്ക് മന്ത്രി നന്ദി അറിയിച്ചു. സുല്‍ത്താന്‍ ബത്തേരി റാപിഡ് റസ്‌പോണ്‍സ് ടീം ആന്‍ഡ് എലിഫന്റ് സ്‌ക്വാഡ് റെയിഞ്ച് ഓഫീസര്‍ കെ.വി ബിജുവിന് 12 ബോര്‍ പബ് ആക്ഷന്‍ ഗണ്‍ മന്ത്രി കൈമാറി. കുപ്പാടി ആര്‍.ആര്‍.ടി ആന്‍ഡ് വെറ്ററിനറി കോംപ്ലക്‌സില്‍ നടന്ന പരിപാടിയില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷനായി. സുല്‍ത്താന്‍ ബത്തേരി നഗരസഭാ ചെയര്‍മാന്‍ ടി.കെ രമേശ്, നൂല്‍പ്പുഴ, തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഷീജ സതീഷ്, പി.വി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അമല്‍ ജോയി, എ.എന്‍ സുശീല, വൈല്‍ഡ് ലൈഫ് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആന്‍ഡ് ഫീല്‍ഡ് ഡയറക്ടര്‍ കെ. വിജയാനന്ദന്‍, ഉത്തര മേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ. എസ് ദീപ, നോര്‍ത്ത്- സൗത്ത് വയനാട് ഡഡി.എഫ്.ഒമാരായ കെ.ജെ മാര്‍ട്ടിന്‍ ലോവല്‍, അജിത്ത് കെ രാമന്‍, വന്യജീവി സങ്കേതം എ.ഡി.സി.എഫ് സൂരജ് ബെന്‍, സോഷ്യല്‍ ഫോറസ്ട്രി എ.സി.എഫ് എം.ടി ഹരിലാല്‍ എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top