ഹാന്‍ഡ്ബോള്‍ പ്രീമിയര്‍ ലീഗ് മത്സരം
ജില്ലാ ഹാന്‍ഡ്‌ബോള്‍ അസോസിയേഷന്റെ നേതൃത്വത്തിൽ ഒക്ടോബര്‍ 12,13 തിയതികളില്‍ പുരുഷ/വനിതാ വിഭാഗം പ്രീമിയര്‍ ലീഗ് മത്സരം നടക്കുന്നു. കേരള – തമിഴ്‌നാട് പോലീസ് ടീമുകളുള്‍പ്പെടെ സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നുള്ള 130 കായിക താരങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും. പടിഞ്ഞാറത്തറ പഞ്ചായത്ത് ഗ്രൗണ്ടില്‍ നടക്കുന്ന പ്രീമിയര്‍ ലീഗ് മത്സരം ഒക്‌ടോബര്‍ 12 ന് വൈകിട്ട് ആറിന് ടി. സിദ്ധിഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ബാലന്‍ പങ്കെടുക്കും. 13 ന് വൈകിട്ട് ഏഴിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ് വിതരണം ചെയ്യും.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
വിഷന്‍ പ്ലസ് പദ്ധതിയിലേക്ക് അപേക്ഷിക്കാം
പട്ടികജാതി വികസന വകുപ്പ് 2024-25 അധ്യയന വര്‍ഷത്തില്‍ ഉന്നതി വിഷന്‍ പ്ലസ് പദ്ധതിയിലേക്ക് വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/ വി.എച്ച്.എസ്.ഇ പരീക്ഷയില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, കണക്ക്, ഇംഗ്ലീഷ് വിഷയങ്ങളില്‍ ബി പ്ലസില്‍ കുറയാതെ ഗ്രേഡ് വാങ്ങിവര്‍, സി.ബി.എസ്.സി വിഭാഗത്തില്‍ എ2 ഗ്രേഡ് ലഭിച്ചവര്‍, ഐ.സി.എസ്.ഇ വിഭാഗത്തില്‍ എ ഗ്രേഡ് ലഭിച്ചവര്‍ക്കും അപേക്ഷിക്കാം. സംസ്ഥാനതലത്തില്‍ എംപാനല്‍ ചെയ്ത എന്‍ട്രന്‍സ് പരിശീലന സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്ക് പദ്ധതി മുഖേന ഒരു വര്‍ഷത്തേക്ക് 54000 രൂപ അനുവദിക്കും. ജില്ലയില്‍ സ്ഥിര താമസക്കാരായ വിദ്യാര്‍ത്ഥികള്‍ അപേക്ഷ, ജാതി, വരുമാനം, മാര്‍ക്ക് ലിസ്റ്റ്, പരിശീലന സ്ഥാപനത്തില്‍ നിന്നുള്ള സാക്ഷ്യപത്രം, ഫീസ് രസീത്, ആനുകൂല്യം ലഭ്യമായിട്ടില്ലെന്ന സാക്ഷ്യപത്രം, ബാങ്ക് പാസ് ബുക്ക് പകര്‍പ്പ്, ആധാര്‍, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ 30 നകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍ – 04936 203824.
എയ്ഡ്സ് ബോധവത്ക്കരണം ഫ്‌ളാഷ് മോബ് മത്സരം സംഘടിപ്പിച്ചു
ആരോഗ്യ വകുപ്പ് സംസ്ഥാന എയ്ഡ്സ് കണ്ട്രോള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ യുവജനങ്ങള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കായി എയ്ഡ്സ് ബോധവത്ക്കരണത്തിന്റെ ഭാഗമായി ഫ്‌ളാഷ് മോബ് മത്സരം സംഘടിപ്പിച്ചു. 17 നും 25 നും ഇടയില്‍ പ്രായമുള്ള കോളേജ് വിദ്യാര്‍ഥികള്‍ക്കായാണ് മത്സരം നടത്തിയത്. മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന മത്സരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ പി ദിനീഷ് ഉദ്ഘാടനം ചെയ്തു. മത്സരത്തില്‍ പനമരം ഗവ നഴ്‌സിങ് സ്‌കൂള്‍, കല്‍പ്പറ്റ ഫാത്തിമ മാതാ നഴ്‌സിങ് സ്‌കൂള്‍, സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ കോളേജ് ഓഫ് നഴ്‌സിങ് സ്‌കൂള്‍, മാനന്തവാടി ഗവ കോളേജ്, സുല്‍ത്താന്‍ ബത്തേരി വിനായക സ്‌കൂള്‍ ഓഫ് നഴ്‌സിങ് യഥാക്രമം ഒന്ന് മുതല്‍ അഞ്ച് സ്ഥാനങ്ങള്‍ നേടി. വിജയികള്‍ക്ക് 50000, 4500, 4000, 3500, 3000 രൂപ വീതം ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ജില്ലാ എയ്ഡ്സ് കണ്ട്രോള്‍ ഓഫീസര്‍ ഡോ പ്രിയ സേനന്‍ വിതരണം ചെയ്തു. ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി അധ്യക്ഷനായ പരിപാടിയില്‍ മീനങ്ങാടി സി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ അഫ്‌സല്‍, ഡെപ്യൂട്ടി ജില്ലാ മാസ് മീഡിയ ഓഫീസര്‍ കെ മുഹമ്മദ് മുസ്തഫ, എ.ആര്‍. ടി മെഡിക്കല്‍ ഓഫീസര്‍ ഡോ ജാലിബ, എച്ച്.ഐ.വി, ടി.ബി കോ-ഓര്‍ഡിനേറ്റര്‍ വി.ജെ ജോണ്‍സന്‍, മീനങ്ങാടി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ. ഗീത, സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് പി.കെ സലീം, ജിബിന്‍ കെ ഏലിയാസ് എന്നിവര്‍ സംസാരിച്ചു.
അഭിമുഖം മാറ്റിവെച്ചു
അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ എം.ജി.എന്‍.ആര്‍.ഇ.ജി.എ വിഭാഗത്തില്‍ ഓവര്‍സിയര്‍, അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് തസ്തികകളിലേക്ക് ഒക്ടോബര്‍ 11 ന് രാവിലെ 11 ന് നടത്താനിരുന്ന അഭിമുഖത്തിന് മാറ്റിവെച്ചതായി സെക്രട്ടറി അറിയിച്ചു. ഫോണ്‍- 04936 260423.
സ്യൂട്ട് കോണ്‍ഫറന്‍സ്
ഓഗസ്റ്റ്സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലെ സ്യൂട്ട് കോണ്‍ഫറന്‍സ് ഒക്ടോബര്‍ 26 ന് വൈകിട്ട് 3.30 ന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ജില്ലാ എംപവേര്‍ഡ് കമ്മിറ്റി യോഗവും നടക്കും.
എക്‌സ് റേ കവര്‍-സി.ടി കവര്‍ വിതരണംദര്‍ഘാസ് ക്ഷണിച്ചു
വയനാട് ഗവ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പേപ്പര്‍ നിര്‍മ്മിത എക്‌സറേ കവര്‍, സി.ടി കവര്‍ വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ ഒക്ടോബര്‍ 29 ന് വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും. ഫോണ്‍ -04935 240264.
ഇ-ലേലം
ബാവലി തടി ഡിപ്പോയിലെത്തിച്ച വിവിധ ക്ലാസുകളിലുള്ള തേക്ക് തടികള്‍ ഒക്ടോബര്‍ 17 ന് ഇ-ലേലം ചെയ്ത് വില്പന നടത്തുമെന്ന് ഡിപ്പോ ഓഫീസര്‍ അറിയിച്ചു. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ – 8848048470, 9847261598.കുപ്പാടി തടി ഡിപ്പോയില്‍ സൂക്ഷിച്ചിട്ടുള്ള തേക്ക്, വീട്ടീ, മറ്റുള്ള തടികള്‍ ഒക്ടോബര്‍ 17 ന് ഓണ്‍ലൈനായി വില്പന നടത്തും. ഫോണ്‍ – 8547602856, 8547602858, 04936-221562.
സമ്പൂർണ്ണതാ പ്രഖ്യാപനം നടത്തി
ആസ്പിരേഷണല്‍ ജില്ലാ ബ്ലോക്ക് പദ്ധതി നിര്‍വ്വഹണത്തില്‍ വയനാട് ജില്ലയ്ക്ക് അഭിമാന നേട്ടം. തെരഞ്ഞെടുക്കപ്പെട്ട 6 സൂചകങ്ങളുടെ പൂര്‍ത്തീകരണം സമ്പൂര്‍ണ്ണ അഭിയാന്‍ ക്യാമ്പെയിനിന്റെ സമാപനവും ജില്ലാ തല സമ്പൂര്‍ണ്ണതാ പ്രഖ്യാപനവും നടന്നു. മുട്ടില്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ആസ്പിരേഷണല്‍ ജില്ലാ ബ്ലോക്ക് പദ്ധതി ജില്ലാതല സമ്പൂര്‍ണ്ണതാ പ്രഖ്യാപനം നടത്തി. ജില്ലാ കളക്ടര്‍ ഡി.ആര്‍.മേഘശ്രി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സമ്പൂര്‍ണ്ണതാ അഭിയാന്‍ ക്യാമ്പയിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട സൂചകങ്ങളുടെ പൂര്‍ത്തീകരണത്തിനായി മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍, ആസ്പിരേഷണല്‍ ബ്ലോക്ക് പദ്ധതിയുടെ മേല്‍ നോട്ടത്തിന് ബ്ലോക്കുകളുടെ ചുമതല നല്‍കപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥര്‍, ആസ്പിരേഷണല്‍ ബ്ലോക്ക് ഫെലോസ് എന്നിവരെയും യോഗത്തില്‍ അനുമോദിച്ചു. ആസ്പിരേഷണല്‍ ബ്ലോക്ക് പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന 4 ബ്ലോക്കു പഞ്ചായത്തുകളേയും യോഗത്തില്‍ പ്രത്യേകം ആദരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബിന്ദു, മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ.രത്‌നവല്ലി, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്ണന്‍, അസിസ്റ്റന്റ് കളക്ടര്‍ ഗൗതം.എസ്.രാജ്, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ എം.പ്രസാദന്‍, ഡെപ്യൂട്ടി പ്ലാനിങ്ങ് ഓഫീസര്‍ കെ.എസ്.ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.