തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രധാനം മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
മധ്യ അറബിക്കടലിലെ ശക്തമായ ന്യൂനമർദ്ദം, തെക്കൻ കേരള തീരത്ത് രൂപപ്പെട്ട ന്യൂനമർദ്ദ പാത്തി എന്നിവയുടെ സംയുക്ത സ്വാധീനമാണ് മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാ വിഭാഗം വ്യക്തമാക്കുന്നു. വരും 3 ദിവസങ്ങളിൽ രാജ്യത്തുടനീളം കാലവർഷം പൂർണ്ണമായും പിന്മാറും, അതേസമയം തെക്കേ ഇന്ത്യയിൽ തുലാവർഷത്തിന് തുടക്കം കുറിക്കാനാണ് സാധ്യത.
ഇതിനിടെ നാളെ ഇടുക്കി ജില്ലയിലും, പാലക്കാട് മുതൽ വയനാട് വരെ വരുന്ന പ്രദേശങ്ങളിലും മറ്റന്നാൾ എറണാകുളം മുതൽ കാസർകോട് വരെയുള്ള ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ ശക്തമായ തിരമാലകളും കള്ളക്കടലും ഉണ്ടാകാനാണ് സാധ്യത. തിരുവനന്തപുരം, കൊല്ലം തീരപ്രദേശങ്ങളിൽ മുന്നറിയിപ്പായി റെഡ് അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
ഒരു മീറ്റർ മുതൽ രണ്ട് മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും കടലിൽ പോകരുതെന്നും ബീച്ചുകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ തമിഴ്നാട്ടിലെ കന്യാകുമാരി, തൂത്തുക്കുടി തീരങ്ങൾ, ലക്ഷദ്വീപ്, മാഹി, കര്‍ണാടക തീരങ്ങളിലും അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.