സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 60 ആയി ഉയർത്തേണ്ടതില്ലെന്ന് സർക്കാർ തീർപ്പാക്കി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ നിന്നുള്ള ഈ തീരുമാനം നാലാം ഭരണപരിഷ്കാര കമ്മീഷന്റെ ശുപാർശകൾ പരിഗണിച്ചാണ് ഉണ്ടായത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയുടെ ശുപാർശകൾ ഭേദഗതികളോടെ അംഗീകരിക്കുകയും ചെയ്തു.
മറ്റു തീരുമാനം പ്രകാരം കേരള സിവിൽ സർവീസ് കോഡ് രൂപീകരണത്തിനായി ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന് ചുമതല നൽകി. പ്രൊബേഷൻ ഒരു തവണ മാത്രം അനുവദിക്കുന്ന സംവിധാനം സബോഡിനേറ്റ് സർവീസിലും സ്റ്റേറ്റ് സർവീസിലും നടപ്പിലാക്കും.
തസ്തികകളുടെ ഒഴിവുകളും നിയമന പ്രക്രിയയും കൂടുതൽ സുതാര്യമാക്കുന്നതിന് വിവിധ നിർദേശങ്ങൾ അംഗീകരിച്ചു. സ്ഥലംമാറ്റ തർക്കങ്ങൾ പരിഹരിക്കുന്നതിന് സംയുക്ത സമിതിയും അംഗപരിമിതർക്കായി അനുയോജ്യമായ തസ്തികകളിൽ വേഗത്തിലുള്ള നിയമനങ്ങൾ ഉറപ്പാക്കാനും തീരുമാനമായി.
സെക്രട്ടറിയേറ്റ് ലിങ്ക് ഓഫീസ് സംവിധാനം എല്ലാ ഓഫിസുകളിലും വ്യാപിപ്പിക്കുക, എല്ലാ ജീവനക്കാർക്കും വാർഷിക ആരോഗ്യ പരിശോധന നിർബന്ധമാക്കുക എന്നീ നടപടികളും മന്ത്രിസഭാ യോഗം തീരുമാനിച്ചു.