വന്യജീവി ആക്രമണം ഗുരുതര പ്രശ്നം; വനം വാച്ചര്‍മാരുടെ കുറവ് ചൂണ്ടിക്കാട്ടി പ്രിയങ്ക ഗാന്ധി

കല്‍പ്പറ്റ: വയനാട്ടിലെ വന്യജീവി ആക്രമണങ്ങള്‍ ഗുരുതരമായ പ്രശ്നമാണെന്നും ഇതിനൊരു എളുപ്പവഴിയില്ലെന്നും പ്രിയങ്ക ഗാന്ധി എംപി. ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍ പരിഹരിക്കാന്‍ കൂടുതല്‍ ഫണ്ട് അനുവദിക്കേണ്ടതുണ്ടെന്നും ഈ വിഷയത്തില്‍ പാര്‍ലമെന്റില്‍ ശക്തമായ ഇടപെടല്‍ നടത്തുമെന്നും അവര്‍ വ്യക്തമാക്കി.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് അധികൃതര്‍ക്കൊപ്പം നടത്തിയ ചര്‍ച്ചയ്ക്കുശേഷമായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം. ഇതിനകം തന്നെ ചില നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും വനം വകുപ്പിന്റെ അതിരുകളിലെ സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി. പല പ്രദേശങ്ങളിലും വനം വാച്ചര്‍മാരുടെ കുറവ് ഉണ്ടെന്നതും, അവരുടെ തൊഴിലും വേതനവുമൊക്കെ വിഷയമായി തുടരുന്നതും പ്രശ്നം സങ്കീര്‍ണമാക്കുന്ന ഘടകങ്ങളാണെന്നും അവര്‍ വ്യക്തമാക്കി.

വന്യമൃഗങ്ങളുടെ അക്രമണങ്ങളില്‍ ഈ മാസം മാത്രം നാലുപേര്‍ മരിച്ചിട്ടുണ്ടെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. സര്‍ക്കാരുകളും ജനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ കഴിയൂ. മനുഷ്യജീവനും സ്വത്തിനും സുരക്ഷ നല്‍കുന്നതിനൊപ്പം വനവും പരിസ്ഥിതിയും സംരക്ഷിക്കേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്ന് കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട്ടിലേക്ക് പ്രിയങ്ക ഗാന്ധി സന്ദര്‍ശനം നടത്തി. രാധയുടെ കുടുംബാംഗങ്ങളുമായ് സംസാരിച്ച പ്രിയങ്ക, മനുഷ്യ-വന്യജീവി സംഘര്‍ഷം എളുപ്പത്തില്‍ പരിഹരിക്കാനാകാത്ത പ്രശ്നമാണെങ്കിലും, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇതിന് കൂടുതല്‍ ഉത്തരവാദിത്തത്തോടെ ഇടപെടണമെന്ന് ആവശ്യപ്പെട്ടു. പഞ്ചാരക്കൊല്ലി പ്രദേശത്ത് ജനങ്ങള്‍ക്ക് സുരക്ഷയും ആത്മവിശ്വാസവും ഉറപ്പാക്കാന്‍ നടപടികള്‍ വേണമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

ചര്‍ച്ചയില്‍ കെസി വേണുഗോപാല്‍ എംപി, ടി. സിദ്ദിഖ് എംഎല്‍എ, ജില്ലാ കലക്ടര്‍ ഡി.ആര്‍. മേഘശ്രീ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍, ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരി തുടങ്ങിയവരും പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top