കേരളത്തിലെ 30 തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 24ന് നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. വയനാട് ഒഴികെയുള്ള 13 ജില്ലകളിലായി ഒരു കോർപ്പറേഷൻ വാർഡ്, രണ്ട് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ, 24 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവയിൽ ഉപതിരഞ്ഞെടുപ്പ് നടക്കും.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച വിജ്ഞാപനം ജനുവരി 30ന് പുറത്തിറങ്ങും. നാമനിർദ്ദേശ പത്രികകൾ ഫെബ്രുവരി 6 വരെ സമർപ്പിക്കാം. സൂക്ഷ്മപരിശോധന ഫെബ്രുവരി 7ന് നടക്കും, സ്ഥാനാർഥിത്വം പിൻവലിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 10 ആണ്. വോട്ടെടുപ്പ് ഫെബ്രുവരി 24ന് രാവിലെ 7 മുതൽ വൈകുന്നേരം 6 വരെ നീളും. വോട്ടെണ്ണൽ ഫെബ്രുവരി 25ന് രാവിലെ 10 മണിക്ക് ആരംഭിക്കും.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനൊപ്പം മാതൃകാ പെരുമാറ്റച്ചട്ടവും നിലവിൽ വന്നു. മുനിസിപ്പാലിറ്റികൾ, കോർപ്പറേഷൻ വാർഡുകൾ, ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിൽ ഇത് ബാധകമാണ്. ബ്ലോക്ക് പഞ്ചായത്തുകളിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകളിലും പെരുമാറ്റച്ചട്ടം പ്രാബല്യത്തിലായിരിക്കും.
വോട്ടെടുപ്പിനായി 80 പോളിംഗ് ബൂത്തുകൾ സജ്ജീകരിക്കും. അന്തിമ വോട്ടർ പട്ടിക ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും 60,617 വോട്ടർമാർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും കമ്മീഷൻ അറിയിച്ചു. ഇതിൽ 28,530 പുരുഷന്മാരും 32,087 സ്ത്രീകളുമാണ്. വോട്ടർ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലും (www.sec.kerala.gov.in) ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളിലും ലഭ്യമാണ്.
നാമനിർദ്ദേശ പത്രിക സമർപ്പിക്കുമ്പോൾ കെട്ടിവയ്ക്കേണ്ട തുക കോർപ്പറേഷനിൽ 5,000 രൂപ, മുനിസിപ്പാലിറ്റിയിലും ബ്ലോക്ക് പഞ്ചായത്തിലും 4,000 രൂപ, ഗ്രാമപഞ്ചായത്തിൽ 2,000 രൂപ എന്നിങ്ങനെയാണ്. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്ക് ഈ തുകയുടെ പകുതിമാത്രം മതിയാകും. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന തീയതി മുതൽ 30 ദിവസത്തിനകം സ്ഥാനാർഥികൾ അവരുടെ തെരഞ്ഞെടുപ്പ് ചെലവ് കണക്ക് അതാത് തദ്ദേശസ്ഥാപന സെക്രട്ടറിക്ക് സമർപ്പിക്കണം.