സംസ്ഥാനത്ത് പുതിയ സെൻട്രൽ ജയിൽ സ്ഥാപിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. തിരുവനന്തപുരത്തിനും വിയ്യൂരിനും ഇടയിൽ ഏറ്റവും അനുയോജ്യമായ സ്ഥലം കണ്ടെത്തി പുതിയ ജയിൽ നിർമ്മാണത്തിന് നടപടി സ്വീകരിക്കാൻ നിർദ്ദേശമുണ്ട്.
![](https://wayanadvartha.in/wp-content/uploads/2025/01/WhatsApp-Image-2025-01-24-at-11.40.47_c9a25517.jpg)
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
ജയിലുകളിലെ വർദ്ധിച്ച തടവുകാരുടെ എണ്ണം പരിഹരിക്കാനും സൗകര്യങ്ങൾ മെച്ചപ്പെടുത്താനും നടപടികൾ വേണമെന്ന് സുപ്രീം കോടതി നിർദേശിച്ച സാഹചര്യത്തിലാണ് ഈ നീക്കം. ജയിലുകളിൽ നേരിടുന്ന അപര്യാപ്തതകൾ വിലയിരുത്തി പരിഹാര മാർഗങ്ങൾ നിർദേശിക്കാൻ ഉന്നതതല സമിതി രൂപീകരിക്കും. ആഭ്യന്തര വകുപ്പിന്റെ അഡീഷനൽ ചീഫ് സെക്രട്ടറി, ധനകാര്യ വകുപ്പിന്റെ അഡീഷനൽ ചീഫ് സെക്രട്ടറി, ജയിൽ ഡിജിപി എന്നിവരടങ്ങിയ സമിതി മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കേണ്ടതാണെന്ന് തീരുമാനിച്ചിട്ടുണ്ട്.
നിലവിൽ തടവുകാർ കൂടുതലുള്ള ജയിലുകളിൽ നിന്ന് ഭാരം കുറവുള്ള ജയിലുകളിലേക്ക് മാറ്റിപ്പാർപ്പിക്കൽ നടപ്പാക്കും. കൂടാതെ, വിയ്യൂരിനും തിരുവനന്തപുരത്തിനുമിടയിൽ പുതിയ സെൻട്രൽ ജയിൽ സ്ഥാപിക്കാനും പത്തനംതിട്ട, തളിപ്പറമ്പ് എന്നിവിടങ്ങളിൽ പുതിയ ജയിലുകൾ നിർമ്മിക്കാൻ നടപടികൾ വേഗത്തിലാക്കാനും തീരുമാനമായിട്ടുണ്ട്. ജയിലുകളിലെ അറ്റകുറ്റപ്പണികൾ ത്വരിതപ്പെടുത്താനും പുതിയ സെല്ലുകൾ പണിയാനും നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
യോഗത്തിൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, അഡീഷനൽ ചീഫ് സെക്രട്ടറിമാരായ ഡോ. എ. ജയതിലക്, ബിശ്വനാഥ് സിന്ഹ, സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ്, ജയിൽ ഡിജിപി ബൽറാം കുമാർ ഉപാധ്യായ എന്നിവർ പങ്കെടുത്തു.