ഇന്നുമുതല്‍ ഒരുദിവസം 50 പേര്‍ക്കുമാത്രം ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റുകള്‍ ചുരുക്കാൻ മന്ത്രിയുടെ നിർദേശം. മന്ത്രി കെബി ഗണേഷ്‌കുമാര്‍ ഓണ്‍ലൈനില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ദിവസം പരമാവധി 50 ഡ്രൈവിങ് ടെസ്റ്റുകള്‍ മാത്രമായി ചുരുക്കാനുള്ള തീരുമാനം. മന്ത്രിയുടെ നിർദേശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. പുതിയ പരിഷ്കരണം അറിയാതെ നേരത്ത ടെസ്റ്റിന് ഡേറ്റ് കിട്ടിയതിനുസരിച്ച് എത്തിയ പലരും പ്രതിഷേധിച്ചു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

മിക്ക ഓഫീസുകളിലും കൂടുതല്‍ അപേക്ഷകര്‍ക്ക് ഇന്ന് ടെസ്റ്റിന് അവസരം നല്‍കിയിട്ടുണ്ട്. എണ്ണം പരിമിതപ്പെടുത്തുന്ന നിർദേശം വിചിത്രമാണെന്നും ബഹിഷ്‌കരണം ഉൾപ്പെടെയുള്ള പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്നും ഓള്‍ കേരള ഡ്രൈവിങ് സ്‌കൂള്‍ ഇന്‍സ്‌ക്രടേഴ്‌സ് ആന്‍റ് വര്‍ക്കേഴ്‌സ് അസോസിയേഷൻ അറിയിച്ചു.

നിലവിൽ സംസ്ഥാനത്ത് 86 ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടുകളാണ് ഉള്ളത്. 180 ഡ്രൈവിങ് ടെസ്റ്റുകള്‍വരെ നടത്തുന്ന ഓഫീസുകൾ ഇതിലുണ്ടെന്നാണ് റിപ്പോർട്ട്. ആറുമാസമായി ടെസ്റ്റിന് കാത്തിരിക്കുന്നവർ വരെ വെയിറ്റിങ് ലിസ്റ്റിലിരിക്കേ നിലവില്‍ തീയതി കിട്ടിയ എല്ലാവരുടെയും ടെസ്റ്റ് നടത്തണമെന്നാണ് ആവശ്യം ഉയരുന്നത്.

മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഒരുദിവസം 50 പേരുടെ ടെസ്റ്റ് നടത്തിയാല്‍ മതിയെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍ നിർദേശം നൽകിയത്. 100 മുതൽ 180 വരെ ടെസ്റ്റ് നടത്തുന്ന സ്ഥലങ്ങളിൽ ആരെയാണ് ഒഴിവാക്കേണ്ടതെന്നും എന്ത് മാനദണ്ഡമാണ് സ്വീകരിക്കേണ്ടന്നും വ്യക്തതയില്ലെന്നാണ് ഡ്രൈവിങ് സ്‌കൂളുകൾ പറയുന്നത്.

ഗതാഗത മന്ത്രിയായി ചുമതലയേറ്റെടുത്തതിന് പിന്നാലെ തന്നെ ഡ്രൈവിങ്ങ് ലൈസന്‍സുകളുടെ എണ്ണം കുറയ്ക്കുമെന്ന് ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു. കര്‍ശനമായ ടെസ്റ്റുകള്‍ക്ക് ശേഷമായിരിക്കും ലൈസന്‍സ് അനുവദിക്കുകയെന്നും, ദിവസേന 500 ലൈസന്‍സ് കൊടുത്ത് ഗിന്നസ് ബുക്കില്‍ കയറണമെന്ന് മോട്ടോര്‍ വാഹന വകുപ്പിന് യാതൊരു ആഗ്രഹവുമില്ലെന്നും മന്ത്രി നേരത്തെ തന്നെ പറഞ്ഞിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top