ടൗൺഷിപ്പ് നിർമാണം ഈ മാസം ആരംഭിക്കും; ചെലവിൽ പങ്കാളികളായി സർക്കാരും സ്പോൺസർമാരും!

മുണ്ടക്കൈ-ചൂരൽമല പുനരധിവാസ പദ്ധതിയുടെ ഭാഗമായി എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമിക്കുന്ന ടൗൺഷിപ്പിന്റെ പ്രവർത്തനങ്ങൾ ഈ മാസം ആരംഭിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. ടൗൺഷിപ്പിനായി ഭൂമി ഏറ്റെടുക്കൽ നടപടികൾ 15 ദിവസത്തിനകം പൂർത്തിയാക്കുമെന്ന് അദ്ദേഹം അറിയിച്ചു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

ദുരന്തബാധിതരിൽ വീട് നഷ്ടപ്പെട്ടവരുടെ പട്ടികയിൽ ഉൾപ്പെട്ടവർക്ക് അവരുടെ ഓപ്ഷൻ തിരഞ്ഞെടുക്കാനായി മാർച്ച് 10, 11, 12 തീയതികളിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഹിയറിങ് സംഘടിപ്പിക്കും. ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് സ്റ്റേ ഉണ്ടാകില്ലെന്ന കോടതി നിർദേശത്തെ തുടർന്ന് പ്രവർത്തനം അതിവേഗം പൂർത്തിയാക്കും. ടോപ്പോഗ്രഫിക്കൽ, ജിയോഗ്രഫിക്കൽ, ഹൈഡ്രോഗ്രാഫിക്കൽ പരിശോധനകൾ ഉൾപ്പെടെയുള്ള പ്രാരംഭ പഠനങ്ങൾ പൂർത്തിയായതായി മന്ത്രി പറഞ്ഞു.

ദുരന്തത്തിൽ പൂർണമായി വീട് നഷ്ടപ്പെട്ടവർക്ക് നേരത്തെ അഞ്ചു സെന്റ് ഭൂമി നിശ്ചയിച്ചിരുന്നെങ്കിലും നിലവിൽ ഏഴ് സെന്റ് നൽകാനാണ് തീരുമാനം. ഇതിനനുസരിച്ച് ടൗൺഷിപ്പ് ഡിസൈനിലും മാറ്റം വരുത്തും. പ്രോജക്ടിനായി സ്പോൺസർമാർ 20 ലക്ഷം രൂപ വീതം സംഭാവന ചെയ്യുന്നതാണ് ആലോചന. ബാക്കിയുള്ള തുക സർക്കാർ വഹിക്കും.

ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച പരാതികൾ മാർച്ച് 13 വരെ നൽകാം. രണ്ടാഴ്ചയ്ക്കകം അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കും. ദുരന്തബാധിത പ്രദേശങ്ങളിലെ റോഡുകളും പാലങ്ങളും പുനർനിർമിക്കുമെന്നും ബെയ്ലി പാലത്തിന് പകരം കൂടുതൽ സുരക്ഷിതമായ ഒരു റെസ്ക്യു ബ്രിഡ്ജ് സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ദുരന്തബാധിതർക്കുള്ള സാമ്പത്തിക സഹായം ഒൻപത് മാസത്തേക്ക് നീട്ടാനാണ് സർക്കാർ ആലോചിക്കുന്നത്. നേരത്തെ വിതരണം ചെയ്ത ഭക്ഷ്യകിറ്റുകൾക്ക് പകരമായി, സപ്ലൈക്കോയിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നതിനായി 1000 രൂപയുടെ കാർഡുകൾ നൽകാനാണ് തീരുമാനം.

വിലങ്ങാടിയിലേക്കുള്ള പരിപാലന നടപടികൾക്കായി പ്രത്യേക യോഗം ചേർന്ന് ഉടൻ തീരുമാനമെടുക്കുമെന്നും, പുനരധിവാസ നടപടികൾ ത്വരിതപ്പെടുത്താൻ സർക്കാർ ഉറച്ച മനസ്സോടെയാണെന്നും മന്ത്രി വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top