വേനൽക്കാലത്ത് കാട്ടുതീ ഭീഷണി ശക്തമായ പശ്ചാത്തലത്തിൽ വയനാട് വന്യജീവിസങ്കേതത്തിൽ നിരീക്ഷണ നടപടികൾ കർശനമാക്കി. വരൾച്ചയും തീറ്റ-വെള്ളം കിട്ടിയില്ലായ്മയും മൂലം വന്യമൃഗങ്ങൾ ജനവാസ മേഖലകളിൽ എത്താൻ സാധ്യതയുള്ളതിനാൽ വനം വകുപ്പ് അതീവ ജാഗ്രതയിലാണ്. കാട്ടുതീ പ്രതിരോധത്തിനും വന്യമൃഗങ്ങളുടെ നീക്കങ്ങൾ നിരീക്ഷിക്കാനും സങ്കേതത്തിൽ 50 ലൈവ് ക്യാമറകളും 100 ക്യാമറ ട്രാപ്പുകളുമാണ് സ്ഥാപിച്ചത്. കൂടാതെ, രണ്ട് ഡ്രോണുകളുപയോഗിച്ച് 24 മണിക്കൂർ നിരീക്ഷണ സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
ഫയർ വാച്ച് ടവറുകളിലും താൽക്കാലിക മച്ചാനുകളിലും വാച്ചർമാരും വനപാലകരും റൗണ്ട്-ദി-ക്ലോക്ക് പട്രോളിങ് നടത്തുന്നു. വനത്തിലെ കുടിവെള്ള സ്രോതസ്സുകൾ നിലനിർത്തുന്നതിനും വേനൽ മൂലം വറ്റിപ്പോകുന്ന ജലാശയങ്ങൾ സംരക്ഷിക്കുന്നതിനും വനം വകുപ്പ് പ്രത്യേക പ്രവർത്തനങ്ങൾ ആവിഷ്‌കരിച്ചിട്ടുണ്ട്. വനത്തിന്റെ സ്വാഭാവിക സമതുലിതാവസ്ഥ നിലനിർത്തുന്നതിനായി നീർച്ചാലുകളിലും മറ്റ് ജലസ്രോതസ്സുകളിലും ബ്രഷ് വുഡ് ചെക്ക് ഡാമുകൾ നിർമ്മിച്ച് ജലസംഭരണ ശേഷി വർദ്ധിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. വയനാട് വന്യജീവിസങ്കേതത്തിന്റെ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന നാഗർഹോൾ, ബന്ദിപ്പൂർ (കർണാടക), മുതുമല (തമിഴ്നാട്) കടുവ സങ്കേതങ്ങളിൽ വരൾച്ച രൂക്ഷമായതിനാൽ അവിടത്തുനിന്ന് വന്യമൃഗങ്ങൾ കുടിവെള്ളത്തിനായി വയനാടിലേക്ക് കുടിയേറുന്നത് വനം വകുപ്പ് ശ്രദ്ധയോടെ നിരീക്ഷിച്ചു വരികയാണ്.