ഡ്രൈവിംഗ് ടെസ്റ്റില്‍ ക്രമക്കേടുകള്‍ : മോട്ടോര്‍ വാഹന വകുപ്പിനെതിരെ ഓഡിറ്റ് റിപ്പോര്‍ട്ട്

മോട്ടോർ വാഹന വകുപ്പ് നടത്തുന്ന ഡ്രൈവിംഗ് ടെസ്റ്റുകളിലെ ക്രമക്കേടുകൾക്കു മേലുള്ള ആശങ്ക പ്രകടിപ്പിച്ച് അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റ് റിപ്പോർട്ട്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve

പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ നൽകിയ ഈ റിപ്പോർട്ടിൽ, ഡ്രൈവറുടെ കാര്യക്ഷമതയും റോഡ് സുരക്ഷയും തമ്മിലുള്ള ബന്ധം വളരെയേറെ പ്രധാനമാണെന്നു ചൂണ്ടിക്കാട്ടുന്നു. ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ റിപ്പോർട്ട് പ്രകാരം, 75 ശതമാനത്തോളം വാഹനാപകടങ്ങൾ ഡ്രൈവറുടെ അശ്രദ്ധയാണ് കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ ഡ്രൈവിംഗ് ടെസ്റ്റുകൾ നിയമാനുസൃതമാണോ എന്നത് പരിശോധിച്ചത്. പരിശോധനയുടെ ഭാഗമായി, വകുപ്പിലെ ഉദ്യോഗസ്ഥർക്കൊപ്പം ജോയിന്റ് ഫിസിക്കൽ വേരിഫിക്കേഷൻ നടത്തിയിരുന്നു. സംസ്ഥാനത്തെ 10 ഓഫീസുകളിലാണ് പരിശോധന നടത്തിയത്, ഇതിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. മാനുവൽ ടെസ്റ്റുകൾ നടക്കുന്ന സ്ഥലങ്ങളിൽ നിർബന്ധമായ പാർക്കിംഗ് ടെസ്റ്റിനായി പാർക്കിംഗ് ട്രാക്ക് ഉണ്ടാകണമെന്നത് കേന്ദ്ര നിയമപ്രകാരം അനിവാര്യമാണ്. കൂടാതെ, ട്രാൻസ്പോർട്ട് കമ്മീഷണറുടെ സർക്കുലറിലുമുണ്ട്. എന്നാൽ, പരിശോധന നടത്തിയ ഏതെങ്കിലും സ്ഥലങ്ങളിലും പാർക്കിംഗ് ട്രാക്ക് ഉണ്ടായിരുന്നില്ല. അതേസമയം, ടെസ്റ്റിന് ഉപയോഗിക്കുന്ന ചില വാഹനങ്ങൾക്ക് രജിസ്ട്രേഷൻ പുതുക്കിയിട്ടില്ലെന്ന ഗുരുതരമായ കണ്ടെത്തലുകളും റിപ്പോർട്ടിലുണ്ട്. തൃശൂർ, ഗുരുവായൂർ, വയനാട് എന്നീ ഓഫീസുകളിലെ മൂന്ന് വാഹനങ്ങൾ പുതുക്കാത്ത രജിസ്ട്രേഷനിലായിരുന്നു. കോട്ടയം, കൊടുങ്ങല്ലൂർ മേഖലകളിൽ ടെസ്റ്റിന് ഉപയോഗിച്ച വാഹനങ്ങൾക്ക് പുക പരിശോധന സർട്ടിഫിക്കറ്റില്ലായിരുന്നു. കോട്ടയത്ത് ഡ്രൈവിംഗ് ടെസ്റ്റിന് ഉപയോഗിച്ച അഞ്ചു വാഹനങ്ങൾ 22 വർഷം പഴക്കമുള്ളതാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. റോഡ് സുരക്ഷാ ക്ലാസുകൾ നിർബന്ധമായും നടത്തണമെന്നിരിക്കെ, പരിശോധിച്ച പത്തിൽ എട്ട് ഓഫീസുകളിലും ഇത് നടത്താറില്ല. ടെസ്റ്റിംഗ് ഗ്രൗണ്ടിൽ വീഡിയോഗ്രാഫി നിർബന്ധമാണെന്ന നിർദേശം നിലവിലുണ്ടെങ്കിലും പരിശോധന നടന്ന എല്ലാ ഓഫീസുകളിലും ഇത് പാലിച്ചിരുന്നില്ല. ഡ്രൈവിംഗ് ടെസ്റ്റുകൾക്കായി 960 രൂപ സർവീസ് ചാർജ് ഉൾപ്പെടെ ഈടാക്കിയിട്ടും കുടിവെള്ളം, വെയ്റ്റിംഗ് ഏരിയ, വാഷ് റൂം, മഴനനയാതെ ക്യൂ നിൽക്കാനുള്ള സൗകര്യം തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾപോലും പത്തിൽ എട്ടു സ്ഥലങ്ങളിലും ഉണ്ടായിരുന്നില്ല.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top