കേരളത്തിലേക്ക് പ്രിയങ്ക ഗാന്ധിയുടെ എൻട്രി? സ്ഥാനാർത്ഥി നിർണയത്തിൽ ഭേദഗതിയുമായി കോൺഗ്രസ്

കഴിഞ്ഞ രണ്ട് നിയമസഭ തിരഞ്ഞെടുപ്പിലും നേരിട്ട കനത്ത പരാജയത്തിനു ശേഷം, കേരളത്തില്‍ അധികാരം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിൽ കോൺഗ്രസ് ശക്തമായി രംഗത്തിറങ്ങുന്നു. ഇത്തവണയും പരാജയമാകുമെങ്കിൽ പാർട്ടിക്ക് അതിനുള്ള ആഘാതം ചെറുതായിരിക്കില്ലെന്നതിനാൽ, ഹൈക്കമാൻഡ് കനത്ത നടപടികളാണ് ആലോചിക്കുന്നത്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve

ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, പ്രചാരണത്തിന് വയനാട് എംപി കൂടിയായ പ്രിയങ്ക ഗാന്ധിയെ നേരിട്ട് ഇറക്കാൻ പാർട്ടി ആലോചിക്കുന്നു. കോൺഗ്രസ് സംസ്ഥാന ഘടകത്തിൽ ആഭ്യന്തര തർക്കങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ, പ്രിയങ്കയുടെ നേതൃത്വത്തിൽ ഒരു പ്രത്യേക പ്രചാരണ കമ്മിറ്റി രൂപീകരിക്കാനും, പ്രചരണത്തിന്റെ പൂർണ ചുമതല അതിന് നൽകാനുമാണ് നീക്കം. സ്ഥാനാർത്ഥി നിർണ്ണയത്തിലും വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്ന സൂചനകളുമുണ്ട്. മുൻ കെ.പി.സി.സി പ്രസിഡന്റുമാരായ മുല്ലപ്പള്ളി രാമചന്ദ്രൻ, വി.എം. സുധീരൻ, മുൻമന്ത്രി എൻ. ശക്തൻ എന്നിവരെ തിരഞ്ഞെടുപ്പ് മത്സരത്തിന് ഇറക്കാൻ പാർട്ടിയിൽ ആലോചന നടക്കുന്നു. തുടർച്ചയായി ഒരു എം.എൽ.എ പോലുമില്ലാത്ത കോഴിക്കോട്, മുല്ലപ്പള്ളി രാമചന്ദ്രനെ മത്സരിപ്പിക്കുന്നത് പാർട്ടിക്ക് ഗുണകരമാകുമെന്ന് നേതൃത്വം വിലയിരുത്തുന്നു. തൃശൂരിൽ വി.എം. സുധീരനെയും, തിരുവനന്തപുരത്ത് എൻ. ശക്തനെയും മത്സരിപ്പിക്കാനുള്ള സാധ്യതകളും ശക്തമാണ്. കഴിഞ്ഞ തവണ നഷ്ടമായ നാടാർ വോട്ടുകൾ തിരിച്ചുപിടിക്കാൻ ശക്തനെ തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാക്കണമെന്നതും ആലോചനയിൽ ഉൾപ്പെടുന്നു. മികച്ച പൊതുസമ്മതരായ സ്ഥാനാർത്ഥികളെ പരീക്ഷിക്കാനും പാർട്ടി ഒരുങ്ങുകയാണ്. കേരളത്തിൽ പൊതുവേ ബി.ജെ.പി ആണ് കൂടുതൽ പൊതുസമ്മതരായ സ്ഥാനാർത്ഥികളെ ഇറക്കാറുള്ളത്, എന്നാൽ ഇത്തവണ കോൺഗ്രസും അതേ രീതിയിൽ നീങ്ങാൻ തയാറെടുക്കുന്നു. എന്നിരുന്നാലും, പാർട്ടിയ്ക്കുള്ളിലെ തർക്കങ്ങളും ഏകോപനമില്ലായ്മയും തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിൽ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. കോൺഗ്രസിന്റെ പ്രധാന തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ സുനിൽ കനഗൊലു ഇതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടുകളുണ്ട്. ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് ശക്തമായിരിക്കുമ്പോൾ, ആഭ്യന്തര കലഹങ്ങൾ പാർട്ടിയെ ബാധിക്കുമെന്നും, അതിനെക്കുറിച്ച് സാവധാനം സമീപിക്കേണ്ടതുണ്ടെന്നും ഹൈക്കമാൻഡിന് നൽകിയ റിപ്പോർട്ടിൽ അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന ചുമതല വഹിക്കുന്ന ദീപദാസ് മുൻഷിയുമായുള്ള കൂടിക്കാഴ്ചയിൽ ഘടകക്ഷികളും പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ സംബന്ധിച്ച് ആശങ്ക പങ്കുവച്ചതായും റിപ്പോർട്ടുകളിൽ പറയുന്നു. ഈ പ്രശ്നങ്ങൾ നിയന്ത്രിക്കാൻ കഴിയില്ലെങ്കിൽ, കോൺഗ്രസിന് വീണ്ടും പ്രതിപക്ഷ ബെഞ്ചുകളിലൊതുങ്ങേണ്ടി വരുമെന്ന് പല നേതാക്കളും മുന്നറിയിപ്പ് നൽകുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top