പുൽപള്ളി : വേനൽ രൂക്ഷമാവും തോറും കിണറുകളിലെ വെള്ളം വറ്റി തുടങ്ങി. ജനങ്ങൾ വെള്ളമില്ലാതെ പ്രതിസന്ധിയിലാണ്. ചാമംകൊല്ലി, കുളത്തൂർ ഭാഗങ്ങളിൽ ഒരു ഡസനോളം കിണറുകൾ വറ്റി. ഏറെ ആഴമുള്ള കിണറുകളടക്കം തുള്ളിവെള്ളമില്ലാതെ വരണ്ടു. ആഴ്ചയിലൊരിക്കൽ എത്തുന്ന ജലനിധി വെള്ളം മാത്രമാണ് ഇപ്പോൾ പലരുടെയും ആശ്രയം. വേനൽ പകുതിയായപ്പോഴേക്കും കിണറുകൾ വറ്റിയതിന്റെ ആശങ്കയിലാണു ജനം. കബനി വറ്റിയാൽ പൈപ്പ് ജലവിതരണവും നിലയ്ക്കും. അലക്കാനും കുളിക്കാനും കുളത്തിലോ തോട്ടുവക്കിലോ പോകാമെന്നു വച്ചാലും ഫലമില്ല. അവയിലും തുള്ളിവെള്ളമില്ല. കടമാൻ തോട് വറ്റിയതോടെ സമീപത്തെ കിണറുകളിലും ജലനിരപ്പു താണു. മോട്ടർ ഉപയോഗിച്ച് വെള്ളമെടുക്കാൻ കഴിയാത്തവർ ബക്കറ്റിൽ വെള്ളം കോരിയെടുക്കുന്നു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
പുൽപള്ളി ക്ഷേത്രക്കുളത്തിനു സമീപത്തുനിന്നാരംഭിച്ച് ചൈന്തവഴി ഒഴുകിയിരുന്ന കുളത്തൂർ തോട് വറ്റിയതിനു പിന്നാലെയാണു പ്രദേശത്തെ കിണറുകളിലും വെള്ളമില്ലാതായത്. ആഴമുള്ള കുഴൽക്കിണറുകളിലും ജലനിരപ്പു താണു. 10 മിനിറ്റ് പമ്പിങ് നടത്തിയാൽ നിറഞ്ഞിരുന്ന സംഭരണികൾ നിറയാൻ ഇപ്പോൾ അര മണിക്കൂറിലേറെ എടുക്കുന്നു. കിണറുകൾ ഇതുപോലെ വറ്റിയ അവസ്‌ഥ മുൻപുണ്ടായിട്ടില്ലെന്നു നാട്ടുകാർ പറയുന്നു.