ഇതുവരെ ഐ.എല്‍.ജി.എം.എസ്, സേവന, സഞ്ചയ, സകർമ സുലേഖ തുടങ്ങിയ വിവിധ സോഫ്റ്റ്വെയറുകളാണ് പഞ്ചായത്തുകളില്‍ ഉപയോഗിച്ചിരുന്നത്. ഇപ്പോഴത് ഒഴിവാക്കി ഏകീകൃത സോഫ്റ്റ്വെയറായി കെ-സ്മാര്‍ട്ട് നടപ്പിലാക്കുകയാണ്. മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും ഒരു വര്‍ഷം മുമ്പ് കെ-സ്മാര്‍ട്ട് സംവിധാനം നടപ്പാക്കിയിരുന്നു. നേരത്തെ കാണപ്പെട്ട പോരായ്മകള്‍ പരിഹരിച്ച ശേഷമാണ് ഗ്രാമപഞ്ചായത്തുകളിലേക്കും ഇത് വ്യാപിപ്പിക്കുന്നത്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/CyrYFy1m4b928e7srkZyve
പുതിയ സോഫ്റ്റ്വെയര് വരുന്നതോടെ പഞ്ചായത്ത് ഓഫീസുകളിലെ മുഖാമുഖ സേവനങ്ങള്‍ പരിഷ്കരിക്കും. ജനങ്ങള്‍ക്ക് ഇനി ഓഫിസുകളിലെത്താതെ തന്നെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനും സേവനങ്ങള്‍ ലഭിക്കാനും കഴിയും. ഇതിനായി അക്ഷയ കേന്ദ്രങ്ങളെയും മറ്റ് ഡിജിറ്റല്‍ സേവന കേന്ദ്രങ്ങളെയും ഉപയോഗിക്കാം.
അവശ്യസൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനായി എല്ലാ പഞ്ചായത്ത് ഓഫീസുകളിലും സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തനം ആരംഭിക്കും. ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിക്കാന്‍ പ്രയാസം അനുഭവിക്കുന്നവര്‍ക്ക് ഇവിടങ്ങളില്‍ നിന്ന് ആവശ്യമായ സഹായം ലഭ്യമാക്കും. ഫെസിലിറ്റേഷന്‍ സെന്ററുകളുടെ നടത്തിപ്പിന് പഞ്ചായത്ത് ടെക്നിക്കല്‍ അസിസ്റ്റന്റുമാര്‍ക്ക് ചുമതല നല്കി സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.