ഗുഡാലൂർ :നെല്ലാക്കോട്ട പഞ്ചായത്തിലെ പാട്ടവയല്‍ മേഖലയില്‍ കാട്ടാന ശല്യം അതിരൂക്ഷം. പൊറുതിമുട്ടി ജനം. പാട്ടവയല്‍, കൈവട്ട, ബിദർക്കാട്, മാണിവയല്‍, വെള്ളരി ഭാഗങ്ങളിലാണ് കാട്ടുകൊന്പൻമാർ ഭീതി പരത്തുന്നത്.പകല്‍ സമയങ്ങളില്‍ വനമേഖലയില്‍ കഴിയുന്ന ആനകള്‍ നേരം ഇരുട്ടിയാല്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങുകയാണ് ചെയ്യുന്നത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
വീടുകള്‍ക്ക് സമീപം തീകൂട്ടിയാണ് ആനകളുടെ വരവ് തടയുന്നത്. കേരള-തമിഴ്നാട് അതിർത്തി മേഖലയായ പാട്ടവയല്‍ അതിർത്തി ചെക്പോസ്റ്റില്‍ കാട്ടാന വാഹനങ്ങള്‍ക്ക് നേരെ തിരിയുന്നത് നിത്യസംഭവമാണ്.
കാട്ടാനകളുടെ സാന്നിധ്യമുണ്ടെന്നും അതുകൊണ്ട് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആവശ്യപ്പെട്ട് ഇന്നലെ പാട്ടവയല്‍ ചെക്പോസ്റ്റില്‍ മൈക്കിലൂടെ വനംവകുപ്പ് പൊതുജനങ്ങളെ ബോധവത്കരിച്ചിരുന്നു. ജാഗ്രത പാലിക്കണമെന്നും അസമയങ്ങളില്‍ വീടുകളില്‍ നിന്ന് ഇറങ്ങി നടക്കരുതെന്നും കാട്ടാനകളെ കണ്ടാല്‍ ഉടനെ വനംവകുപ്പിനെ വിവരം അറിയിക്കണമെന്നും നിർദേശം നല്‍കിയിട്ടുണ്ട്.
ആദിവാസി ഗ്രാമങ്ങളിലും ബോധവത്കരണം നല്‍കിയിട്ടുണ്ട്. ചക്ക സീസണ്‍ തുടങ്ങിയതോടെ ചക്കപ്പഴം ഭക്ഷിക്കാനിറങ്ങുന്ന ആനകള്‍ ജനങ്ങള്‍ക്ക് കടുത്ത ഭീഷണിയാണുയർത്തുന്നത്.