ലോക്സഭാ തെരഞ്ഞെടുപ്പ്: വോട്ടെണ്ണലിന് വയനാട് ഒരുങ്ങി

വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടെണ്ണലിന് ക്രമീകരണങ്ങള്‍ ഒരുക്കിയതായി ജില്ലാ കളക്ടർ ഡോ. രേണു രാജ്, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ എൻ.എം.മെഹറലി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി. റഷീദ് ബാബു എന്നിവർ വാർത്താസമ്മേളനത്തില്‍ അറിയിച്ചു. മൂന്ന് കേന്ദ്രങ്ങളിലാണ് മണ്ഡലത്തിലെ വോട്ടെണ്ണല്‍.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!

കല്‍പ്പറ്റ, മാനന്തവാടി, ബത്തേരി നിയമസഭാ മണ്ഡലങ്ങളിലെ വോട്ട് മുട്ടില്‍ ഡബ്ല്യുഎംഒ ആർട്സ് ആൻഡ് സയൻസ് കോളജിലാണ് എണ്ണുക. നിലന്പൂർ, ഏറനാട്, വണ്ടൂർ നിയമസഭാ മണ്ഡലങ്ങളിലെ വോട്ട് നിലന്പൂർ ചുങ്കത്തറ മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിലും തിരുവന്പാടി നിയോജകമണ്ഡലത്തിലേത് താമരശേരി സെന്‍റ് അല്‍ഫോൻസ സീനിയർ സെക്കൻഡറി സ്കൂളിലുമാണ് എണ്ണുക. ഇതിനു നിയോഗിച്ച അസിസ്റ്റന്‍റ് റിട്ടേണിംഗ് ഓഫീസർമാർ, മൈക്രോ ഒബ്സർവർമാർ, കൗണ്ടിംഗ് സൂപ്പർവൈസർമാർ, കൗണ്ടിംഗ് അസിസ്റ്റന്‍റുമാർ എന്നിവർക്കുള്ള രണ്ടാംഘട്ട പരിശീലനം പൂർത്തിയായി.

മൂന്നാംഘട്ട പരിശീലനം മൂന്നിന് സിവില്‍ സ്റ്റേഷനിലെ ഡോ. എ.പി. ജെ ഹാളില്‍ നടക്കും. നാലിന് രാവിലെ എട്ടിന് വോട്ടെണ്ണല്‍ തുടങ്ങും. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. ഇതിനു മുട്ടില്‍ ഡബ്ല്യുഎംഒ ആർട്സ് ആൻഡ് സയൻസ് കോളജില്‍ മൂന്ന് ഹാളുകളില്‍ 24 ടേബിള്‍ സജ്ജമാക്കും. 11,000 ത്തോളം തപാല്‍ വോട്ടാണ് പ്രതീക്ഷിക്കുന്നത്. റിട്ടേണിംഗ് ഓഫീസറുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രീകൗണ്ടിംഗിനു 10 ടേബിളാണ് സജ്ജമാക്കുക. മണ്ഡലത്തിലെ മുഴുവൻ തപാല്‍ വോട്ടുകളും മുട്ടില്‍ ഡബ്ല്യുഎംഒ ആട്സ് ആൻഡ് സയൻസ് കോളജിലാണ് എണ്ണുന്നത്. 8.30ന് ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും. ഇതിനു അസിസ്റ്റന്‍റ് റിട്ടേണിംഗ് ഓഫീസർമാരുടെ നേതൃത്വത്തില്‍ 14 വീതം ടേബിള്‍ ക്രമീകരിക്കും. പോളിംഗ് സ്റ്റേഷനുകള്‍ കുറവുള്ള ഏറനാട് മണ്ഡലത്തില്‍ 12 ടേബിളിലാണ് വോട്ട് എണ്ണുക. സ്ഥാനാർഥികളുടെ ഏജന്‍റുമാരുടെ സാന്നിധ്യത്തിലായിരിക്കും വോട്ടെണ്ണല്‍. ഒന്ന് മുതല്‍ 14 വരെ പോളിംഗ് സ്റ്റേഷനുകളിലെ വോട്ടാണ് ആദ്യ റൗണ്ടില്‍ എണ്ണുക. മണ്ഡലത്തില്‍ മൂന്ന് കൗണ്ടിംഗ് ഒബ്സർവർമാരെ നിയോഗിച്ചിട്ടുണ്ട്.

സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കൗണ്ടിംഗ് ഹാളുകളില്‍ സിസിടിവി നിരീക്ഷണം ഉറപ്പാക്കും. തത്സമയം ഫലം അറിയാൻ മുട്ടില്‍ ഡബ്ല്യുഎംഒ ആട്സ് ആൻഡ് സയൻസ് കോളജില്‍ മീഡിയ സെന്‍റർ സജ്ജീകരിക്കും. പോസ്റ്റല്‍, ഇവിഎം വോട്ടെണ്ണല്‍ പൂർത്തീകരിച്ചശേഷമാണ് ഒൗദ്യോഗിക ഫലപ്രഖ്യാപനം നടക്കുക. വോട്ടെണ്ണലിനുശേഷം ഇലക് ട്രോണിക് യന്ത്രങ്ങള്‍ അതത് അസിസ്റ്റന്‍റ് റിട്ടേണിംഗ് ഓഫീസർമാരുടെ നേതൃത്വത്തില്‍ സീല്‍ ചെയ്ത് വെയർഹൗസുകളില്‍ സൂക്ഷിക്കും.സ്ട്രോംഗ് മുറികള്‍ കനത്ത സുരക്ഷയിലാണ്. കേന്ദ്ര ആംഡ് പോലീസ്, സംസ്ഥാന ആംഡ് പോലീസ്, സംസ്ഥാന പോലീസ് എന്നിവർ 24 മണിക്കൂറും മുട്ടില്‍ ഡബ്ല്യുഎംഒ കോളജിലെ സ്ട്രോംഗ് റൂമിന് സുരക്ഷയൊരുക്കുന്നുണ്. നാലിന് രാവിലെ 6.30ന് റിട്ടേണിംഗ് ഓഫീസർ, അസിസ്റ്റന്‍റ് റിട്ടേണിംഗ് ഓഫീസർമാർ, സ്ഥാനാർഥികളുടെ ഏജന്‍റുമാർ എന്നിവരുടെ സാന്നിധ്യത്തില്‍ സ്ട്രോംഗ് റൂമുകള്‍ തുറക്കും. ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവർക്കും പാസുള്ളവർക്കും മാത്രമായിരിക്കും ഇവിടെ പ്രവേശനം. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും സുരക്ഷ കർശനമാക്കുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top