തരുവണ : കുരുമുളക് കർഷകർക്ക് ആശ്വാസമാകുന്ന വാർത്ത ഇതാ. നീണ്ട ഇടവേളയ്ക്ക് ശേഷം കുരുമുളകിന് വില വർധിക്കുന്നു. ഇക്കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് ക്വിന്റലിന് 1500 രൂപയാണ് കൂടിയത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ 65500 രൂപയ്ക്കാണ് ഒരു ക്വിന്റൽ കുരുമുളകിന്റെ വ്യാപാരം നടന്നത്. കഴിഞ്ഞ മാസം നാടൻ കുരുമുളക് ക്വിന്റലിന് 55000 രൂപയായിരുന്നു. ഒരു മാസം കൊണ്ട് 10500 രൂപയുടെ വർദ്ധനവാണുണ്ടായത്. ജൂൺ മാസം ആദ്യ വാരം നാടൻ കുരുമുളക് ക്വിന്റലിന് 59400 രൂപയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ 70000ന് അടുത്ത് വരെ വന്നിരുനെങ്കിലും വിപണിയിൽ ഇന്നലെ നേരിയ ഇടിവ് അനുഭവപ്പെട്ടിട്ടുണ്ടെങ്കിലും വരും ദിവസങ്ങളിൽ വില കുതിക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്.
മേയിൽ നാടൻ കുരുമുളക് ക്വിന്റലിന് 55000 രൂപയും, ചേട്ടന് 56500 രൂപയും വയനാടന് 57500 രൂപയുമായിരുന്നു. നാടൻ കുരുമുളക് ക്വിന്റലിന് 65500 രൂപയും ചേട്ടന് 67000 രൂപയും വയനാടന് 68000 രൂപയായി ഉയർന്നു.ഇറക്കുമതി കുറഞ്ഞതും ആഭ്യന്തര ഉപഭോഗത്തിനനുസരിച്ച് ഉത്പാദനം നടക്കാത്തതുമാണ് വില ഉയരാന്‍ കാരണം അതിനാൽ തന്നെ ഏറെ പ്രതീക്ഷകളോടെയാണ് കർഷകർ കുരുമുളക് പറിക്കുന്നത്. 2014ൽ കുരുമുളക് കിലോയ്ക്ക് 750 രൂപ വരെ ഉയർന്നിരുന്നു. പിന്നീടുള്ള വർഷങ്ങളിൽ താഴേക്ക് പോയി. പിന്നീട് ഇപ്പോഴാണ് വില കൂടുന്നത്.
അന്താരാഷ്ട്ര വിപണിയിൽ ഉണ്ടായ കുതിപ്പാണ് ഇവിടെയും ഇപ്പോൾ പ്രതിഫലിക്കുന്നതെന്നാണ് വ്യാപാരികൾ പറയുന്നത്. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ കുരുമുളകിന് ടണ്ണിന് 9,200 ഡോളർ വരെ എത്തിയിട്ടുണ്ട്. അതേസമയം, രോഗബാധ കുരുമുളക് കൃഷിയെ അടുത്തകാലത്ത് പ്രതികൂലമായി ബാധിച്ചിരുന്നു. അത്യുത്പാദനശേഷിയുള്ള കുരുമുളക് ഇനങ്ങൾ നട്ടുപിടിപ്പിച്ചെങ്കിലും അവയും പലതരം രോഗങ്ങൾ ബാധിച്ച് നശിക്കുകയുണ്ടായി. ഇത് ഉത്പാദനത്തെയും ബാധിച്ചു. എങ്കിലും ഇപ്പോഴത്തെ വില വർധനവ് കർഷകർക്ക് ആശ്വാസമാണ്.