മനുഷ്യത്വം കൈകോർത്തത് മഹാലക്ഷ്യത്തിലേക്ക്; റഹീമിന്റെ മോചനത്തിനായി 34 കോടി രൂപ സമാഹരിച്ചു

കോഴിക്കോട്: സൗദി അറേബ്യയിൽ വധശിക്ഷ കാത്തുകഴിയുന്ന കോഴിക്കോട് സ്വദേശി അബ്‌ദുൽ റഹീമിന്റെ മോചനം യാഥാർഥ്യമാകുന്നു. റഹീമിൻ്റെ മോചനത്തിനായി ആവശ്യമായ ദയാധനത്തിന് വേണ്ടി നടത്തിയ ക്രൗഡ് ഫണ്ടിങ് 34 കോടി 45 ലക്ഷം പിന്നിട്ടു. ദയാധനം നൽകാൻ രണ്ട് ദിവസം ബാക്കി നിൽക്കെയാണ് ഇത്രയും തുക സമാഹരിക്കാൻ കഴിഞ്ഞത്. സമാഹരിച്ച തുക ഇന്ത്യൻ എംബസി വഴി സൗദി കുടുംബത്തിന് നൽകും.റഹീമിന്റെ ജീവൻ രക്ഷിക്കാനായി സ്വദേശമായ ഫറോക്ക് കോടമ്പുഴയിൽ രൂപംനൽകിയ സന്നദ്ധ കൂട്ടായ്‌മയാണ് ധനസമാഹരണം ഏകോപിപ്പിച്ചത്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

ഇതിനായി സേവ് അബ്ദുൽ റഹീം എന്ന ആപ്പും തുടങ്ങിയിരുന്നു. ബാങ്ക് അക്കൗണ്ടുകൾ, യുപിഐ ഉൾപ്പെടെയുള്ള മാർഗങ്ങൾക്കു പുറമെ ക്രൗഡ് ഫണ്ടിങ് കൂടുതൽ സുതാര്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആപ്പ് ആരംഭിച്ചത്.കഴിഞ്ഞ 18 വർഷമായി ജയിലിൽ കഴിയുകയാണ് അബ്‌ദുൽ റഹീം. 2006ൽ 26-ാം വയസിലാണ് കൊലക്കുറ്റം ചുമത്തപ്പെട്ടു ജയിലിലാകുന്നത്. ഡ്രൈവർ വിസയിൽ സൗദിയിലെത്തിയ റഹീമിന് സ്പോൺസറുടെ, തലയ്ക്കു താഴെ ചലനശേഷി നഷ്ടപ്പെട്ട മകൻ ഫായിസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. കഴുത്തിൽ ഘടിപ്പിച്ചിരുന്ന പ്രത്യേക ഉപകരണം വഴിയായിരുന്നു ഭക്ഷണവും വെള്ളവുമെല്ലാം നൽകിയിരുന്നത്.

2006 ഡിസംബർ 24ന് ഫായിസിനെ കാറിൽ കൊണ്ടുപോകുന്നതിനിടെ കൈ അബദ്ധത്തിൽ കഴുത്തിൽ ഘടിപ്പിച്ച ഉപകരണത്തിൽ തട്ടുകയായിരുന്നു. ഇതേതുടർന്നു ബോധരഹിതനായ ഫായിസ് വൈകാതെ മരിക്കുകയും ചെയ്തു. സംഭവത്തിനു പിന്നാലെ സൗദി പൊലീസ് റഹീമിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. റിയാദ് കോടതി വധശിക്ഷ വിധിക്കുകയും ചെയ്‌തു. ഇതിനുശേഷം യുവാവിന്റെ മോചനത്തിനായി ഉന്നതതലത്തിൽ പലതവണ ഇടപെടലുണ്ടായെങ്കിലും കുടുംബം മാപ്പുനൽകാൻ തയാറായിരുന്നില്ല. നിരന്തര പരിശ്രമങ്ങൾക്കൊടുവിലാണ് 34 കോടി രൂപയുടെ ബ്ലഡ് മണി(ദയാധനം) എന്ന ഉപാധിയിൽ ഇപ്പോൾ മാപ്പുനൽകാൻ ഫായിസിന്റെ കുടുംബം സമ്മതിച്ചത്.സാമൂഹിക പ്രവർത്തകർ ചേർന്ന് കമ്മിറ്റി രൂപീകരിച്ച് ക്രൗഡ് ഫണ്ടിങ് ആരംഭിച്ചു. പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ സംസ്ഥാന വ്യാപകമായി പണപ്പിരിവുമായി യാചകയാത്ര പ്രഖ്യാപിച്ചതോടെ ധനസമാഹരണം കൂടുതൽ എളുപ്പമായി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top